Uncategorized

‘ഫോര്‍ മൈ ലവ് – ഞാനും ഞാനുമെന്റാളും’: ഇത്തവണ ഖത്തറിലെത്തുക 13 ദമ്പതിമാര്‍

ദോഹ: പതിറ്റാണ്ടുകളായി പ്രവാസ ജീവിതം നയിച്ചിട്ടും ഒരിക്കല്‍ പോലും തന്റെ ജീവിത പങ്കാളിക്ക് തങ്ങള്‍ ജീവിക്കുന്ന പ്രവാസ നാട് കാണിച്ചു കൊടുക്കാന്‍ അവസരം ലഭിക്കാത്ത, ഏറ്റവും അര്‍ഹരായ ഏതാനും പേര്‍ക്ക് തങ്ങളുടെ പ്രിയ ഭാര്യമാരെ കുറച്ചു ദിവസത്തേക്കെങ്കിലും ഖത്തറിലേക്ക് കൊണ്ടുവരാനും ഒരുമിച്ച് ഖത്തര്‍ കാണാനും അവസരമൊരുക്കുന്ന ഫോര്‍ മൈ ലവ് – ഞാനും ഞാനുമെന്റാളും നാലാം കാംപയ്‌നിന്റെ ഭാഗമായി ഇത്തവണ 13 പേര്‍ ഖത്തറിലെത്തും. ഖത്തറിലെ ജനകീയ റേഡിയോ – റേഡിയോ മലയാളം 98.6 എഫ് എം മുന്‍കയ്യെടുത്തു എല്ലാ വര്‍ഷവും നടത്തുന്ന ‘ഫോര്‍ മൈ ലവ്’ നാലാം സീസണില്‍, ശ്രോതാക്കള്‍ തെരഞ്ഞെടുക്കുന്ന ഏറ്റവും അര്‍ഹരായ പ്രവാസികളുടെ ഭാര്യമാര്‍ ഈ വരുന്ന മാര്‍ച്ചില്‍ ഒരാഴ്ചക്കാലത്തേക്ക് തങ്ങളുടെ ഭര്‍ത്താക്കന്‍മാരോടൊത്ത് ഖത്തറില്‍ ഒത്തു ചേരും. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും നിറഞ്ഞ പിന്തുണയോടെ ഇത് നാലാം തവണയാണ് ‘ഫോര്‍ മൈ ലവ് – ഞാനും ഞാനുമെന്റാളും’ എന്ന ശീര്‍ഷകത്തില്‍ റേഡിയോ ഈ സാമൂഹ്യ സേവന പരിപാടി സംഘടിപ്പിക്കുന്നത്.

ഇരുപത്തിയഞ്ച് വര്‍ഷമെങ്കിലുമായി ഖത്തറില്‍ തൊഴിലെടുക്കുന്ന കുറഞ്ഞ വരുമാനക്കാരായ പ്രവാസികളുടെ നൂറ് കണക്കിന് അപേക്ഷകളില്‍ നിന്നും റേഡിയോ ശ്രോതാക്കള്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന 13 പേരുടെ ഭാര്യമാരാണ് ഇത്തവണ ഖത്തറിലെത്തുക. മാര്‍ച്ച് 1 മുതല്‍ 7 വരെ നീണ്ടു നില്‍ക്കുന്ന പരിപാടിയുടെ ഭാഗമായി ദമ്പതികള്‍ക്ക് പ്രമുഖര്‍ പങ്കെടുക്കുന്ന പ്രവാസ മലയാളത്തിന്റെ പ്രത്യേക ആദരിക്കല്‍ ചടങ്ങ്, ഖത്തറിലെ വിവിധ കൂട്ടായ്മകളും സ്ഥാപനങ്ങളും നല്കുന്ന സ്വീകരണങ്ങള്‍, രാജ്യത്തെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനം, നിരവധി സമ്മാനങ്ങള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. 2018ലും 2019 ലും 2023 ലും യഥാക്രമം പത്ത്, പതിനൊന്ന്, പന്ത്രണ്ട് ഭാര്യമാരെ കൊണ്ടുവന്നതിന്റെ തുടര്‍ച്ചയായാണ് സീസണ്‍ 4 സംഘടിപ്പിക്കുന്നത്.

പത്രസമ്മേളനത്തില്‍ റേഡിയോ മലയാളം ഡയരക്ടര്‍ & സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍, ഡപ്യൂട്ടി ജനറല്‍ മാനേജര്‍ നൗഫല്‍ അബ്ദുറഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!