Breaking News

ഖിഫ് അന്തര്‍ജില്ലാ ഫുട്‌ബോള്‍ ഒക്ടോബര്‍ 19 ന് തുടങ്ങും

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം (ഖിഫ്) ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനുമായും ഇന്ത്യന്‍ എംബസിയുമായും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററുമായും സഹകരിച്ച് വര്‍ഷംതോറും സംഘടിപ്പിക്കുന്ന ഖത്തര്‍ കേരള അന്തര്‍ജില്ലാ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ പതിനാലാം പതിപ്പിന് ഒക്ടോബര്‍ 19 ന് വ്യാഴാഴ്ച തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ടീമുകള്‍ ജൂലായ് 15-നകം റജിസ്റ്റര്‍ ചെയ്യണം. ഖത്തറില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ജില്ലാ സംഘടനകള്‍ക്കും മുഖ്യധാര സംഘടനകളുടെ ജില്ലാ ഘടകങ്ങള്‍ക്കുമാണ് റജിസ്റ്റര്‍ ചെയ്യാനാവുക.
ക്യു.എഫ്.എ റഫറിമാര്‍ നിയന്ത്രിക്കുന്നതും ജി.സി.സിയില്‍ ഏറ്റവും ജന സ്വീകാര്യതയുമുള്ള തുമായ പ്രവാസി കാല്‍പ്പന്തുമേളയാണ് ഖിഫ് ടൂര്‍ണമെന്റ്.
2007 മുതല്‍ 13 എഡിഷനുകള്‍ തുടര്‍ച്ചയായി സംഘടിപ്പിക്കപ്പെട്ട ടൂര്‍ണ്ണമെന്റ് കോവിഡ് നിയന്ത്രണങ്ങളും ഫിഫ ലോകകപ്പും മൂലമുള്ള ചെറിയ ഇടവേളക്ക് ശേഷം പുനരാംരംഭിക്കുകയാണ്.

കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങി നാടും നഗരങ്ങളും ഉണരുകയും ലോകത്തെ വിസ്മയിപ്പിച്ച ലോകകപ്പാരവങ്ങളുടെ ആവേശം രാജ്യത്ത് കെടാതെ നില്‍ക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് പതിനാലാം പതിപ്പിന് തുടക്കം കുറിക്കുന്നത്.
പ്രസിഡന്റ് കെ. മുഹമ്മദ് ഈസയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഖിഫ് എക്‌സിക്യുട്ടീവ് യോഗത്തില്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷെമീന്‍ സ്വാഗതം പറഞ്ഞു. നിസ്താര്‍ പട്ടേല്‍, സുഹൈല്‍ ശാന്തപുരം, ഹുസൈന്‍ കടന്നമണ്ണ, മുഹമദ് ഹനീഫ്, ബഷീര്‍, അബ്ദുറഹീം, അഡ്വ. മുഹമ്മദ് ഇഖ്ബാല്‍, നസീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
റജിസ്‌ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍ക്ക് 55252219 (ഷെമീന്‍) നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!