Breaking News

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തുവാന്‍ മന്ത്രി സഭ തീരുമാനം, മെയ് 21 ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തുവാന്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം അമീരി ദിവാനിലെ ആസ്ഥാനത്ത് നടന്ന കാബിനറ്റ് പതിവ് യോഗം തീരുമാനിച്ചു. മിക്ക സ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമില്ല എന്നതാണ് പ്രധാന ഇളവ്. തീരുമാനം മെയ് 21 ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

പുതിയ തീരുമാനമനുസരിച്ച് 2022 മേയ് 21 മുതല്‍ അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ല.

കോവിഡ് 19 ന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് പൊതുജനാരോഗ്യ മന്ത്രി ഡോ ഹനാന്‍ ബിന്‍ത് മുഹമ്മദ് അല്‍ കുവാരി നല്‍കിയ വിശദീകരണം കേട്ട ശേഷമാണ് മ പാന്‍ഡെമിക്കിന്റെ ഫലമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇളവ് വരുത്തുവാന്‍ മന്ത്രി സഭ തീരുമാനിച്ചത്.

മന്ത്രിസഭയുടെ പ്രധാന തീരുമാനങ്ങള്‍

1- അടച്ചിട്ട എല്ലാ പൊതു സ്ഥലങ്ങളിലേക്കുമുള്ള പ്രവേശന നിയന്ത്രണങ്ങള്‍ നീക്കി. പ്രവേശനത്തിനായി ഇഹ് തിറാസിലെ ഗ്രീന്‍ സ്റ്റാറ്റസ് പരിശോധിക്കുന്നത് തുടരും.

2 – കോണ്‍ഫറന്‍സുകള്‍, എക്‌സിബിഷനുകള്‍ , ഇവന്റുകള്‍ എന്നിവ നടത്തുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള ആവശ്യകതകള്‍ പാലിക്കുന്നത് തുടരും

3- സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ എല്ലാ ജീവനക്കാരെയും അവരുടെ ജോലിസ്ഥലത്ത് നിന്ന് ജോലി ചെയ്യാന്‍ അനുവദിക്കും.

4. പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്താന്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാരെ നിര്‍ബന്ധിക്കില്ല.

5. അടച്ചിട്ട പൊതു സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ല. എന്നാല്‍ ആരോഗ്യ കേന്ദ്രങ്ങളിലും പൊതുഗതാഗത സൗകര്യങ്ങളിലും മാസ്‌ക്് ആവശ്യമാണ്.

6. പൊതുജനങ്ങളുമായി ഇടപഴകേണ്ട സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാരും തൊഴിലാളികളും, തുറസ്സായ സ്ഥലങ്ങളില്‍ ജോലി സമയത്ത് മാസ്‌ക് ധരിക്കേണ്ടതില്ല, എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.

7. എല്ലാ പൗരന്മാരും താമസക്കാരും സന്ദര്‍ശകരും വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ഫോണുകളില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ നിര്‍ബന്ധമാണ് .
മഹമാരിയെ പ്രതിരോധിക്കുവാന്‍ പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ണ്ണയിക്കുന്ന ആരോഗ്യ ആവശ്യകതകള്‍, നടപടിക്രമങ്ങള്‍, മുന്‍കരുതല്‍ നടപടികള്‍, നിയന്ത്രണങ്ങള്‍ എന്നിവ പാലിക്കുകയും സഹകരിക്കുകയും വേണം.

ആരോഗ്യ ആവശ്യകതകള്‍, നടപടിക്രമങ്ങള്‍, മുന്‍കരുതല്‍ നടപടികള്‍, സ്ഥാപിതമായ നിയന്ത്രണങ്ങള്‍ എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആഭ്യന്തര മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം, വാണിജ്യ, വ്യവസായ മന്ത്രാലയം, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവ ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളും.

Related Articles

Back to top button
error: Content is protected !!