ഖത്തറില്‍ പക്ഷി വേട്ട സീസണ് സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ പക്ഷി വേട്ട സീസണ് സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കും. ഖത്തറില്‍ ചില പക്ഷികളെയും വന്യമൃഗങ്ങളെയും വേട്ടയാടുന്ന സീസണ് നിയന്ത്രിക്കുന്ന 2023-ലെ മന്ത്രിതല തീരുമാനം 24-ാം നമ്പര്‍ പ്രകാരമാണിത്. ഖത്തര്‍ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി ശൈഖ് ഡോ. ഫാലിഹ് ബിന്‍ നാസര്‍ അലി അല്‍ താനിയാണ് പുതിയ തീരുമാനം പുറത്തിറക്കിയത്.
ദേശാടന പക്ഷികളെ (ടര്‍ട്ടില്‍ ഡോവ്) വേട്ടയാടുന്നതിനുള്ള സീസണാണ് 2023 സെപ്റ്റംബര്‍ 1 ന് ആരംഭിച്ച് 2024 ഫെബ്രുവരി 15 വരെ നീണ്ടുനില്‍ക്കുക.
വേട്ടയാടുന്നവരുടെ ബാധ്യതകള്‍ സംബന്ധിച്ചും തീരുമാനം വ്യവസ്ഥ ചെയ്യുന്നു ഇതനുസരിച്ച് ഫാല്‍ക്കണുകള്‍ കൊണ്ട് മാത്രം ഏഷ്യന്‍ ബസ്റ്റാര്‍ഡ് പക്ഷികളെ വേട്ടയാടുക, പാരമ്പര്യേതര വേട്ടയാടല്‍ ഉപകരണങ്ങളും മാര്‍ഗങ്ങളും ഉപയോഗിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യരുത്, പ്രത്യേകിച്ച് പക്ഷികളുടെ ശബ്ദത്തിന് സമാനമായ ശബ്ദം പുറപ്പെടുവിക്കുന്ന ഇലക്ട്രിക് യന്ത്രങ്ങള്‍ (വിളി ഉപകരണങ്ങള്‍) ഉപയോഗിക്കരുത്. കൂടാതെ പക്ഷികളുടെ കൂടുകളെ ശല്യപ്പെടുത്തുകയോ പുല്‍മേടുകള്‍ക്കും കാട്ടുചെടികള്‍ക്കും ദോഷം വരുത്തുകയോ ചെയ്യരുതെന്നും നിയമം അനുശാസിക്കുന്നു