Breaking NewsUncategorized

താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്ക് ആശ്വാസമായി ഐ.സി.ബി.എഫ് സൗജന്യ മെഡിക്കല്‍ ക്യാമ്പ്

ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസ്സി അനുബന്ധ സംഘടനയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), മെഷാഫിലെ കിംസ് ഹെല്‍ത്ത് കെയര്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഒരുപാട് താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്ക് ആശ്വാസമായി . ഖത്തറിലെ നിര്‍ധനരായ പ്രവാസികള്‍ക്ക് അത്യാവശ്യമായ
ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ചുറപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച 47-ാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ മത്സ്യത്തൊഴിലാളികളുള്‍പ്പെടെ ഏതാണ്ട് 300 ഓളം പേര്‍ സൗജന്യ മെഡിക്കല്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയതായി ഐ.സി.ബി.എഫ് അറിയിച്ചു.

രാവിലെ 8:00 മുതല്‍ ഉച്ചയ്ക്ക് 12:00 വരെ നടന്ന ക്യാമ്പ് ഇന്ത്യന്‍ അംബാസ്സഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു. ഐ.സി.ബി.എഫ് കോര്‍ഡിനേറ്റിംഗ് ഓഫീസറും ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറിയുമായ ഡോ. വൈഭവ് തണ്ടാലെയും സന്നിഹിതനായിരുന്നു.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ശരിയായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതില്‍ ഇത്തരം സംരംഭങ്ങളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അംബാസ്സഡര്‍, ഐ. സി.ബി. എഫിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശസിച്ചു. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ഇന്ത്യന്‍ എംബസ്സിയോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുന്ന ഐ.സി.ബി.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്യാമ്പില്‍ പങ്കെടുത്തവരുമായി സംവദിക്കുവാനും, അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയുവാനും അദ്ദേഹം സമയം കണ്ടെത്തി.

ഐ. സി. ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അദ്ധ്യക്ഷനായിരുന്നു. താഴ്ന്ന വരുമാനക്കാരായ പ്രവാസികളുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് ഐ.സി.ബി.എഫ് പ്രതിഞ്ജാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
കിംസ് ഹെല്‍ത്ത് കെയര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ നിഷാദ് അസീം, ഐ.സി.ബി.എഫിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള കിംസ് ഹെല്‍ത്ത് കെയറിന്റെ പ്രതിബദ്ധത എടുത്തു പറഞ്ഞു.
ഐ.സി.സി വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗലു, ഐ.എസ്.സി ജനറല്‍ സെക്രട്ടറി നിഹാദ് അലി ഉള്‍പ്പടെ നിരവധി കമ്മ്യൂണിറ്റി നേതാക്കളും, അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി സ്വാഗതവും, ട്രഷറര്‍ കുല്‍ദീപ് കൗര്‍ നന്ദിയും പറഞ്ഞു.

ഐ. സി. ബി. എഫ് മത്സ്യത്തൊഴിലാളി ക്ഷേമ വിഭാഗം മേധാവി ശങ്കര്‍ ഗൗഡിന്റെ നേതൃത്വത്തില്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തിയത് വിവിധ ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍ക്ക്
മെഡിക്കല്‍ ക്യാമ്പില്‍ എളുപ്പത്തില്‍ എത്തിച്ചേരുന്നതിന് സഹായകരമായിരുന്നു.
കിംസ് ഹെല്‍ത്ത് കെയര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. രാഹുല്‍ മുനികൃഷ്ണ, ഐ.സി. ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സമീര്‍ അഹമ്മദ്, അബ്ദുള്‍ റൗഫ്, സറീന അഹദ് തുടങ്ങിയവരും വിവിധ സംഘടനാ വോളണ്ടിയര്‍മാരും ക്യാമ്പിന് നേതൃത്വം നല്‍കി.
ജനറല്‍ മെഡിസിന്‍, ഇ.എന്‍.ടി, കാര്‍ഡിയോളജി, ഡെന്റല്‍, ഡെര്‍മറ്റോളജി, ഓര്‍ത്തോപീഡിക്സ്, ഫിസിയോതെറാപ്പി എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനവും കൂടാതെ രോഗികള്‍ക്കാവശ്യമായ മരുന്നുകളും സൗജന്യമായി നല്‍കി .

Related Articles

Back to top button
error: Content is protected !!