റയല്‍ മാഡ്രിഡ് ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് 2024 ചാമ്പ്യന്മാര്‍
ദോഹ. കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫൈനല്‍ മല്‍സരത്തില്‍ മെക്‌സിക്കന്‍ കരുത്തരായ പാച്ചൂക്കയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കാര്‍ലോ ആന്‍സലോട്ടിയുടെ റയല്‍ മാഡ്രിഡ് ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് 2024 ചാമ്പ്യന്മാരായി.
കെലിയന്‍ എംബാപ്പെ, റോഡ്രിഗോ, വിനീഷ്യസ് ജൂനിയര്‍ എന്നിവരാണ് 67249 ആരാധകരാല്‍ നിറഞ്ഞ ലുസൈല്‍ സ്റ്റേഡിയത്തില്‍ റയല്‍ മാഡ്രിഡിന് അവിസ്മരണീയ രാവ് സമ്മാനിച്ചത്.
രണ്ട് വര്‍ഷം മുമ്പ് ,ഫിഫ 2022 ലോക കപ്പ് ഖത്തര്‍ ഫൈനലില്‍ ഇതേ വേദിയില്‍ ഹാട്രിക് നേടിയ കെലിയന്‍ എംബാപ്പെയാണ് കളിയുടെ തുടക്കത്തില്‍ ഉജ്വല ഫോമിലായിരുന്ന പാച്ചൂക്കയെ കളിയുടെ മുപ്പത്തിയേഴാം മിനിറ്റില്‍ ഞെട്ടിച്ചത് .
പച്ചൂക്കയുടെ ഗോള്‍കീപ്പര്‍ കാര്‍ലോസ് മൊറേനോയുടെ മാന്ത്രിക വലയം ഭേദിച്ച് ഗോള്‍വല കുലുക്കിയതോടെ റയല്‍ മാഡ്രില്‍ കളിയുടെ മേല്‍ കൈ ഏറ്റെടുത്തു. കളിയുടെ അമ്പത്തി മുന്നാം മിനിറ്റില്‍ റോഡ്രിഗോയും എണ്‍പത്തി നാലാം മിനിറ്റില്‍ വിനീഷ്യസും ഗോളുകള്‍ നേടി കാല്‍പന്തുകളി ലോകത്തെ തങ്ങളുടെ മേധാവിത്തം റയല്‍ മാഡ്രില്‍ ഒരിക്കല്‍ കൂടി തെളിയിച്ചു.
ഈ സീസണില്‍ തന്റെ ടീമിന്റെ മികച്ച പ്രകടനങ്ങളോടെ പതിനഞ്ചാം കിരീടവും സ്വന്തമാക്കിയ ആന്‍സലോട്ടി,1960 കളിലും 70 കളിലും സ്പാനിഷ് പവര്‍ഹൗസ് കൈകാര്യം ചെയ്ത മിഗ്വല്‍ മുനോസ് നേടിയ 14 ട്രോഫികള്‍ മറികടന്ന് റയല്‍ മാഡ്രിഡിന്റെ ചരിത്രത്തില്‍ ടീമിന് ഏറ്റവും കൂടുതല്‍ ട്രോഫികള്‍ നേടിക്കൊടുത്ത പരിശീലകനെന്ന പേരും സ്വന്തമാക്കിയാണ് ലുസൈല്‍ സ്റ്റേഡിയത്തില്‍ നിന്നും മടങ്ങിയത്.