ചില പരിസ്ഥിതി ദിന ചിന്തകള്‍
പ്രവാസി ബന്ധു ഡോ.എസ്. അഹ്‌മദ്
ജൂണ്‍ 5, ലോകമെമ്പാടും വൈവിധ്യമാര്‍ന്ന പരിപാടികളോടെ ലോക പരിസ്ഥിതി ദിനം ആചരിക്കുകയാണ്. നമ്മുടെ ഭാരതത്തിലും പരിസ്ഥിതി സംരക്ഷണത്തിന് ഏറെ ഊന്നല്‍ നല്‍കുന്ന നിരവധി പരിപാടികളാണ് നടക്കുന്നത്. ജനങ്ങളുടെ ആരോഗ്യകരമായ ജീവിതം ഉറപ്പുവരുത്തുന്നതിന് പരിസ്ഥിതി സംരക്ഷണം അത്യന്താപേക്ഷിതമാണ്. കാരണം ജനങ്ങളുടെ ഭൗതികപരമായ അടിസ്ഥാന സൗകര്യങ്ങളോട് താതാമ്യം പ്രാപിച്ച ഒരു ഘടകമാണ് പരിസ്ഥിതിയുടെയും ഘടന. മാലിന്യ കൂമ്പാരങ്ങളും വിവിധങ്ങളായ അന്തരീക്ഷ മലിനീകരണങ്ങളും ജനതയെ ശാരീരികമായി തളര്‍ത്തുകയും മാറാ രോഗങ്ങള്‍ക്കുവഴിവെക്കുകയും ചെയ്യും. പ്‌ളാസ്റ്റിക് മലിനീകരണം തടയുകയെന്ന സുപ്രധാനമായ പ്രമേയം ഉയര്‍ത്തിയാണ് ഈ വര്‍ഷം ലോകമെമ്പാടും പരിസ്ഥിതി ദിനാചരണം നടക്കുന്നത്.
അടുത്ത തലമുറയുടെ ആരോഗ്യ സംരക്ഷണം പുതിയ വെല്ലുവിളികളാകുന്ന ജനിതക രോഗങ്ങളുടെ അടിത്തറ പരിസ്ഥിതി സംരക്ഷണമാണെന്ന ചിന്ത നമ്മളില്‍ ഓരോരുത്തരിലും ഉണ്ടാകേണ്ടിയിരിക്കുന്നു. അറിവും വിവേകവും മാലിന്യ കൂമ്പാരങ്ങളുടെ ദുരന്തങ്ങള്‍ തിരിച്ചറിയുവാന്‍ നമ്മെ സഹായിക്കണം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കാണുന്ന ചേരിപ്രദേശങ്ങളം വൃത്തിഹീനമായ റോഡുകളും യാതൊരു തത്വദീക്ഷയില്ലാതെ വാഹനങ്ങള്‍ തള്ളിവിടുന്ന പുകയും സൃഷ്ടിക്കുന്ന പാരിസ്ഥിതികാഘാതവും പ്രതിസന്ധിയും ചെറുതല്ല. മനുഷ്യന്റെ ആരോഗ്യത്തെ കാര്‍ന്നുതിന്നുന്ന ഈ സാഹചര്യം വരുത്തി വെയ്ക്കുന്ന മാരകമായ രോഗങ്ങള്‍ പകര്‍ച്ച വ്യാധികളാണെന്നു വിസ്മരിക്കരുത്.
കേരളീയ പൈതൃക സംസ്‌ക്കാരത്തില്‍ വൃത്തിഹീനതയോടുള്ള പോരാട്ടം അഭിമാനാര്‍ഹമാണ്. എങ്കിലും പരിസ്ഥിതി സംരക്ഷണത്തില്‍ നാം എന്തുമാത്രം ജാഗ്രത പാലിക്കുന്നുവെന്ന പുനര്‍വിചിന്തനം പ്രസക്തമാണ്.
ജനപ്പെരുപ്പമാണ് പരിസ്ഥിതി മലിനീകരണകാരണമെന്നു പറയുന്നത് നേര്‍ക്കാഴ്ചയോടെയുള്ള അഭിപ്രായമല്ല. ജനമെത്ര പെരുകിയാലും അടിസ്ഥാന സൗകര്യങ്ങളുടെ വികസനമില്ലെങ്കില്‍ പരിസ്ഥിതി സംരക്ഷണമോ, മനുഷ്യ ജീവനെ രക്ഷിക്കാനോ കഴിയില്ല. ശാസ്ത്രീയവും ആരോഗ്യകരവുമായ സമീപനവും നിലപാടുകലുമാണ് കാലം ആവശ്യപ്പെടുന്നത്.
ശുദ്ധജല കുളങ്ങളും നീരുറവകളും നലിനമാക്കപ്പെടുന്നു, റോഡില്‍ വലിച്ചെറിയപ്പെടുന്ന പാഴ് വസ്തുക്കള്‍, വൃത്തിഹീനമായ ശൗചാലയങ്ങള്‍, റോഡുകളില്‍ മാലിന്യ പൈപ്പ് ലയിനുകളില്‍ നിന്നും പൊട്ടിയൊഴുകുന്ന മാലിന്യങ്ങളും ദുര്‍ഗന്ധവും , പാതയോരങ്ങളിലെ ഓടകള്‍ നിറയുന്ന പാഴ് വസ്തുക്കള്‍, തോടുകളും ചെറു നദികളും ഇന്നു കരി ഓയിലിനേക്കാള്‍ ഭയാനകമായ രീതിയിലാകുന്നു, സര്‍ക്കാര്‍ ആശുപത്രികളില്‍ വിഷവസ്തുക്കളടങ്ങിയ മാലിന്യ ശേഖരങ്ങള്‍ ആശുപത്രി വളപ്പില്‍ തന്നെ അഗ്‌നിക്കിരയാക്കുമ്പോള്‍ ഉണ്ടാകുന്ന ദുരവസ്ഥ തുടങ്ങിയ വൈവിധ്യമാര്‍ന്ന പാരിസ്ഥിതി വെല്ലുവിളികളെ ആരും കണ്ടില്ലെന്നു നടിക്കരുത്.
നമ്മുടെ തെറ്റായ നിലപാടുകളും സമീപനങ്ങളും കാരണം ഭൂഗര്‍ഭ ജലം ദാഹശമിനിയാക്കുന്ന മനുഷ്യര്‍ അപകടകരമായ ദാഹജലമല്ലെന്നു ഉറപ്പു വരുത്താനാത്ത അവസ്ഥയിലാണ്. ശിശുക്കളില്‍ തൊലിപ്പുറത്ത് ഉണ്ടാക്കുന്ന രോഗങ്ങള്‍, ശ്വാസംമുട്ടല്‍, ഉദര രോഗങ്ങളെല്ലാം ജീവിതാന്തരീക്ഷത്തിലെ കണ്‍മുന്നില്‍ നിന്നും ലഭിക്കുന്ന വിഷപുകയും മാലിന്യങ്ങളുടെ സാമിപ്യവുമല്ലെന്നു ആര്‍ക്ക് പറയാന്‍ കഴിയും. പല ഭാഗത്തും മാലിന്യ കൂമ്പാരത്തിലെ തീപിടിത്തം മെഡിക്കല്‍ സര്‍വീസ് ഗോഡൗണുകളിലെ തുടരെ തുടരെയുള്ള അഗിബാധ ഇവയിലൂടെ അന്തരീക്ഷത്തില്‍ ലയിക്കപ്പെടുന്ന വിഷപുക വരുത്തി വെയ്ക്കുന്ന ആപത്ത് ഇവയൊന്നും നാം കാണാതിരുന്നു കൂട.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വെറും നോക്കുകുത്തികളാകരുത്. വിനോദം, കച്ചവടം, കെട്ടിടം, പരസ്യം തുടങ്ങീ നാനാ തുറകളിലൂടെ കോടിക്കണക്കിന് രൂപയുടെ വരവിന്റെ സ്രോതസുള്ള പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ മുതലായവ പരിസ്ഥിതി സംരക്ഷണ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കണം . കര്‍ശന നടപടികളിലൂടെ ഒരു അവബോധം പരിസ്ഥിതി പ്രശ്‌നത്തില്‍ ഉണ്ടാക്കിയെടുക്കാം .
തീഷ്ണതയോടെയുള്ള പരീക്ഷണങ്ങള്‍ക്ക് സമയം കളയാതെ സര്‍ക്കാരും ജനങ്ങളും അധികാരികളും ഒന്നായി ഒരു മഹാ വിപത്തില്‍ നിന്നും മാനവകുലത്തെ രക്ഷപ്പെടുത്താന്‍ ജാഗ്രതയോടെ യത്‌നിക്കാന്‍ തയ്യാറാണെന്ന പ്രതിജ്ഞയാണ് ലോക പരിസ്ഥിതി ദിനത്തില്‍ ഏറെ പ്രസക്തമെന്ന് തോന്നുന്നു. നമ്മിലര്‍പ്പിതാം കടമ കാലാഹരണപ്പെട്ടാതെല കാത്ത് സൂക്ഷിക്കുക, നാടിനും നാട്ടാര്‍ക്കും നല്‍കിടാം ഒരു ജന്മ സാഫല്യം. വിശുദ്ധിയുള്ള സൗന്ദര്യമുള്ള നമ്മുടെ മുഖം പോലെ പെറ്റു വീണൊരു മണ്ണിനേയും ദുരന്തങ്ങളില്ലാത്ത, പകര്‍ച്ച വ്യാധികളില്ലാത്ത സുന്ദരമാം നാടാകണം നമ്മുടെ നാട് എന്ന മഹത്തായ സ്പ്‌നമാണ് ഈ ദിനത്തില്‍ നമ്മെ നയിക്കേണ്ടത്. വരും തലമുറക്ക് കൂടുതല്‍ മെച്ചപ്പെട്ട ജീവിത സാഹചര്യവും പരിസ്ഥിതിയുമൊരുക്കുന്നതില്‍ ഇന്ന് നാം സ്വീകരിക്കുന്ന നടപടികള്‍ പ്രധാനമാണ്.