ഖത്തറില്‍ പാര്‍ക്കിംഗ് ചാര്‍ജുകള്‍ താമസിയാതെ നിലവില്‍ വന്നേക്കും
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ പൊതു സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ചാര്‍ജുകള്‍ വരാന്‍ പോകുന്നു. പാര്‍ക്കിംഗ് ചാര്‍ജുകള്‍ താമസിയാതെ നിലവില്‍ വന്നേക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ സാങ്കേതിക ഓഫീസ് ഡയറക്ടര്‍ എന്‍ജിന്‍ താരിഖ് അല്‍ തമീമി സൂചിപ്പിച്ചു. ഖത്തര്‍ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു പാര്‍ക്കിംഗ് നിയന്ത്രിക്കുന്നതിനുള്ള നിരവധി സാങ്കേതിക വിദ്യകള്‍ക്കിടയിലുള്ള ചാര്‍ജുകളും ഏരിയകളും നിശ്ചയിക്കുന്നതിനുള്ള മന്ത്രിതല തീരുമാനം ഉടന്‍ പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഖത്തറിലെ പൊതു പാര്‍ക്കിംഗ് ലോട്ടുകള്‍ നിയന്ത്രിക്കാനും പ്രവര്‍ത്തിപ്പിക്കാനും മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് അധികാരം നല്‍കുന്ന വാഹന പാര്‍ക്കിങ്ങിന്റെ നിയന്ത്രണം സംബന്ധിച്ച 2021ലെ 13-ാം നമ്പര്‍ നിയമം നടപ്പാക്കുന്നതായിരിക്കും തീരുമാനം. 2021-ലെ 13-ാം നമ്പര്‍ നിയമം നടപ്പിലാക്കുന്നതിനായി, മുനിസിപ്പാലിറ്റി മന്ത്രാലയം ഒരു കരട് മന്ത്രിതല തീരുമാനത്തിന് സമര്‍പ്പിക്കുവാന്‍ തയ്യാറെടുക്കുകയാണ്, അത് അംഗീകരിക്കപ്പെട്ടാല്‍ താമസിയാതെ പാര്‍ക്കിംഗ് ചാര്‍ജുകള്‍ നിലവില്‍ വരും.
പാര്‍ക്കിംഗ് നിരക്കുകള്‍, ഏരിയകള്‍, പൊതു പാര്‍ക്കിംഗ് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട മറ്റ് ചില സാങ്കേതിക വ്യവസ്ഥകള്‍ എന്നിവ ഉയന്‍ വ്യക്തമാക്കും. ”മന്ത്രാലയം അതിന്റെ പങ്കാളികളുമായി ഏകോപിപ്പിച്ച് ഒരു പൊതു പാര്‍ക്കിംഗ് മാനേജ്‌മെന്റ് പ്രോജക്റ്റ് നടപ്പിലാക്കുന്നു. വെസ്റ്റ് ബേ, കോര്‍ണിഷ്, സെന്‍ട്രല്‍ ദോഹ എന്നിവിടങ്ങളില്‍ ഇതുവരെ 3,300 വാഹന പാര്‍ക്കിംഗ് സെന്‍സറുകള്‍ ആദ്യഘട്ടത്തില്‍ സ്ഥാപിച്ചിട്ടുണ്ട്,” അല്‍ തമീമി പറഞ്ഞു.
ഇപ്പോള്‍ പ്രധാന റോഡുകള്‍ കവര്‍ ചെയ്ത് സിസിടിവി ക്യാമറകളിലൂടെയും ഉപകരണങ്ങളിലൂടെയും സുഗമമായ നിരീക്ഷണം സാധ്യമാക്കുന്നതിനുള്ള സംവിധാനം സ്ഥാപിക്കുന്ന ജോലിയാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വാഹന പാര്‍ക്കിംഗ് മാനേജ്മെന്റ് നിരവധി പോസിറ്റീവ് സൂചകങ്ങള്‍ കൈവരിക്കാനും നഗരങ്ങളിലെയും പാര്‍പ്പിട പരിസരങ്ങളിലെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നതാണ്.
പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ക്രമീകരിച്ച് അവ പരമാവധി പ്രയോജനപ്പെടുത്തുന്നതിലൂടെ തിരക്കേറിയ സ്ഥലങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനും , ട്രാഫിക് സുരക്ഷാ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനും തെറ്റായ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ കുറയ്ക്കുന്നതിനും പൊതുഗതാഗതത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
പാര്‍ക്കിംഗ് റിസര്‍വ് ചെയ്യല്‍, അതിനുള്ള ചാര്‍ജ് ഈടാക്കല്‍, നിയമലംഘനങ്ങള്‍ നിയന്ത്രിക്കല്‍, പിഴ ചുമത്തല്‍ തുടങ്ങിയ എല്ലാ കാര്യങ്ങളും ഉള്‍ക്കൊള്ളുന്ന സ്മാര്‍ട്ട് ഖത്തര്‍ പ്രോഗ്രാം പദ്ധതിക്ക് കീഴില്‍ ഒരു സ്മാര്‍ട്ട് പാര്‍ക്കിംഗ് മാനേജ്‌മെന്റ് സിസ്റ്റം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ് .