IM Special

എം.പി. ഹൗസില്‍ ഒരു ദിവസം


ഡോ. അമാനുല്ല വടക്കാങ്ങര

ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വ്യാവസായിക രംഗങ്ങളിലെ സജീവ സാന്നിധ്യമായ ഡോ. എം.പി. ഷാഫി ഹാജിയുടെ ആതിഥ്യമനുഭവിക്കാന്‍ ദോഹയില്‍ പല പ്രാവശ്യം അവസരമുണ്ടായിട്ടുണ്ട്. കേരളത്തില്‍ നിന്നെത്തുന്ന മത സാംസ്‌കാരിക രാഷ്ടീയ നേതാക്കളും വിദ്യാഭ്യാസ പ്രവര്‍ത്തകരുമൊക്കെ ഖത്തറിലെ അദ്ദേഹത്തിന്റെ വസതിയില്‍ താമസിക്കുകയും വിരുന്ന് അനുഭവിക്കുകയും ചെയ്യാറുണ്ട്. നാട്ടിലെത്തിയാലും ആതിഥ്യത്തിന്റെ ജീവിക്കുന്ന മാതൃകയായ അദ്ദേഹം കേരത്തിലങ്ങളോളമിങ്ങോളമുള്ള പൊതുപ്രവര്‍ത്തകരെ വിരുന്നൂട്ടിയും സ്വീകരിച്ചുമാണ് ജീവിതം ആസ്വാദ്യമാക്കുന്നത്. വിവിധ കാലങ്ങളിലായി കാസര്‍ക്കോട് നെല്ലിക്കുന്നിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ വിരുന്നിനെത്തിയ പ്രമുഖര്‍ നിരവധിയാണ്. കഴിഞ്ഞ ആഴ്ചയില്‍ ഡോ. എം.പി. ഷാഫി ഹാജിയുടെ എം.പി. ഹൗസില്‍ അതിഥിയാകുവാന്‍ എനിക്കും കുടുംബത്തിനും അവസരമുണ്ടായി .

കേരളത്തിലെ പ്രധാന സ്‌കൂള്‍ ലൈബ്രറികളില്‍ വിജയമന്ത്രങ്ങള്‍ എന്ന പുസ്തക പരമ്പര ലഭ്യമാക്കുന്ന കാമ്പയിനിന്റെ ഭാഗമായാണ് ഞങ്ങള്‍ കാസര്‍ക്കോടെത്തിയത്. നിങ്ങള്‍ കാസര്‍ക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയാല്‍ മതി. ബാക്കി കാര്യങ്ങളൊക്കെ ഞാന്‍ നോക്കിക്കൊള്ളുമെന്ന് ഷാഫി ഹാജി നേരത്തെ തന്നെ അറിയിച്ചിരുന്നു.

ഞാനും ഭാര്യയും മകളും ഷൊര്‍ണൂരില്‍ നിന്നാണ് ട്രെയിന്‍ കയറിയത്. മംഗലാപുരം എക്‌സ്പ്രസ്സ് സമയത്ത് തന്നെ ഷൊര്‍ണൂരിലെത്തി. സ്ലീപര്‍ ക്‌ളാസിലായിരുന്നു യാത്ര. മഴയില്ലാത്തതിനാലും മിക്കവാറും എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തി നിര്‍ത്തിയുള്ള യാത്രയായതിനാലും അല്‍പം പരിക്ഷീണതരായാണ് ഞങ്ങള്‍ കാസര്‍ക്കോട് വന്നിറങ്ങിയത്. ഏകദേശം വൈകുന്നേരം 6 മണിയോടെ ഞങ്ങള്‍ കാസര്‍ക്കോടെത്തി. ഞങ്ങളെയും കാത്ത് ആതിഥേയനായ ഡോ. എം.പി. ഷാഫി ഹാജി ഡ്രൈവര്‍ ഉദയോനോടൊപ്പം റെയില്‍വെ സ്‌റ്റേഷനിലുണ്ടായിരുന്നു. അദ്ദേഹത്തെ കണ്ടതോടെ തന്നെ ഞങ്ങളുടെ ക്ഷീണമൊക്കെ പമ്പ കടന്നു. അദ്ദേഹത്തിന്റെ പ്രായം തളര്‍ത്താത്ത ചുറുചുറുക്കം സജീവതയും ഞങ്ങളില്‍ വലിയ മതിപ്പുളവാക്കി.ചെന്നിറങ്ങിയതുമുതല്‍ തിരിച്ചുവരുന്നതുവരെയുളള ഓരോ നിമിഷങ്ങളും അവിസ്മരണീയമാക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.

നെല്ലിക്കുന്നിലെ അദ്ദേഹത്തിന്റെ ബംഗ്‌ളാവിലേക്കാണ് ഞങ്ങള്‍ നേരെ പോയത്. പാരമ്പര്യ വാസ്തുശില്‍പവും കെട്ടുമട്ടുമൊക്കെ നിലനിര്‍ത്തുന്ന ഒരു ആഡംബര നാലുകെട്ടാണ് എം.പി. ഹൗസ്. ഓട്ടോമെറ്റിക് ഗേറ്റ് തുറന്ന് പച്ചവിരിച്ച പാതയിലൂടെ അദ്ദേഹത്തിന്റെ ഫോര്‍ച്യൂണര്‍ എം.പി. ഹൗസിന്റെ പിറക് വശത്താണ് നിര്‍ത്തിയത്. സാധാരണ അതിഥികളൊക്കെ മുന്‍ വശത്തെ ഗേറ്റിലൂടെയാണ് വീടിനകത്തേക്ക് പ്രവേശിക്കുക. എന്നാല്‍ വളരെ സവിശേഷമായ അതിഥികള്‍ മാത്രം പ്രവേശിക്കുന്ന പ്രത്യേക കവാടത്തിലൂടെയാണ് ഞങ്ങള്‍ പ്രവേശിച്ചത്.


വീട്ടില്‍ ഷാഫി ഹാജിയുടെ പ്രിയതമയും പരിവാരങ്ങളും മാത്രമാണുണ്ടായിരുന്നത്. ഏറെ സ്‌നേഹത്തോടെയാണ് വീട്ടിലെ ഓരോരുത്തരും ഞങ്ങളെ പരിചരിച്ചത്. വിശാലമായ റുമുകളും വരാന്തകളും കമനീയമായ നാലുകെട്ടിനെ കൂടുതല്‍ മനോഹരമാക്കി. സജീവമായ തന്റെ ജീവചരിത്രത്തിലെ അനര്‍ഘനിമിഷങ്ങള്‍ പകര്‍ത്തിയ ഫോട്ടോകളും ആല്‍ബങ്ങളും ഈ നാലുകെട്ടിനെ കൂടുതല്‍ ശ്രദ്ധേയമാക്കി.

ഞങ്ങള്‍ ഒന്ന് ഫ്രഷായി വന്നപ്പോഴേക്കും തീന്‍ മേശയില്‍ ചായയവും വിഭവങ്ങളും നിറഞ്ഞു. വീടിന്റെ ഭംഗിയും ചുറ്റുപാടും ആസ്വദിച്ച് ചായയും പലഹാരങ്ങളും കഴിച്ച ശേഷമാണ് നമസ്‌കാരത്തിന് തിരിഞ്ഞത്.

നമസ്‌കാരം കഴിഞ്ഞ് ഞങ്ങള്‍ വീട് നടന്നുകണ്ടു. മൂന്ന് നിലകളിലായി പാരമ്പര്യ പ്രൗഡിയുള്ള ഒരു കൊട്ടാരം. മരപ്പണികളാല്‍ മനോഹരമായ വിശാലമായ റൂമുകള്‍. എല്ലാ റൂമുകളും അനുയോജ്യമായി ഫര്‍ണിഷ് ചെയ്തിരിക്കുന്നു. മുകളിലത്തെ നിലയില്‍ നൂറുകണക്കിനാളുകള്‍ക്ക് ഇരിക്കാവുന്ന വിശാലമായ ഒരു ഹാളുണ്ട്. കോണിപ്പടികളിലൂടെ കയറാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി ലിഫ്റ്റുമുണ്ട്.

കാസര്‍ഗോഡ് ജില്ലയിലെ തളങ്കര മീത്തല്‍ പുര എം.പി.അബ്ദുല്‍ ഖാദര്‍ ഹാജിയുടെയും മീത്തല്‍ സൈനബയുടേയും ഏഴ് മക്കളില്‍ രണ്ടാമത്തവനായി 1944ലാണ് ഷാഫി ഹാജിയുടെ ജനനം. അക്കാലത്ത് തന്നെ കേരളത്തിലെ ഈ ചെറുഗ്രാമം ഗള്‍ഫ് രാജ്യങ്ങളില്‍ പ്രശസ്തമായിരുന്നു. അറബികളുടെ തലപ്പാവ് നിര്‍മ്മാണത്തിലൂടെയാണ് തളങ്കര പ്രശസ്തമായത്. തളങ്കര തൊപ്പി നിര്‍മ്മാണത്തിന്റെ കുത്തക നിലനിര്‍ത്തിയ എം.പി. അബ്ദുല്‍ഖാദര്‍ ഹാജി മാനുഫാക്ച്ചറിംഗ് എന്ന സ്ഥാപനം പിതാവിന്റേതായിരുന്നു. 1950കളില്‍ നിരവധി തൊഴിലാളികള്‍ ഈ സ്ഥാപനത്തില്‍ ജീവനക്കാരായി ഉണ്ടായിരുന്നു എന്നറിയുമ്പോഴാണ് ഷാഫി ഹാജിയുടെ കുടുംബത്തിന്റെ പ്രതാപം നമുക്ക് ബോദ്ധ്യമാവുക. ആ പ്രതാപത്തിന്റെ പല ഓര്‍മ ചിത്രങ്ങളും വീട്ടില്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്.

വീടിന് പുറത്ത് വിശാലമായ നീന്തല്‍ക്കുളമുണ്ട്. അതിനോട് ചേര്‍ന്ന് വ്യത്യസ്ത ഇനം കോഴികളെ വളര്‍ത്താനുള്ള പ്രത്യേകയിടവും സംവിധാനിച്ചിരിക്കുന്നു. വ്യത്യസ്ത തരം ചെടികളും പൂക്കളുമൊക്കെ എം.പി ഹൗസിന്റെ നൈസര്‍ഗിക സൗന്ദര്യത്തിന്റെ അടയാളപ്പെടുത്തലുകളാണ്.

വീട് നടന്ന് കണ്ടപ്പോഴേക്കും വിഭവ സമൃദ്ധമായ ഡിന്നര്‍ മേശപ്പുറത്ത് റെഡിയായിരുന്നു. കാസര്‍ക്കോടന്‍ സ്‌പെഷ്യല്‍ കലത്തപ്പവും ഫ്രൈഡ് റൈസും ബീഫ് റോസ്റ്റ്, ചിക്കന്‍ ഫ്രൈ, ചിക്കന്‍ കറി, ചില്ലി ചിക്കന്‍ തുടങ്ങി നിരവധി വിഭവങ്ങളാണ് ഞങ്ങള്‍ക്കായി തയ്യാറാക്കിയിരുന്നത്. ഷാഫി ഹാജിയും ഞങ്ങളോടൊപ്പം ഭക്ഷണത്തിനിരുന്ന് ഞങ്ങളെ ഓരോ വിഭവവും തീറ്റിച്ചപ്പോള്‍ മറക്കാനാവാത്ത ആതിഥ്യസ്മരണകളാണ് മനസിലുയര്‍ന്നത്. മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഷാഫി നെല്ലിക്കുന്നും ഞങ്ങളോടൊപ്പം ഡിന്നറിനുണ്ടായിരുന്നു.

മുഖ്യ ഭക്ഷണത്തിന് പുറമേ പായസവും മറ്റു പഴ വര്‍ഗങ്ങളും കൂടിയായപ്പോള്‍ മനസും വയറും ഒരു പോലെ നിറഞ്ഞു.
തൊട്ടടുത്തുള്ള ഒരു ഹോട്ടലിലാണ് ഞങ്ങള്‍ക്ക് താമസമൊരുക്കിയിരുന്നത്. ഉദയന്‍ ഞങ്ങളെ ഹോട്ടലിലാക്കി.
ഞങ്ങള്‍ സുഖമായി ഉറങ്ങി . സുബഹി ബാങ്ക് കേട്ടാണ് ഉറക്കമുണര്‍ന്നത്.
ഇന്ന് വെള്ളിയാഴ്ചയാണ് . പ്രധാനപ്പെട്ട നാല് പരിപാടികളാണ് ഇന്നേക്ക് അറേഞ്ച് ചെയ്തിരുന്നത്. ആദ്യ പരിപാടി പത്ത് മണിക്ക് മുനിസിപ്പല്‍ ചെയര്‍മാനുമൊത്ത് മുനിസിപ്പല്‍ കാര്യാലയത്തിലായിരുന്നു. 9 മണിക്ക് മുമ്പ് തന്നെ ഷാഫി ഹാജി ഞങ്ങളുടെ ഹോട്ടലിലെത്തി . ആതിഥ്യ മര്യാദ പോലെ തന്നെ ഷാഫി ഹാജിയില്‍ നിന്നും പഠിക്കേണ്ട സുപ്രധാനമായ മറ്റൊരു പാഠം സമയനിഷ്ഠയാണ്. അദ്ദേഹം ഒരു പരിപാടിക്കും വൈകിയെത്തില്ല. പറഞ്ഞതിലും പത്ത് മിനിറ്റ് നേരത്തെയെത്തുന്നതാണ് അദ്ദേഹത്തിന്റെ ശീലം.

വസന്ത ഭവനില്‍ നിന്നും നല്ല നെയ് റോസ്റ്റും വടയും കഴിച്ച് ഞങ്ങള്‍ പത്ത് മണിക്ക് മുമ്പായി തന്നെ മുനിസിപ്പല്‍ കാര്യാലയത്തിലെത്തി. മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഷാഫി നെല്ലിക്കുന്ന്, ഖത്തര്‍ കെ.എം.സിസി നേതാക്കളായ ആദം കുഞ്ഞി, ലുഖ്മാനുല്‍ ഹകീം, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ തളങ്കര എന്നിവരുടെ സാന്നിധ്യത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം വിജയമന്ത്രങ്ങള്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.


ഷാഫി ഹാജി പഠിച്ച തളങ്കര ജി.എം.എച്ച്.എസ്.എസിന് വിജയമന്ത്രങ്ങളുടെ ആറ് ഭാഗങ്ങള്‍ സമ്മാനിക്കുന്ന ചടങ്ങായിരുന്നു അടുത്തത്.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നാരായണന്‍ കുട്ടി പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. പിടിഎ പ്രസിഡണ്ട് നൗഫല്‍ തയാല്‍, അധ്യാപക പ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

തുടര്‍ന്ന് ഷാഫി ഹാജി ചെയര്‍മാനായുള്ള എം.പി.ഇന്റര്‍നാഷണല്‍ സ്‌കൂളിലേക്കാണ് ഞങ്ങള്‍ പോയത്. പ്രകൃതി ഭംഗിയാല്‍ അലംകൃതമായ കാമ്പസ് , മനോഹരമായ കെട്ടിടം, അച്ചടക്കമുള്ള വിദ്യാര്‍ഥികള്‍.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.അബ്ദുല്‍ ജലീല്‍, മാനേജര്‍ ശംസുദ്ധീന്‍, അഡ്മിനിസ്ട്രേറ്റര്‍ ജഅ്ഫര്‍ സാദിഖ്, അധ്യാപക വിദ്യാര്‍ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഞങ്ങളെ സ്വീകരിച്ചത്.

ഷാഫി ഹാജിയുടെ സാമൂഹ്യ പ്രതിബദ്ധതയുടേയും സാമൂഹ്യ സേവനത്തിന്റേയും തിളങ്ങുന്ന ഉദാഹരണമാണ് ഈ വിദ്യാഭ്യാസ സ്ഥാപനം. വിശാലമായ ലൈബ്രറി, റിസര്‍ച്ച് സെന്റര്‍, ലാബുകള്‍, ഓഡിറ്റോറിയം, കാന്റീന്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളും സ്‌കൂളിന്റെ ഭാഗമാണ്.

ഷിഹാബ് തങ്ങള്‍ സമ്മാനിച്ച മെര്‍സിഡിസ് കാര്‍

കൊടപ്പനക്കല്‍ തറവാടുമായി വിശിഷ്യ മര്‍ഹും മുഹമ്മദലി ശിഹാബ് തങ്ങളുമായി ഷാഫി ഹാജിക്ക് വല്ലാത്ത ആത്മ ബന്ധമായിരുന്നു. ഷാഫി ഹാജിയുടെ ഖത്തറിലെ വീട്ടിലും നാട്ടിലെ വീട്ടിലും എ്ര്രതയോ തവണയാണ് ശിഹാബ് തങ്ങള്‍ അതിഥിയായെത്തിയത്.തങ്ങള്‍ മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ മുമ്പ് ഒരു വിലപ്പെട്ട സമ്മാനം തളങ്കരയിലെ ഷാഫി ഹാജിയുടെ വീട്ടിലേക്ക് പാണക്കാട് നിന്നുമെത്തി. തങ്ങള്‍ യാത്ര ചെയ്തിരുന്ന മെഴ്‌സിഡസ് ബെന്‍സ് കാറിന്റെ താക്കോല്‍ ഡ്രൈവര്‍ ഷാഫി ഹാജിയുടെ കൈയ്യില്‍ കൊടുത്തു. ബാക്കി തങ്ങള്‍ പറയുമെന്ന് പറഞ്ഞു. ഉടനെ ഹാജി തങ്ങളെ ഫോണില്‍ വിളിച്ച് എന്താണ് ഇതൊക്കെ എന്ന് ചോദിച്ചപ്പോള്‍ ഫോണിന്റെ മറുതലക്കല്‍ നിന്ന് തെളിവാര്‍ന്ന വാക്കുകള്‍. ”ഷാഫി ഇതെന്റെ സമ്മാനം. ആ വാഹനം ഇനി നിനക്കുള്ളതാണ്.പേപ്പറുകള്‍ ബഷീറിനെ ഏല്‍പ്പിച്ചിട്ടുണ്ട്.’ഷാഫി ഹാജി സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞുപോയി ആ നിമിഷത്തില്‍ . ആ കാര്‍ ഇന്നും സ്‌കൂളില്‍ പ്രത്യേകം സൂക്ഷിച്ച് വെച്ചിരിക്കുന്നു. അനശ്വര സ്‌നേഹത്തിന്റേയും കടപ്പാടിന്റേയും ജീവിക്കുന്ന ദൃഷ്ടാന്തമായി.

കാമ്പസ് പള്ളിയിലാണ് ഞങ്ങള്‍ ജുമുഅ നമസ്‌കരിച്ചത്. കാര്യമാത്ര പ്രസക്തമായ രീതിയിലാണ് ഖതീബ് വിദ്യാര്‍ഥികളേയും അധ്യാപകരേയും ഉദ്‌ബോധിപ്പിച്ച് ഖുതുബ നടത്തിയത്.

ജുമുഅ നമസ്‌കാരാനന്തരം വിഭവ സമൃദ്ധമായ ഭക്ഷണവും കഴിച്ചാണ് ഞങ്ങള്‍ യാത്ര തുടര്‍ന്നത്.
ഖത്തര്‍ കെ.എം.സിസി കാസര്‍ക്കോട് മണ്ഡലം കമ്മറ്റിയുടെ സ്‌കോളര്‍ഷിപ്പ് വിതരണമായിരുന്നു ഞങ്ങളുടെ പരിപാടിയിലെ അവസാന ഇനം. മുസ് ലിം ലീഗ്, എം.എസ്.എഫ് നേതാക്കളും പ്രവാസി സാമൂഹ്യ പ്രവര്‍ത്തകരും പങ്കെടുത്ത ഹൃദ്യമായ ചടങ്ങ് കഴിയുമ്പോഴേക്കും സമയം വൈകുന്നേരം 5 മണിയോടടുത്തിരുന്നു.
5.15 നുള്ള പുതുച്ചേരി എക്‌സ്പ്രസ്സില്‍ ഞങ്ങള്‍ക്ക് തിരിച്ച് പോരാനുണ്ടായിരുന്നതിനാല്‍ വേഗം പരിപാടിയില്‍ നിന്നുമിറങ്ങി നേരെ റെയില്‍വേ സ്റ്റേഷനിലെത്തി.

അവിസ്മരണീയമായ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഞങ്ങള്‍ ഷൊര്‍ണൂരിലേക്ക് ട്രെയിന്‍ കയറി. ഞങ്ങള്‍ക്ക് നല്‍കിയ സ്‌നേഹത്തിനും ആതിഥ്യത്തിനും ഷാഫി ഹാജിക്കും കുടുംബത്തിനും ആത്മാര്‍ഥ പ്രാര്‍ഥന മാത്രം .

Related Articles

Back to top button
error: Content is protected !!