Breaking NewsUncategorized

അബൂ സംറ ബോര്‍ഡര്‍ ക്രോസ് ചെയ്യുന്നവര്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സംവിധാനം


അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ – സൗദി ബോര്‍ഡറായ അബൂ സംറ ബോര്‍ഡര്‍ ക്രോസ് ചെയ്യുന്നവര്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി അധികൃതര്‍. അബു സംറ ബോര്‍ഡര്‍ ക്രോസിംഗ് മാനേജ്‌മെന്റിനായുള്ള സ്ഥിരം സമിതി സ്വീകരിച്ച നടപടികള്‍ എന്‍ട്രി, എക്‌സിറ്റ് നടപടിക്രമങ്ങള്‍ കൂടുതല്‍ ലഘൂകരിച്ചതായും അതിര്‍ത്തി കടന്ന് യാത്ര ചെയ്യുന്ന ആളുകള്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും കമ്മിറ്റി സെക്രട്ടറി ക്യാപ്റ്റന്‍ ഷാഫി ഖലീവി അല്‍ ഷമ്മാരി പറഞ്ഞു.

എമിഗ്രേഷനും കസ്റ്റംസിനുമുള്ള കൗണ്ടറുകളുടെ എണ്ണം 172 ആയി വര്‍ധിപ്പിച്ചതും പ്രീ-രജിസ്ട്രേഷന്‍ സേവനം ഏര്‍പ്പെടുത്തിയതും യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതിനുള്ള കമ്മിറ്റിയുടെ പ്രധാന നടപടികളാണെന്ന് അദ്ദേഹം പറഞ്ഞു.

അബു സമ്ര ബോര്‍ഡര്‍ ക്രോസിംഗില്‍ ഒരു യാത്രികന്റെ എന്‍ട്രി, എക്‌സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധാരണയായി 20 മുതല്‍ 40 സെക്കന്‍ഡ് വരെ മാത്രമേ എടുക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ എന്‍ട്രി വിസ ആവശ്യമുള്ളവര്‍ക്കും വിരലടയാളം നല്‍കേണ്ടവരുമായ ചില യാത്രക്കാര്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കുറച്ച് സമയമെടുത്തേക്കും , അദ്ദേഹം പറഞ്ഞു.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന യാത്രക്കാര്‍ക്ക് അവരുടെ എന്‍ട്രി, എക്‌സിറ്റ് നടപടിക്രമങ്ങള്‍ 10 സെക്കന്‍ഡിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഖത്തര്‍ ‘പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മെട്രാഷ് 2 വഴിയും മറ്റ് ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്കും സന്ദര്‍ശകര്‍ക്കും ഹയ്യ പ്ലാറ്റ്ഫോം വഴിയും അബൂ സംറ ബോര്‍ഡര്‍ ക്രോസിംഗിനുള്ള പ്രീ-രജിസ്ട്രേഷന്‍ സേവനം ലഭ്യമാണ്,’ അല്‍ ഷമ്മാരി പറഞ്ഞു.

അബു സംര ബോര്‍ഡര്‍ ക്രോസിംഗ് മാനേജ്മെന്റിനായുള്ള സ്ഥിരം സമിതി 2013-ല്‍ സ്ഥാപിതമായതുമുതല്‍ ക്രോസിംഗിന്റെ മേല്‍നോട്ടം നേരിട്ട് നടത്തുന്നുണ്ടെന്നും യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതിന് മതിയായ നടപടികള്‍ നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈദ് അവധി ദിവസങ്ങളിലും ധാരാളം സഞ്ചാരികളെ സാക്ഷിനിര്‍ത്തുന്ന കായിക മത്സരങ്ങളിലും എന്‍ട്രി, എക്‌സിറ്റ് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ അബു സമ്ര ക്രോസിംഗില്‍ കൗണ്ടറുകളുടെ എണ്ണം വര്‍ദ്ധിച്ചു,’ അല്‍ ഷമ്മാരി പറഞ്ഞു.

എന്‍ട്രി, എക്‌സിറ്റ് എന്നിവയ്ക്കുള്ള എമിഗ്രേഷന്‍ കൗണ്ടറുകളുടെ എണ്ണം യഥാക്രമം 116ഉം 50ഉം ആയെന്നും ആകെ 166 കൗണ്ടറുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ”കസ്റ്റംസിനായി 12 കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒരേ സമയം 60 വാഹനങ്ങളുടെ ശേഷിയിലാണ് വാഹനങ്ങള്‍ പരിശോധിക്കുന്നതിനുള്ള സൗകര്യം പ്രവര്‍ത്തിക്കുന്നത്, അല്‍ ഷമ്മരി പറഞ്ഞു.

അബു സമ്ര ബോര്‍ഡര്‍ ക്രോസിംഗിലെ സൗകര്യങ്ങള്‍ കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനായി കൂടുതല്‍ അഡ്മിനിസ്ട്രേറ്റീവ്, സര്‍വീസ് ബില്‍ഡിംഗ് ചേര്‍ക്കുന്നതിനായി നവീകരണവും വികസനവും നടത്തിവരികയാണ്.

മെട്രാഷ് 2 ലെ അബു സംറ ബോര്‍ഡര്‍ ക്രോസിംഗിനായുള്ള പ്രീ-രജിസ്‌ട്രേഷന്‍ സേവനം ഒരു ഓപ്ഷണല്‍ സേവനമാണ്. ഇങ്ങനെ മുന്‍ കൂട്ടി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് അബു സംറ അതിര്‍ത്തിയിയിലെ സമര്‍പ്പിത അതിവേഗ പാതയിലൂടെ പുറപ്പെടല്‍, എത്തിച്ചേരല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാകും.

Related Articles

Back to top button
error: Content is protected !!