Breaking News

അറബി വര്‍ത്തമാനത്തിന്റേയും ഭാവിയുടേയും ഭാഷ : ഫാത്തിമ ഇഗ്ബാരിയ


അമാനുല്ല വടക്കാങ്ങര

തേഞ്ഞിപ്പലം. മാനവചരിത്രത്തില്‍ വൈജ്ഞാനികവും സാംസ്‌കാരികവുമായ നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ അറബി ഭാഷ ഏറ്റവും പുരാതന ഭാഷകളില്‍ ഒന്നായിരിക്കെ തന്നെ വര്‍ത്തമാനത്തിന്റേയും ഭാവിയുടേയും ഭാഷയാണെന്ന് ഡെന്‍മാര്‍ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹംസ സമാഅ് ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാത്തിമ ഇഗ്ബാരിയ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വിഭാഗവും ഹംസ സമാഅ് ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര അറബിക് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അവര്‍.

വിജ്ഞാനത്തിന്റേയും സംസ്‌കാരത്തിന്റേയും ഭാഷയെന്ന പോലെ തന്നെ ശാസ്ത്രത്തിന്റേയും സാങ്കേതിക വിദ്യയുടേയും ഭാഷയായും അറബി ഭാഷ ലോകാടിസ്ഥാനത്തില്‍ തന്നെ ശ്രദ്ധനേടുകയാണ്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും കംപ്യൂട്ടര്‍ ലേണിംഗുമൊക്കെ അറബിഭാഷയുടെ പ്രാധാന്യവും പ്രസക്തിയും വര്‍ദ്ധിപ്പിക്കുകയാണ്. ലോകത്തെ ഏറ്റവും സജീവ ഭാഷകളിലൊന്നായ അറബി ഭാഷ ഭൂഖണ്ഡങ്ങള്‍ ഭേദിച്ച് മുന്നേറുകയാണ്. ലോകാടിസ്ഥാനത്തില്‍ അറബി ഭാഷയുടെ ഭാവി ഏറെ ശോഭനമാണെന്ന്് അവര്‍ പറഞ്ഞു

കേരളവും അറബി ഭാഷയും തമ്മിലുള്ള ബന്ധം ചരിത്രാതീതകാലം മുതലേ ഉള്ളതാണ് ഈ ബന്ധത്തിന് കരുത്ത് പകരുന്ന പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഇഎംഎസ് സെമിനാര്‍ കോംപ്‌ളക്‌സില്‍ ആരംഭിച്ച ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സമ്മേളനം യൂണിവേര്‍സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂണിവേര്‍സിറ്റിയുടെ സുപ്രധാനമായ വകുപ്പുകളിലൊന്നാണ് അറബി വകുപ്പെന്നും നിരവധി പണ്ഡിതരെ വാര്‍ത്തെടുത്ത വകുപ്പിന്റെ സുവര്‍ണജൂബിലിയുടെ ഭാഗമായ ഈ സമ്മേളനം ഏറെ പ്രസക്തമാണെന്നും വൈസ് ചാന്‍സിലര്‍ പറഞ്ഞു.

യൂണിവേര്‍സിറ്റി ഭാഷ ഡീന്‍ ഡോ. എബി മൊയ്തീന്‍ കുട്ടി മുഖ്യ പ്രഭാഷണം നടത്തി. അറബി ഭാഷയുടെ സവിശേഷതകളും പ്രത്യേകതകളും വരച്ചുകാട്ടിയ അദ്ദേഹം പഠനം അനായാസമാക്കുന്നതിനും വ്യാപകമാക്കുന്നതിനുമുള്ള പദ്ധതികളും വിശകലനം ചെയ്തു.
ഹംസ സമാഅ് ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്റര്‍ ഫൗണ്ടര്‍ അബ്ദുല്‍ ഹാഫിസ് അല്‍ ഗാരി, തുനീഷ്യന്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുല്‍ ലത്തീഫ് ആബിദ്, പാരീസിലെ ലിയോണ്‍ സര്‍വകലാശാല ലക്ചറര്‍ ഇശ്‌റാക് ക്രോണ തുടങ്ങിയ വിദേശി പ്രതിനിധികള്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ചു.

അറബി വകുപ്പ് മേധാവി ഡോ. അബ്ദുല്‍ മജീദ് ടിഎ അധ്യക്ഷത വഹിച്ചു. ഹംസതു സമാഅ് ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്റര്‍ കേരള ചാപ്റ്റര്‍ അധ്യക്ഷന്‍ അബ്ദുല്‍ സലാം ഫൈസി അമാനത്ത്, യൂണിവേര്‍സിറ്റി സിണ്ടിക്കേറ്റ് മെമ്പര്‍ ഡോ.പ്രദ്യുംനന്‍ പിപി, ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.എ. ആയിഷ സ്വപ്‌ന, എംഇഎസ് മമ്പാട് കോളേജ് അറബി വകുപ്പ് മേധാവി ഡോ. എം.കെ. സാബിഖ്, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ലഫ്റ്റനന്റ് ഡോ. കെ.നിസാമുദ്ധീന്‍ , മുട്ടില്‍ ഡബ്‌ളിയു എം. ഒ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് അറബി വകുപ്പ് മേധാവി ഡോ.യുസുഫ് നദ് വി, സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ് വാന്‍സ്ഡ് സ്റ്റഡി പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ഇപി ഇമ്പിച്ചിക്കോയ, മദ്രാസ് യൂണിവേര്‍സിറ്റി അറബിക്, പേര്‍ഷ്യന്‍ ആന്റ് ഉറുദു വകുപ്പ് മേധാവി ഡോ. എ ജാഹിര്‍ ഹുസൈന്‍ , ഡോ. സി.എച്ച് ഇബ്രാഹീം കുട്ടി, യൂനി അറബിക് സ്ഥാപകന്‍ സഈദ് അലി അരീക്കോട് എന്നിവരും ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ചു.
അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അലി നൗഫല്‍ സ്വാഗതവും അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.മുനീര്‍ ജീ.പി. നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!