കോവിഡ് പ്രതിസന്ധി നീങ്ങുന്നു; പ്രവാസം സാധാരണ നിലയിലേക്ക്
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകാടിസ്ഥാനത്തില്‍ തന്നെ കോവിഡ് പ്രതിസന്ധി നീങ്ങുന്നതോടെ പ്രവാസം സാധാരണ നിലയിലേക്ക് നീങ്ങുമെന്ന് വിലയിരുത്തല്‍. വ്യോമയാന രംഗത്തുണ്ടാകുന്ന ഉണര്‍വ ടൂറിസം മേഖലയിലെന്നപോലെ തൊഴില്‍ രംഗത്തും സാമ്പത്തിക മേഖലയിലുമൊക്കെ ആരോഗ്യകരമായ മാറ്റങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യന്‍ ഡയസ്ഫോറ അംബാസിഡര്‍ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി അഭിപ്രായപ്പെട്ടു.
രണ്ട് വര്‍ഷമായി തുടരുന്ന എയര്‍ ബബ്ള് കരാര്‍ പിന്‍വലിച്ച് സാധാരണ ഗതിയില്‍ വിമാന സര്‍വീസ് തുടങ്ങാനുള്ള അനുമതി നല്‍കിയതോടെ യാത്രക്ക് ഉണ്ടായിരുന്ന അവസാന പ്രയാസവും മാറിയിരിക്കുകയാണ്. ഗള്‍ഫ് നാടുകള്‍ കോവിഡ് മുക്തമാവുകയും ഇന്ത്യയില്‍ വാക്സിനേഷന് നിരക്ക് ഗണ്യമായി കൂടി കോവിഡ് കേസുകള്‍ ഏറെ കുറയുകയും ചെയ്ത സാഹചര്യവും ഇത്തരം നല്ലൊരു തീരുമാനത്തിലേക്ക് നയിച്ച ഘടകങ്ങളാകാം.
ഇന്ത്യയില്‍ നിന്നും ഇന്ത്യയിലേക്കും യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട പി.സി.ആര് ടെസ്റ്റ്, ക്വാറന്റയിന്‍ തുടങ്ങിയ പണച്ചെലവും സമയവും മറ്റു പല പ്രശ്നങ്ങള്‍ക്കും കാരണമാവുകയും എയര്‍ബബ്ള്‍ കരാറിന്റെ പേരില്‍ നിരന്തരം വിമാനങ്ങള്‍ റദ്ദാക്കുകയും പലപ്പോഴും അര്‍ഹമായ നഷ്ടപരിഹാരം പോലും നിഷേധിക്കപ്പെടുകയും ചെയ്തത് നിരവധി പേരെയാണ് പ്രയാസത്തിലാക്കിയിരുന്നത്.
എയര്‍ലൈന്‍ രംഗത്തെ ഇന്റലിജന്‍സ് ഏജന്‍സിയായ ഒഫീഷ്യല്‍ എവിയേഷന്‍ ഗൈഡിന്റെ ഡാറ്റ വ്യക്തമാക്കുന്നത് ലോകത്താകമാനം പ്രതിവാരം 9053 ക്യാന്‍സല്‍ ചെയ്യുന്നുവെന്നാണ്.
അതിലുപരിയായി, എയര്‍ ബബ്ള് കരാര്‍ പിന്‍വലിക്കണമെന്ന് അയാട്ടയും ലോകരാഷ്ട്രങ്ങളോട് വളരെ ശക്തമായ രൂപത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ഈ തീരുമാനത്തോടെ കണക്ഷന് ഫ്ൈളറ്റ് സൗകര്യങ്ങള്‍ അടക്കം പുന:സ്ഥാപിക്കുകയും താരതമ്യേന കുറഞ്ഞ നിരക്കില്‍ യാത്രക്ക് അവസരം ലഭിക്കുകയും ചെയ്യും.
കോവിഡ് ഗണ്യമായി കുറഞ്ഞതോടെ ഗള്‍ഫ് നാടുകള്‍ അടക്കമുള്ള രാജ്യങ്ങളില്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാവുമെന്നും പ്രതീക്ഷിക്കുന്നതായി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി പറഞ്ഞു.
സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് സര്‍വെ പ്രകാരം കോവിഡ് കാലത്ത് നാട്ടിലേക്ക് തിരിച്ചെത്തിയ 14.71 ലക്ഷം ആളുകളില്‍ 3.32 ലക്ഷം ആളുകള്‍ക്ക് തിരിച്ചു പോവാന്‍ സാധിച്ചിട്ടില്ല. അതായത്, 23% പേര്‍ക്കും തിരികെപ്പോവാന്‍ സാധിച്ചിട്ടില്ല .
മാറിയ സാഹചര്യത്തില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന പലര്‍ക്കും തിരികെ ജോലി ലഭ്യമാവാനുള്ള സാധ്യതയും ഏറെയാണ്.
ഗള്‍ഫ് മേഖലകളില്‍, പുതിയ തൊഴില്‍ നിയമങ്ങള്‍ പലതും തൊഴിലാളി സൗഹ്യദമാണെന്നതും പ്രതീക്ഷ നല്‍കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.