ഇഹ്തിറാസ് ആപ്ളിക്കേഷന്‍ ജി.സി.സി. തലത്തില്‍ പ്രയോജനപ്പെടും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ്് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഖത്തര്‍ വികസിപ്പിച്ചെടുത്ത ഇഹ്തിറാസ് ആപ്ളിക്കേഷന്‍ താമസിയാതെ തന്നെ ജി.സി.സി. തലത്തില്‍ പ്രയോജനപ്പെടുമെന്ന് ഖത്തറിലെ ഹമദ്് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.യൂസുഫ് അല്‍ മസ്ലമാനി അഭിപ്രായപ്പെട്ടു. ഖത്തര്‍ ടെലിവിഷന്റെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി.സി.സി. രാജ്യങ്ങളിലേക്കുള്ള പ്രവേശനവും പുറത്തുകടക്കലും സംബന്ധിച്ച നടപടി ക്രമങ്ങള്‍ക്ക് ഇഹ്തിറാസ് ആപ്ളിക്കേഷന്‍ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് ജി.സി.സി. ആരോഗ്യ മന്ത്രിമാര്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ താമസക്കാര്‍ക്കും പൗരന്മാര്ക്കും വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഇഹ്തിറാസ് ആപ്ളിക്കേഷന്‍ ഉപയോഗിക്കുവാന്‍ കഴിയും.
9 മാസത്തിനുള്ളില്‍ കോവിഡ് ഭേദമായവര്‍ക്കും വാക്സിനെടുത്തവരുടെ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നത് ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ഇഹ്തിറാസ് ആപ്ളിക്കേഷനില്‍ ഈയിടെവരുത്തിയ അപ്ഡേഷനുകള്‍ ഈ പഠനമനുസരിച്ചാണെന്നും ഒരു ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ സമൂഹത്തിന് വലിയ പങ്കുണ്ട്. പ്രതിരോധ സുരക്ഷ നടപടികള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ കാണിക്കുന്ന ജാഗ്രത, വാക്സിനേഷനിലെ പുരോഗതി, പ്രോട്ടോക്കോളുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെയുള്ള നടപടി തുടങ്ങിയവയാണ് ഖത്തറില്‍ കോവിഡ് നിയന്ത്രണ വിധേയമാക്കുവാന്‍ സഹായിച്ചത്. ഇതേ ജാഗ്രതയോടെ പ്രതിരോധ നടപടികള്‍ തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ കേസുകള്‍ ഇനിയും കുറയും. ക്രമേണ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തി ജീവിതം സാധാരണ നിലയിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഏത് മഹാമാരിയെ നിയന്ത്രിക്കുന്നതിലും സമൂഹത്തിന്റെ പങ്ക് പ്രധാനമാണ് . ഗവണ്മെന്റും സമൂഹവും സഹകരിച്ച് മുന്നേറുമ്പോഴാണ് രാജ്യത്ത് സ്ഥിതിഗതികള്‍ മെച്ചപ്പെടുക. ചികില്‍സ സൗകര്യമൊരുക്കുക,ആവശ്യമായ മരുന്നും വാക്സിനേഷനും ലഭ്യമാക്കുക, സമയാസമയങ്ങളില്‍ പാലിക്കേണ്ട പ്രതിരോധ സുരക്ഷ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുക, നിയമലംഘകര്‍ക്കെതിരെയുള്ള നടപടികള്‍ സ്വീകരിക്കുക മുതലായവയാണ് ഗവണ്മെന്റിന് ചെയ്യാന്‍ കഴിയുക. എന്നാല്‍ ഗവണ്മെന്റ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ സര്‍വാത്മനാ അംഗീകരിച്ച് സമൂഹം കൂടെ നില്‍ക്കുമ്പോഴാണ് ഏതൊരു നടപടിയും വിജയിക്കുക, അദ്ദേഹം പറഞ്ഞു.