അറബിക് കാലിഗ്രാഫിയുടെ ലോകം വിസ്മയിപ്പിക്കുന്നത് : സബാഹ് ആലുവ

തേഞ്ഞിപ്പലം . മനോഹരമായ രൂപഭാവങ്ങളും സന്ദേശങ്ങളും സന്നിവേശിപ്പിക്കുന്ന അറബിക് കാലിഗ്രാഫിയുടെ ലോകം വിസ്മയിപ്പിക്കുന്നതാണെന്ന് ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെന്‍മാന്‍ഷിപ്പ് റിസര്‍ച്ച് സെന്റര്‍ ഡയറക്ടറും കാലിഗ്രഹി ഗവേഷകനുമായ സബാഹ് ആലുവ അഭിപ്രായപ്പെട്ടു.

കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വിഭാഗവും ഡെന്‍മാര്‍ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹംസ സമാഅ് ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര അറബിക് കോണ്‍ഫറന്‍സിന്റെ ഭാഗമായി നടന്ന കലിഗ്രാഫി വര്‍ക് ഷോപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിക്കുകയും കാലിഗ്രഹിയുടെ സവിശേഷമായ തലങ്ങളിലൂടെ സഞ്ചരിക്കുകയും ചെയ്ത സബാഹ് ആലുവ അറബി ഭാഷയുടെ ഊര്‍ജ്ജസ്വലമായ ലോകവും ഇസ് ലാമിക പഠനങ്ങളിലെ സമ്പന്നമായ സാംസ്‌കാരിക സ്വത്വത്തെയും പ്രകാശിപ്പിക്കുന്ന ഒരു അക്കാദമിക് യാത്രയാണ് അറബിക് കാലിഗ്രാഫിയെന്ന പക്ഷക്കാരനാണ്.
അക്കാദമിക വായനകളാണ് അറബി കലിഗ്രഫിയുടെ മര്‍മ്മമെന്നും പഠനപരിശീലനങ്ങളിലൂടെ ഈ കലയെ പരിപോഷിപ്പിക്കാനാകുമെന്നും പരിശുദ്ധ കഅ്ബയിലെ കിസ്‌വയെ കലിഗ്രഫി കൊണ്ട് ഭംഗിയാക്കുന്ന പ്രഗത്ഭനായ സൗദി കലാകാരനായ ഉസ്താദ് ഉസാമ അല്‍ ഖഹ്ത്വാനിയടക്കം ലോകപ്രശസ്തരായ പലരേയും നേരില്‍ കണ്ട് അഭിമുഖം നടത്തിയ സബാഹ് ആലുവ പറഞ്ഞു.
പെര്‍മാന്‍ഷിപ്പ് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ സബാഹ് ആലുവയോടൊപ്പം ഫാക്കല്‍ട്ടി മെമ്പര്‍ ജാസില ജാഫറും ശില്‍പശാലക്ക് നേതൃത്വം നല്‍കി.
അറബി വകുപ്പ് സെമിനാര്‍ ഹാളില്‍ ആരംഭിച്ച വര്‍ക് ഷോപ്പ് ഗ്രന്ഥകാരനും ഗവേഷകനുമായ അമാനുല്ല വടക്കാങ്ങര ഉദ്ഘാടനം ചെയ്തു.

അറബി വകുപ്പ് മേധാവി ഡോ.അബ്ദുല്‍ മജീദ് ടി എ അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മുനീര്‍ ജി.പി. സ്വാഗതം പറഞ്ഞു.
പ്രൊഫസര്‍ അബ്ദുല്‍ മജീദ് ഇ, അസോസിയേറ്റ് പ്രൊഫസര്‍മാരായ ഡോ. അലി നൗഫല്‍, ഡോ. പി.ടി.സൈനുദ്ധീന്‍, അധ്യാപകനും ഗവേഷകനുമായ നാഷിദ് വി എന്നിവര്‍ സംബന്ധിച്ചു.