ലോക റെക്കോര്‍ഡുകളില്‍ കണ്ണുനട്ട് ഖത്തറിലെ ഖത്തൈഫാന്‍ ദ്വീപിലെ ഐക്കണ്‍ ടവര്‍ നിര്‍മാണം പുരോഗമിക്കുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ലോക റെക്കോര്‍ഡുകളില്‍ കണ്ണുനട്ട് ഖത്തറിലെ ഖത്തൈഫാന്‍ ദ്വീപിലെ ഐക്കണ്‍ ടവര്‍ നിര്‍മാണം പുരോഗമിക്കുന്നു. ഖത്തറിലെ ഏറ്റവും വലിയ നഗരമായി അതിവേഗം വികസിക്കുന്ന ലുസൈല്‍ സിറ്റിയിലെ ഖത്തൈഫാന്‍ ദ്വീപിന്റെ വടക്ക് ഭാഗത്താണ് ലോകോത്തര സംവിധാനങ്ങളും ആകര്‍ഷണങ്ങളുമായി ഐക്കണ്‍ ടവര്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്.
ഖത്തറിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാകാന്‍ പോകുന്ന ഖത്തൈഫാന്‍ ദ്വീപിന്റെ 60 ശതമാനം പണി പൂര്‍ത്തിയായി കഴിഞ്ഞു. കായികലോകം കാത്തിരിക്കുന്ന 2022 ഫിഫ ലോകകപ്പിന് മുന്നോടിയായി ദ്വീപ് സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷ. പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ പ്രതിദിനം 6500 സന്ദര്‍ശകരെ ഉള്‍കൊള്ളാന്‍ ശേഷിയുള്ള മനോഹരമായ ദ്വീപാണിത്.
ലോകത്തിലെ ഏറ്റവും ഉയരമുള്ള വാട്ടര്‍ സ്ലൈഡ് എന്നതിനൊപ്പം ഏറ്റവും കൂടുതല്‍ വാട്ടര്‍ സ്ലൈഡുകള്‍ അടങ്ങിയിരിക്കുന്നതിനും ഐക്കണ്‍ ടവര്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രൊജക്റ്റിന്റെ നിര്‍മാണ ചുമതലയുള്ള എഞ്ചിനീയര്‍ മുസ്തഫ അല്‍ ചെര്‍ക്കാവിയെ ഉദ്ധരിച്ച് പ്രമുഖ പ്രാദേശിക ഇംഗ്‌ളീഷ് ദിനപത്രം ദ പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് ഗിന്നസ് റെക്കോര്‍ഡുകളാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ള പരിശ്രമങ്ങള്‍ തുടരുന്നു. ഗിന്നസ് റെക്കോര്‍ഡ് അധികൃതരുമായി ആശയവിനിമയം നടത്തിയതായും ഖത്തര്‍ ആതിഥ്യമരുളുന്ന ഫിഫ 2022 ലോകകപ്പിന് മുമ്പായി ഈ രണ്ട് അംഗീകാരങ്ങളും നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും ചര്‍ക്കാവി പറഞ്ഞു.
ഐക്കണ്‍ ടവറിന്റെ കോണ്‍ക്രീറ്റ് ഘടന പൂര്‍ത്തിയായിട്ടുണ്ടെന്നും യു.എസ്., കാനഡ, നെതര്‍ലന്റ്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ദ സംഘം അതിന്റെ ലൂപ്പുകള്‍ സ്ഥാപിക്കുകയാണെന്നും എഞ്ചിനീയര്‍ മുസ്തഫ പറഞ്ഞു. ലൂപ്പുകള്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പരിശോധിക്കുന്ന സംഘം ഖത്തറിലെത്തി ടവര്‍ വിലയിരുത്തും.
ഖത്തൈഫാന്‍ ദ്വീപിലെ വാട്ടര്‍ പാര്‍ക്കില്‍ 66 സ്ലൈഡുകള്‍, 21 ടവറുകള്‍, 26 കെട്ടിടങ്ങള്‍, 15 പൂളുകള്‍, 45 കബാനകള്‍, ഭക്ഷണശാലകള്‍, അഞ്ച് ട്രെയിന്‍ സ്റ്റേഷനുകള്‍, ഒരു സ്വകാര്യ ബീച്ച് എന്നിവ ഉള്‍പ്പെടുന്നു.
മിഡില്‍ ഈസ്റ്റിലെയെന്നല്ല ലോകാടിസ്ഥാനത്തില്‍ തന്നെയുള്ള വാട്ടര്‍ പാര്‍ക്കുകളെ താരതമ്യം ചെയ്യുമ്പോള്‍ ഒട്ടേറെ സവിശേഷതകളുള്ള ഈ പാര്‍ക്ക് ഖത്തറിന്റെ ടൂറിസം ഭൂപടത്തിലെ പ്രധാന ആകര്‍ഷകമാകും.