കുവൈത്ത് അമീറിന്റെ നിര്യാണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചനം അറിയിച്ചു, രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം
ദോഹ. ഇന്ന് അന്തരിച്ച കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ നിര്യാണത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അനുശോചനം അറിയിച്ചു.
ഖത്തറില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിക്കാനും പതാകകള്‍ പകുതി താഴ്ത്താനും അമീര്‍ ഉത്തരവിട്ടു.
ശൈഖ് നവാഫ് അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹിന്റെ വിയോഗത്തോടെ അറബ്-ഇസ് ലാമിക രാഷ്ട്രത്തിന് നഷ്ടമായത് ഒരു ജ്ഞാനിയായ നേതാവിനെയാണ്. തന്റെ മാതൃരാജ്യത്തോടും അവിടുത്തെ ജനങ്ങളോടും പ്രതിബദ്ധത കാണിച്ചതോടൊപ്പം പൊതു ഗള്‍ഫ് ബന്ധം ശക്തിപ്പെടുത്താനുള്ള വ്യഗ്രത, അറബ്, ഇസ് ലാമിക രാഷ്ട്രത്തിന്റെ സുപ്രധാന കാരണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള അര്‍പ്പണബോധം, മേഖലയിലും ലോകത്തും സുരക്ഷിതത്വവും സുസ്ഥിരതയും സമാധാനവും നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയ മഹിത ഗുണങ്ങളുടെ ഉടമയായിരുന്നു അമീറെന്ന് ഖത്തര്‍ അമീര്‍ അനുസ്മരിച്ചു.