അക്ബര്‍ അല്‍ ബാക്കര്‍ വണ്‍ വേള്‍ഡ് ഗ്‌ളോബല്‍ എയര്‍ലൈന്‍ അലയന്‍സ് ചെയര്‍മാന്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ലോകത്തെ പ്രമുഖ എയര്‍ലൈന്‍ കൂട്ടായ്മയായ വണ്‍ വേള്‍ഡ് ഗ്‌ളോബല്‍ എയര്‍ലൈന്‍ അലയന്‍സ് ചെയര്‍മാനായി ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അക്ബര്‍ അല്‍ ബാക്കര്‍ തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ വണ്‍വേള്‍ഡ് ഗവേണിംഗ് ബോര്‍ഡ് ചെയര്‍മാന്‍ ക്വാണ്ടാസ് ഗ്രൂപ്പിന്റെ ഗ്രൂപ്പ് സിഇഒ. അലന്‍ ജോയ്സിന്റെ പിന്‍ഗാമിയാണ് അല്‍ ബാക്കര്‍ ചുമതലയേല്‍ക്കുക.
ആഗോള എയര്‍ലൈന്‍ വ്യവസായം ഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്ന കോവിഡ് മഹാമാരിയുടെ സമയത്ത് എയര്‍ലൈന്‍ കൂട്ടായ്മയുടെ ഉത്തരവാദിത്തം എന്നിലേല്‍പ്പിച്ച ബോര്‍ഡിലെ സഹ മെമ്പര്‍മാരുടെ പ്രതീക്ഷക്കൊത്തുയരുവാന്‍ പരിശ്രമിക്കുമെന്നും അഭിമാനകരമായ ഒരു ദൗത്യമായാണ് ഇതിനെ കാണുന്നതെന്നും അല്‍ ബാക്കര്‍ പറഞ്ഞു.
കോവിഡ് കാലത്തും വണ്‍ വേള്‍ഡ് ഗ്‌ളോബല്‍ എയര്‍ലൈന്‍ അലയന്‍സ് വളരുകയാണുണ്ടായത്. അലാസ്‌ക എയര്‍ലൈന്‍സും റോയല്‍ എയര്‍ മരോക്കിലും പുതിയ അംഗങ്ങളായി ഗ്രൂപ്പില്‍ ചേര്‍ന്നത് ഈ സമയത്താണ് . ഖത്തര്‍ എയര്‍വേയ്സ് 2013 ഒക്ടോബര്‍ മുതല്‍ വണ്‍ വേള്‍ഡില്‍ അംഗമാണ്
മഹാമാരിയുടെ കാലത്തും ട്രാവല്‍ ഇന്‍ഡസ്ട്രിയില്‍ ഉപഭോക്തൃ സേവനത്തിന്റെയും സുരക്ഷയുടേയും പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ഡിജിറ്റല്‍ ഹെല്‍ത്ത് പാസ്പോര്‍ട്ടുകളടക്കമുള്ള നവീകരണം പരീക്ഷിക്കുന്നതിന് ഖത്തര്‍ എയര്‍വേയ്സ് ഉള്‍പ്പെടെ നിരവധി അംഗങ്ങളുമായി ചേര്‍ന്ന് നേതൃത്വം കൊടുക്കുന്ന ഒരു സഖ്യത്തെ നയിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് അല്‍ ബാക്കര്‍ പറഞ്ഞു.
കഴിഞ്ഞ 18 മാസത്തിനിടെ ഖത്തര്‍ എയര്‍വേയ്സ് സഹ വണ്‍വേള്‍ഡ് അംഗങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം വര്‍ദ്ധിപ്പിക്കുകയും അംഗ വിമാനക്കമ്പനികള്‍ തമ്മിലുള്ള പങ്കാളിത്തത്തിന്റെ കരുത്ത് പ്രയോജനപ്പെടുത്തുകയും ചെയ്തു.
ആഗോള സമ്പദ്വ്യവസ്ഥയില്‍ വിമാനക്കമ്പനികളും വ്യോമയാനവും വഹിക്കുന്ന പങ്ക് ഏറ്റവും കൂടുതല്‍ ബോധ്യമായ വര്‍ഷമാണ് കടന്നുപോയത്. ആളുകളേയും മരുന്ന്, ഭക്ഷണം തുടങ്ങിയ അവശ്യ വസ്തുക്കളും ഉദ്ദിഷ്ട സ്ഥലങ്ങളിലെത്തിച്ച് ജീവിതത്തെയും ഉപജീവനത്തെയും സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണച്ചത് വ്യോമയാന മേഖലയാണ് .
1997 ല്‍ ലോഞ്ച് ചെയ്തതുമുതല്‍ ഖത്തര്‍ എയര്‍വേയ്സിനെ നയിച്ച അല്‍ ബാക്കര്‍ ഒരു വണ്‍ വേള്‍ഡ് അംഗ എയര്‍ലൈന്‍സിന്റെ സി. ഇ. ഒ. പദവി ഏറ്റവും കൂടുതല്‍ കാലം വഹിച്ച വിദദ്ധനാണ് . ഖത്തര്‍ എയര്‍വേയ്‌സിനെ ലോകത്തിലെ മികച്ച എയര്‍ലൈനാക്കി മാറ്റുന്നതിലും നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമാക്കുന്നതിലും അല്‍ ബാക്കറിന്റെ നേതൃത്വത്തിന് വലിയ പങ്കുണ്ട്.
ആഗോള വ്യോമയാന വ്യവസായത്തില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായ അല്‍ ബാക്കര്‍ 2018 ജൂണ്‍ മുതല്‍ 2019 ജൂണ്‍ വരെ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) ബോര്‍ഡ് ഓഫ് ഗവര്‍ണര്‍മാരുടെ ചെയര്‍മാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2012 മുതല്‍ അദ്ദേഹം അയാട്ടയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സില്‍ അംഗമാണ്. അറബ് എയര്‍ കാരിയേഴ്‌സ് ഓര്‍ഗനൈസേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും ഹീത്രോ എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ് അദ്ദേഹം. കൂടാതെ ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സില്‍ സെക്രട്ടറി ജനറലായും സേവനമനുഷ്ഠിക്കുന്നു.