Breaking News

സിറ്റി എക്‌സ്‌ചേഞ്ച് ഖിയ ചാമ്പ്യന്‍സ് ലീഗ് 2024 – സെമി ലൈനപ്പായി

ദോഹ.ദോഹ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന പത്താമത് സിറ്റി എക്‌സ്‌ചേഞ്ച് ഖിയ ചാമ്പ്യന്‍സ് ലീഗ് 2024 ന്റെ സെമി ഫൈനലിലേക്കുള്ള ലൈനപ്പായി. 27 മെയ്, തിങ്കളാഴ്ച നടക്കുന്ന ആദ്യ സെമിയില്‍ എം ബി എം കെയര്‍ ആന്‍ഡ് ക്യൂര്‍ എഫ്സി, ലാന്‍ഡ് റോയല്‍ മാക് എഫ്സിയെ നേരിടും. 28 മെയ്, ചൊവാഴ്ചത്തെ രണ്ടാം സെമിയില്‍ സിറ്റി എക്‌സ്‌ചേഞ്ച് എഫ്സി, ഗ്രാന്‍ഡ് മാള്‍ എഫ്സിയുമായി ഏറ്റുമുട്ടും.

വെള്ളിയാഴ്ച നടന്ന പ്ലേഓഫ് മത്സരങ്ങളിലൂടെയാണ് ലാന്‍ഡ് റോയല്‍ മാക്കും, ഗ്രാന്‍ഡ് മാളും സെമിയിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് ചാമ്പ്യന്മാരായി എം ബി എം കെയര്‍ ആന്‍ഡ് ക്യൂര്‍ എഫ്സിയും സിറ്റി എക്‌സ്‌ചേഞ്ച് എഫ്സിയും നേരത്തെ സെമി ഫൈനലില്‍ പ്രവേശിച്ചിരുന്നു.

വെള്ളിയാഴ്ചത്തെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഗ്രാന്‍ഡ് മാള്‍ എഫ്സി, ക്രെസ്റ്റണ്‍ എസ് വി പി ഒലെ എഫ്സിയെ പരാജയപ്പെടുത്തി സെമിയിലേക്ക് യോഗ്യത നേടിയത്. ആദ്യ പകുതിയില്‍ ഇരു ടീമുകളും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗ്രാന്‍ഡ് മാള്‍ എഫ്സിക്ക് ഒരു ഗോളിന്റെ മുന്‍തൂക്കം മാത്രമേ നേടാന്‍ ആയുള്ളൂ. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലീഡയുയര്‍ത്തി ഗ്രാന്‍ഡ് മാള്‍ കളിയുടെ താളം തങ്ങള്‍ക്കനുകൂലമാക്കി. കളിയവസാനിക്കാന്‍ 5 മിനിറ്റ് ബാക്കിയുക്കപ്പോള്‍ മൂന്നാം ഗോളും നേടി അവര്‍ സെമി ബെര്‍ത്ത് ഉറപ്പിച്ചു. മാന്‍ ഓഫ് ദി മാച്ച് ആയി ഗ്രാന്‍ഡ് മാള്‍ എഫ്സിയുടെ 8 ആം നമ്പര്‍ താരം റിഷാദ് തിരഞ്ഞെടുക്കപ്പെട്ടു.

രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ലാന്‍ഡ് റോയല്‍ മാക് എഫ്സി, ടൊറോന്റോ എല്‍ബി മാഗ്ലൂര്‍ എഫ്സിയെ പരാജയപ്പെടുത്തി സെമിയിലേക്ക് കയറി. അത്യന്തം വാശിയേറിയ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ചു തുല്യത പാലിച്ചു. എന്നാല്‍ കളിയുടെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മാക് ലീഡ് ഉയര്‍ത്തി. പിന്നീട് ബോക്‌സിനുള്ളിലെ ഫൗളിന് ലഭിച്ച പെനാല്‍റ്റി സ്‌കോര്‍ ചെയ്ത് മാക് തങ്ങളുടെ ഗോളുകളുടെ എണ്ണം മൂന്നാക്കി. മാഗ്ലൂര്‍ എഫ്സി പല മുന്നേറ്റ ശ്രമങ്ങളും നടത്തിയെങ്കിലും എല്ലാം വിഫലമായി. കളിയുടെ അവസാന മിനിറ്റുകളില്‍ മാഗ്ലൂര്‍ എഫ്സിയുടെ താരം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും അവരുടെ കളിയെ ബാധിച്ചു. ലാന്‍ഡ് റോയല്‍ മാക് എഫ്സിക്ക് വേണ്ടി ഹാട്രിക്ക് നേടിയ 17 ആം നമ്പര്‍ താരം തോമസ് വര്‍ഗീസ് കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടു.

Related Articles

Back to top button
error: Content is protected !!