സ്നേഹ സാഹോദര്യങ്ങളുടെ പരിമളമാണ് പെരുന്നാള്‍ നിലാവ് : ഹുസൈന് കടന്നമണ്ണ
ദോഹ. മത ജാതി ചിന്തകള്‍ക്കതീതമായി മാനവികതയുടേയും സ്നേഹ സാഹോദര്യങ്ങളുടെയും പരിമളം പ്രസരിപ്പിക്കുന്ന പെരുന്നാള്‍ നിലാവ് സമകാലിക സമൂഹത്തില്‍ ഏറെ പ്രസക്തിയുള്ള പ്രസിദ്ധീകരണമാണെന്ന് ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറം ജനറല്‍ സെക്രട്ടറി ഹുസൈന് കടന്നമണ്ണ അഭിപ്രായപ്പെട്ടു. വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും വിഷവിത്തുകള്‍ സമൂഹത്തില്‍ അകല്‍ച്ച സൃഷ്ടിക്കുമ്പോള്‍ സ്നേഹ സൗഹൃദങ്ങള്‍ക്ക് കരുത്ത് പകരുന്ന ചിന്തകളും സന്ദേശങ്ങളുമായി പെരുന്നാള്‍ നിലാവ് സമൂഹത്തില്‍ നന്മയുടെ നീരുറവയായി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ നാട്ടിലെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മങ്കട കെ.പി. മാളില്‍ നടന്ന ചടങ്ങില്‍ ഹുസൈന് കടന്നമണ്ണക്ക് ആദ്യ പ്രതി നല്കി അയ്ദി ഗ്ളോബലൈസേഷന് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷാനിര്‍ മാലി പ്രകാശനം നിര്‍വഹിച്ചു. പെരുന്നാളിന്റെ സൗന്ദര്യവും സൗരഭ്യവും ലോകമെമ്പാടും വ്യാപിപ്പിക്കുവാന്‍ പെരുന്നാള്‍ നിലാവിന് സാധിക്കട്ടെയെന്ന് മുഹമ്മദ് ഷാനിര്‍ മാലി ആശംസിച്ചു.
വൈറ്റ് മാര്‍ട്ട് ജനറല്‍ മാനേജര്‍ ജൗഹറലി തങ്കയത്തില്‍, സമീഹ എന്നിവര്‍ സംബന്ധിച്ചു.
മീഡിയ പ്ളസ് സിഇഒ യും പെരുന്നാള്‍ നിലാവ് ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു.