ഖലീല്‍ അല്‍ മുഹന്നദി ഏഷ്യന്‍ ടേബിള്‍ ടെന്നീസ് യൂണിയന്‍ പ്രസിഡണ്ട്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്റര്‍നാഷണല്‍ ടേബിള്‍ ടെന്നീസ് ഫെഡറേഷന്റെ ഡെപ്യൂട്ടി പ്രസിഡന്റും ഈയിടെ രൂപീകരിച്ച വേള്‍ഡ് ടേബിള്‍ ടെന്നീസ് ബോര്‍ഡ് അംഗവും ഖത്തര്‍ ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ പ്രസിഡന്റുമായ ഖലീല്‍ അല്‍ മുഹന്നദി ഏഷ്യന്‍ ടേബിള്‍ ടെന്നീസ് യൂണിയന്‍ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.
ലുസെയ്ല്‍ ഹാളില്‍ നടക്കുന്ന 2021 ലെ പുരുഷ -വനിതാ ഏഷ്യന്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിനോടനുബന്ധിച്ച് ഞായറാഴ്ച ദോഹയില്‍ നടന്ന ദ്വിവത്സര പൊതുയോഗത്തിലാണ് ഏഷ്യന്‍ ടേബിള്‍ ടെന്നീസ് യൂണിയന്‍ പ്രസിഡന്റായി ഖലീല്‍ അല്‍ മുഹന്നദിയെ എതിരില്ലാതെ തിരഞ്ഞെടുത്തത്. ഏകദേശം അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഏഷ്യന്‍ യൂണിയന്‍ സ്ഥാപിതമായതിനുശേഷം, കിഴക്കന്‍ കോണ്ടിനെന്റല്‍ രാജ്യങ്ങളുടെ കുത്തക അവസാനിപ്പിച്ച് ഈ പദവിയിലെത്തുന്ന ആദ്യ അറബ് വംശജനാണ് അല്‍ മുഹന്നദി .
ഖലീല്‍ അല്‍ മുഹന്നദിിക്കൊപ്പം ഏഷ്യന്‍ ടേബിള്‍ ടെന്നീസ് യൂണിയന്റെ മുഴുവന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും തിരഞ്ഞെടുക്കപ്പെട്ടു.
കിം തെയ്ക്‌സൂ , സു സിന്‍ ഡെപ്യൂട്ടി പ്രസിഡന്റുമാര്‍ , അഫ്ഷിന്‍ ബാദി , സെക്രട്ടറി ജനറല്‍ മുഹമ്മദ് ബഖീര്‍ സജാദ് , ട്രഷറര്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍.
44 അംഗ അസോസിയേഷനുകള്‍ ഉള്‍പ്പെടുന്ന ഏഷ്യന്‍ യൂണിയന്റെ പ്രസിഡന്റായാണ് ഖത്തരിയായ അല്‍ മുഹന്നദി അധികാരമേല്‍ക്കുന്നത്.