Uncategorized

ലോക പരിസ്ഥിതി ദിനം: ദോഹ മദ്‌റസ വിദ്യാര്‍ഥികള്‍ എക്സിബിഷന്‍ സംഘടിപ്പിച്ചു

ദോഹ : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ദോഹ അല്‍ മദ്‌റസ അല്‍ ഇസ് ലാമിയ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച എക്സിബിഷന്‍ വിദ്യാര്‍ഥികളുടെ സര്‍ഗാത്മകതയും നിരീക്ഷണ പാടവവും വിളിച്ചോതുന്നതായി. പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിന്റെയും പ്രകൃതിയോട് ഇണങ്ങിയും സമരസപ്പെട്ടുമുള്ള ജീവിതരീതി ആര്‍ജിക്കുന്നതിന്റെയും പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു വൈജ്ഞാനികവും കലാപരവുമായി മികച്ച നിലവാരം പുലര്‍ത്തിയ എക്സിബിഷനിലെ തീമുകള്‍ ഓരോന്നും.

ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ ചിത്രപ്രദര്‍ശനം, കാര്‍ട്ടൂണ്‍ പ്രദര്‍ശനം, വിവിധ വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ മോഡലുകളുടെ പ്രദര്‍ശനം എന്നിവയടങ്ങിയതായിരുന്നു എക്സിബിഷന്‍. നാം അധിവസിക്കുന്ന ഭൂമിയെ സംരക്ഷിക്കുന്നതിന്റെയും സ്വഛമായ പ്രകൃതിയെ പുനഃസ്ഥാപിക്കുന്നതിന്റെയും ആവശ്യകതയും പരിസ്ഥിതി മലിനീകര ണത്തിന്റെ പ്രത്യാഘാതങ്ങളും ഗൗരവമാര്‍ന്ന ആവിഷ്‌കരണങ്ങളിലൂടെ ചിത്രീകരിക്കുന്നതായിരുന്നു പ്രദര്‍ശനത്തിലെ വൈവിധ്യമാര്‍ന്ന ഇനങ്ങള്‍.

മദ്റസ പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ വാസിഅ് എക്സിബിഷന്‍ ഉദ്ഘാടനം ചെയ്തു. അക്കാദമിക് കോ ഓര്‍ഡിനേറ്റര്‍ ഉസ്മാന്‍ പുലാപ്പറ്റ, മാനേജ്മെന്റ് പ്രസിഡണ്ട് ബിലാല്‍ ഹരിപ്പാട് ,അഡ്മിനിസ്ടേറ്റര്‍ ശറഫുദ്ദീന്‍, വിവിധ സെഷന്‍ ഹെഡുമാരായ സി.കെ അബ്ദുല്‍ കരീം, നിജാസ്, നസീഹ് തുടങ്ങിയവര്‍ ഉദ്ഘാടന പരിപാടിയിയില്‍ പങ്കെടുത്തു. വിദ്യാര്‍ഥികളോടൊപ്പം ധാരാളം രക്ഷിതാക്കളും പ്രദര്‍ശനം സന്ദര്‍ശിച്ചു.

Related Articles

Back to top button
error: Content is protected !!