ഖിഫ് സുപ്പര്‍ കപ്പ് : കെഎംസിസി മലപ്പുറം ഫൈനലില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്‌സ്‌ചേഞ്ച് ട്രോഫിക്കുവേണ്ടിയുളള മീഡിയ വണ്‍ ഖ്വിഫ് സൂപ്പര്‍ കപ്പില്‍ കെഎംസിസി മലപ്പുറം ഫൈനലില്‍ . ദോഹ സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന ആവേശകരമായ കടുത്ത പോരാട്ടത്തില്‍ കെഎംസിസി കോഴിക്കോടിനെ പരാജയപ്പെടുത്തിയാണ് മലപ്പുറം ഫൈനലില്‍ പ്രവേശിച്ചത്.
നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തെ സാക്ഷിയാക്കി ഇരു ടീമുകളും മനോഹരമായ നീക്കങ്ങളിലൂടെ കളം നിറഞ്ഞ് കളിച്ചപ്പോള്‍ ഈ ടൂര്‍ണമെന്റ് ഇത് വരെ കണ്ട ഏറ്റവും നല്ല മത്സരത്തിനാണ് കാല്‍ പന്തുകളിയാരാധകര്‍ സാക്ഷ്യം വഹിച്ചത്. ആദ്യ പകുതിയില്‍ ഗോളെന്നും നേടാനാവാതെ ഇരു ടീമുകളും വിയര്‍ത്തു. എന്നാല്‍ കളിയുടെ
66 ാം മിനുട്ടില്‍ മലപ്പുത്തിന് വേണ്ടി രണ്ടാം നമ്പര്‍ താരം നസീഫ് കെഎംസിസി കോഴിക്കോടിന്റെ വല കുലുക്കിയതോടെ കളിയുടെ ആവേശം കൂടി.
77 ാം മിനുട്ടില്‍ 22 ാം നമ്പര്‍ താരം ഫവാസ് കോഴിക്കോടിന് വേണ്ടി ഗോള്‍ മടക്കി സമനില പാലിച്ചതോടെ വീണ്ടും വര്‍ദ്ധിച്ച ആവേശത്തോടെയാണ് ഇരു ടീമുകളും പൊരുതിയത്. കളിയുടെ സമയം അവസാനിച്ചപ്പോഴും സമ നില തുടര്‍ന്നതിനാല്‍ കളി എക്‌സ്ട്രാടൈമിലേക്ക് കടന്നു. 5 മിനുട്ട് വീതം കളിച്ചു വെങ്കിലും ഗോളെന്നും പിറക്കാതെ വന്നപ്പോള്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങുകയായിരുന്നു. പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ലഭിച്ച അഞ്ച് അവസരങ്ങളും ഗോളുകളാക്കിയാണ് കെഎംസിസി മലപ്പുറം ഫൈനലില്‍ കടന്നത്. കെഎംസിസി കോഴിക്കോടിന് മൂന്ന് അവസരങ്ങളേ ഗോളുകളാക്കുവാന്‍ കഴിഞ്ഞുള്ളൂ.
കെഎംസിസി കോഴിക്കോടിന്റെ അലി ഇയാഷ് ആയിരുന്നു മാന്‍ ഓഫ് ദ മാച്ച്