2022 ഫിഫ ലോകകപ്പ് ഖത്തര്‍ കളിയാരാധകരുടെ ഗതാഗതത്തിനായി 3,000 പരിസ്ഥിതി സൗഹൃദ ബസുകള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. 2022 ഫിഫ ലോകകപ്പ് ഖത്തര്‍ കളിയാരാധകരുടെ ഗതാഗതത്തിനായി പരിസ്ഥിതി സംരക്ഷണത്തിന്റെ ആഗോള സവിശേഷതകള്‍ പാലിക്കുന്ന 25 ശതമാനം ഇലക്ട്രിക് ബസുകള്‍ ഉള്‍പ്പെടെ 3,000 ബസുകള്‍ വിന്യസിക്കും. ഇത് ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ലോകകപ്പ് യാഥാര്‍ഥ്യമാക്കാനുള്ള ഖത്തറിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് .
2022ലെ ഫിഫ ലോകകപ്പ് ഖത്തറില്‍ ഉപയോഗിക്കുന്ന 3,000 ബസുകളില്‍ മൂന്നിലൊന്ന് ബസുകളും ഞങ്ങള്‍ ഉപയോഗിച്ചു അല്ലെങ്കില്‍ പരീക്ഷിച്ചുവെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി മൊബിലിറ്റി ഡയറക്ടര്‍ താനി അല്‍ സറ പറഞ്ഞു. ഖത്തര്‍ റേഡിയോയുടെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടാര്‍ഗെറ്റുചെയ്ത മൊത്തം ബസുകളുടെ 25 ശതമാനവും ഇലക്ട്രിക്ക് ഊര്‍ജം ഉപയോഗിച്ച് സര്‍വീസ് നടത്തുന്നതായിരിക്കുമെന്നും ബാക്കിയുള്ളവ പരിസ്ഥിതിയെ ബാധിക്കാത്ത ആഗോള മാനദണ്ഡങ്ങള്‍ പാലിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
മാധ്യമ പ്രവര്‍ത്തകര്‍, തൊഴിലാളികള്‍, ആരാധകര്‍ തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കും ഈ ബസുകള്‍ സേവനം നല്‍കും. സെന്‍ട്രല്‍ ദോഹ പോലുള്ള സുപ്രധാന പ്രദേശങ്ങളിലും സ്റ്റേഡിയങ്ങള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലും മാച്ച് ടിക്കറ്റുള്ള ആരാധകര്‍ക്ക് സൗജന്യ ഗതാഗതം നല്‍കും, ”അല്‍ സറ പറഞ്ഞു.
അല്‍ തുമാമ സ്റ്റേഡിയം ഉദ്ഘാടന വേളയിലും 2021 ലെ അമീര്‍ കപ്പിന്റെ ഫൈനല്‍ മത്സരം, ആദ്യ ഫിഫ അറബ് കപ്പ് തുടങ്ങി നിരവധി അവസരങ്ങളില്‍ ഇലക്ട്രിക് ബസുകള്‍ പരീക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ ബസുകളും 2022 ന്റെ ആദ്യ പാദം അവസാനത്തോടെ ഡെലിവര്‍ ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.