സിനിമകളുടെ സ്വാധീനം കുട്ടികളില്‍

സവിതാ ദീപു
സിനിമകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് ലാഭം മാത്രം മതിയെന്നും, അഭിനയിക്കുന്നവര്‍ക്ക് ഒരുവട്ടമെങ്കിലും വെള്ളിത്തിരയില്‍ മുഖം കാട്ടിയാല്‍ മതിയെന്നും എഴുത്തുകാരന് പേര് മതിയെന്നും തോന്നിത്തുടങ്ങിയ കാലത്താണ് നമ്മുടെ സിനിമകള്‍ നിറം കെട്ടുതുടങ്ങിയതെന്നാണ് എനിക്ക് പലപ്പോഴും തോന്നാറുള്ളത്.
പഴയകാല സിനിമകളില്‍ മനുഷ്യജീവിതം പച്ചയായി വരച്ചു കാട്ടി, എത്ര വലിയ പ്രതിസന്ധികള്‍ ആണെങ്കിലും അതെല്ലാം അതിജീവിച്ച് ശുഭമായി അവസാനിക്കുമ്പോള്‍, പുഞ്ചിരിയോടു കൂടി സിനിമാ തീയേറ്ററുകളില്‍ നിന്ന് ഇറങ്ങുന്ന കുടുംബങ്ങള്‍ സമാധാനപരമായ ജീവിതം മുന്നിലുണ്ടെന്ന ഉറപ്പോടുകൂടിയാണ് മുന്നോട്ട് ജീവിക്കുക.
സിനിമകള്‍ സമൂഹത്തിന് നല്‍കേണ്ടത് നന്മയുടെ സന്ദേശങ്ങളാണ്.
അന്ന്, ജീവിക്കാന്‍ ആവശ്യമായ ചുറ്റുപാടുകള്‍ ഉണ്ടാക്കിയെടുക്കുന്ന നായകനും കണ്ണുകള്‍ കൊണ്ട് മാത്രം പ്രണയം തോന്നിയ പെണ്ണിനെ ഒരിക്കലും കൈവിടാതെ, ആരൊക്കെ എതിര്‍ത്താലും സ്വന്തമാക്കണമെന്ന ശൗര്യമുള്ള പുരുഷനും, ഭൂമി തന്നെ പിളര്‍ന്നു പോയാലും സ്‌നേഹിച്ചവനെ വിട്ടു പിരിയില്ലെന്ന് പ്രതിജ്ഞയെടുത്ത സ്ത്രീയെയും വരച്ചു കാട്ടുന്ന സിനിമകളുടെ കാലമായിരുന്നു.
നായകന്, സ്വന്തമാക്കാനുള്ള താത്രപ്പാടില്‍ പെണ്ണിന്റെ ഫാമിലിയുമായി ചെറിയ കയ്യാങ്കളികളൊഴിച്ചാല്‍….
അതും, ജീവിതം തുടങ്ങുമ്പോള്‍ പിണക്കം മാറുന്ന കുഞ്ഞി തല്ലുകള്‍…
രക്തം വീഴ്ത്തിയുള്ള ക്രൂരതകള്‍ ഒരിക്കലും ഉണ്ടാകുമായിരുന്നില്ല.
എന്നാല്‍ ക്രമേണ ആ ചെറിയ തല്ലുകള്‍ കത്തിക്കുത്തിലേക്കും കൊലപാതകത്തിലേക്കും പ്രതികാരത്തിലേക്കും എടുത്തു ചാടി.എഴുത്തുകാരന്റെ ഭാവനകളില്‍ രക്തത്തിന്റെ ചുവപ്പ് നിറഞ്ഞു തുടങ്ങിയപ്പോള്‍, പാട്ടുകളും രുദ്ര താണ്ഡവം നിറഞ്ഞവയായി.
കൊലപാതകം എങ്ങനെ നടത്തണമെന്നും, അതെങ്ങനെ മൂടി വയ്ക്കണമെന്നും സിനിമകളിലൂടെ ജനങ്ങളിലേക്ക് എത്തിച്ചത് ഇങ്ങനെയുള്ള മാഫിയകളല്ലേ.
അതോടൊപ്പം, പോലീസിനെ വിലകുറച്ചു കാണിച്ചു കൊണ്ട് പണമെറിഞ്ഞാല്‍ ഏതു പോലീസും കണ്ണടയ്ക്കുമെന്ന് പ്രചരിപ്പിച്ചു വീര്യമുള്ള അവരുടെ കൈകളെ, അഭിമാനത്തെ, എത്തിക്‌സുകളെ എല്ലാം ഒന്നുമല്ലാതാക്കിയതിലും സിനിമകള്‍ക്ക് പങ്കില്ലേ,
ഓരോ രാഷ്ട്രീയക്കാരനും ജനങ്ങളുടെ പ്രതിനിധികള്‍ എന്നതിനേക്കാളുപരി അവരെ കൊള്ളയടിക്കേണ്ടവരാണ്… അവരില്‍ നിന്ന് എങ്ങനെ പണം ഈടാക്കി സ്വന്തം കീശ വീര്‍പ്പിക്കാമെന്ന് കാണിച്ചു കൊടുത്തത് സിനിമക്കാര് തന്നെയല്ലേ??
ജന മനസ്സുകളില്‍ ഇടം പിടിച്ചു നായക സ്ഥാനം നേടിയവര്‍ എന്ത് ചെയ്താലും ശരിയാണ് എന്നൊരു ജനവിഭാഗം തന്നെ ഉരുവായി.
മുതിര്‍ന്നവര്‍, വീടുകളില്‍ സ്വന്തം ഭാര്യയോടും മക്കളോടും സഹോദരങ്ങളോടും സ്വയം നായകനാണെന്നു സങ്കല്‍പ്പിച്ചു, ചെറിയ കാര്യങ്ങള്‍ക്ക് പോലും വഴക്കും വാശിയും കാണിക്കാന്‍ തുടങ്ങി. മദ്യത്തിന്റെ വീര്യം കൂടിയായപ്പോള്‍ എത്ര വലിയവനാണെങ്കിലും,നിലതെറ്റി വീണു.
സംരക്ഷകരാവേണ്ടവര്‍ ഉപദ്രവം തുടങ്ങിയപ്പോള്‍, നിരാലംബരായവര്‍ സഹിച്ചു, നാണക്കേടോര്‍ത്തു
മിണ്ടാതിരുന്നു.
ഇതെല്ലാം കണ്ടു വളര്‍ന്ന തലമുറകള്‍,
മുതിര്‍ന്നവരെ പിന്തുടര്‍ന്നതല്ലേ??
കുട്ടികള്‍,
അവര്‍ വളരുന്നതോടൊപ്പം വളര്‍ന്ന
മാധ്യമങ്ങള്‍, അവരെ ക്രൂരതയുടെ പുതിയ മുഖങ്ങള്‍ കാട്ടിക്കൊടുത്തു… അവരത് മത്സര ബുദ്ധിയോട് കൂടി പ്രാവര്‍ത്തികമാക്കാനും തുടങ്ങി.
പരസ്പരം വിശ്വാസമില്ലാത്ത, റെസ്പെക്ട് ഇല്ലാത്ത മാതാപിതാക്കള്‍ /പണത്തിനും സ്വത്തിനും വേണ്ടി കടിപിടി കൂടുന്ന മുതിര്‍ന്നവര്‍, സ്വന്തം ഈഗോ മക്കളില്‍ അടിച്ചേല്‍പ്പിച്ചു അടിമകളാക്കി വളര്‍ത്തുന്ന മാതാപിതാക്കള്‍….
ജീവിതം മൂല്യം എന്താണെന്ന്/ എവിടെ നിന്ന് കിട്ടും എന്ന് അറിയാതെ വളരുന്ന കുട്ടികള്‍…
പണവും പദവിയും മാത്രം വലുതെന്നു കരുതി മാതാപിതാക്കളെ വലിച്ചെറിയുന്നത് കണ്ടു വളരുന്ന മക്കള്‍…
അതെല്ലാ വിധ സോഷ്യല്‍ മീഡിയയിലൂടെയും അവരിലും വിഷം നിറയ്ക്കുന്നുണ്ട്.
അവര്‍ക്ക് എളുപ്പം കിട്ടുന്നത് അവരുടെ കയ്യിലുള്ള ചതുരപ്പെട്ടിയുടെ നീല വെളിച്ചത്തിലൂടെ കിട്ടുന്ന അറിവുകള്‍ മാത്രം.
നമ്മുടെ നിയമ വ്യവസ്ഥിതിയാണെങ്കില്‍…
കള്ളനെയും കൊലപാതകിയെയും തീറ്റിപ്പോറ്റുന്ന സുഖവാസ കേന്ദ്രങ്ങളുടെ കലവറ.
ഇതിനെല്ലാമുപരി, സ്മാര്‍ട്ട് ആയി വളരുന്ന നമ്മുടെ രാജ്യത്തെ കുട്ടികളെ ഇല്ലാതാക്കി,
രാജ്യം വെറും ക്രിമിനലുകളുടെയും തെമ്മാടികളുടെയും നാടാക്കി മാറ്റി രാജ്യത്തിന്റെ വളര്‍ച്ചയെ തന്നെ ഇല്ലാതാക്കി മാറ്റാന്‍ ശ്രമിക്കുന്ന മാഫിയകളും സജീവമാണെന്ന് ഏതൊരാള്‍ക്കും മനസ്സിലാവില്ലേ.
ഇന്നത്തെ കുഞ്ഞുങ്ങള്‍ നാളത്തെ പൗരന്മാര്‍ ആണെന്ന് നാമോരൊരുത്തരും മനസ്സിലാക്കി കുഞ്ഞുങ്ങളെ, തലമുറകളെ സംരക്ഷിക്കുക.
എല്ലാവരും സ്വയം ഉത്തരവാദിത്വമുള്ളവരാവുക.
അറിയുക…!
സിനിമയുടെ വെള്ളിത്തിരയില്‍ ആടുന്നതും ചതുരപ്പെട്ടിയുടെ നീലവെളിച്ചത്തിന്റെ
കുളിര്‍മ്മയില്‍,
നാലുചുവരുകളുടെ സുരക്ഷിതത്വത്തില്‍ കാണുന്ന ഭാവനകളല്ല ജീവിതമെന്നറിയുക
കലയും സംസ്‌കാരവും ജീവിത മൂല്യങ്ങളും ഉദ്‌ഘോഷിക്കുന്ന ചിത്രങ്ങളും കലാരൂപങ്ങളുമാണ് നമുക്കാവശ്യം.