പ്രവാസികള്‍ സാമ്പത്തിക ക്രമീകരണങ്ങളിലൂടെ പുനരധിവാസത്തിന് തയ്യാറെടുക്കണം . അബ്ദുല്‍ റഊഫ് കൊണ്ടോട്ടി
അമാനുല്ല വടക്കാങ്ങര
ദോഹ. പ്രവാസം ശാശ്വതമല്ലെന്നും പ്രവാസം തുടങ്ങുന്ന വേളയില്‍ തന്നെ പ്രതിമാസം ചെറിയ ഒരു തുക തങ്ങള്‍ക്കായി മാറ്റി വെക്കാന്‍ തയ്യാറായാല്‍ പുനരധിവാസം ആയാസരഹിതമായിരിക്കുമെന്നും ഖത്തറിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും ലോക കേരള സഭ മെമ്പറുമായ അബ്ദുറഊഫ് കൊണ്ടോട്ടി അഭിപ്രായപ്പെട്ടു. അയിരൂര്‍ ഖത്തര്‍ പ്രവാസി കൂട്ടായ്മ പ്രവാസവും കരുതലും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരിയായ സാമ്പത്തിക ക്രമീകരണങ്ങള്‍ നടത്തിയാല്‍ ചെറിയ തുകയെങ്കിലും മാറ്റി വെക്കാന്‍ ആര്‍ക്കും സാധിക്കുമെന്ന് അദ്ദേഹം ഉദാഹരണ സഹിതം വ്യക്തമാക്കി.
ഏറ്റവും ചെറിയ വരുമാനക്കാര്‍ക്കടക്കം നിക്ഷേപങ്ങള്‍ നടത്താനുള്ള അവസരങ്ങള്‍ ഇന്ത്യയിലുണ്ടെന്നും തങ്ങളുടെ വിശ്വാസ സംഹിതകള്‍ക്ക് അനുസരിച്ച പദ്ധതികളും രാജ്യത്ത് ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോഗ്യ- വിദ്യാഭ്യാസ – പൊതുവിതരണ സമ്പ്രദായത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പ്രവാസികള്‍ തയ്യാറാവണം. കേന്ദ്ര- കേരള സര്‍ക്കാറുകള്‍, പ്രവാസികള്‍ ജോലി ചെയ്യുന്ന രാജ്യങ്ങളിലെ സംവിധാനങ്ങള്‍ മുഖേന പ്രവാസികള്‍ക്കായി ലഭ്യമാക്കുന്ന വിവിധ പദ്ധതികളില്‍ അംഗമാവാനും പ്രവാസി സമൂഹത്തിലെ എല്ലാവര്‍ക്കും ഇത്തരം പദ്ധതികള്‍ പ്രയോജനപ്പെടുത്താന്‍ സാമൂഹ്യ മാധ്യമ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ യുവ പ്രവാസികള്‍ കടന്ന് വരണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ചടങ്ങില്‍ സി.എം. എ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അയിരൂര്‍ ഖത്തര്‍ പ്രവാസി കൂട്ടായ്മ മെമ്പര്‍ മുനീര്‍ ചങ്ങനാത്തിനെ ലോക കേരള സഭ മെമ്പര്‍ അബ്ദുറൗഫ് കൊണ്ടോട്ടി മൊമെന്റോ നല്‍കി ആദരിക്കുകയും ചെയ്തു.
അയിരൂര്‍ ഖത്തര്‍ പ്രവാസി കൂട്ടായ്മയുടെ പുതിയ കാലയളവിലേക്കുള്ള മെമ്പര്‍ഷിപ്പ് വിതരണോല്‍ഘാടനവും കൂട്ടായ്മ കണ്‍വീനര്‍ മുഹമ്മദ് കുട്ടിക്ക് നല്‍കി അദ്ദേഹം നിര്‍വഹിച്ചു.
പ്രസിഡന്റ് ഷാജി കല്ലേപറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി ഹാരിസ് അസീസ് ഉത്ഘാടനം ചെയ്തു.സെക്രട്ടറി ഫാറൂഖ് കല്ലയില്‍ സ്വാഗതവും,ട്രഷറര്‍ അഷ്‌കര്‍ നന്ദിയും പറഞ്ഞു.