മങ്കി പോക്‌സിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകാടിസ്ഥാനത്തില്‍ മങ്കി പോക്‌സ് വ്യാപിക്കുന്ന സാഹചര്യത്തില്‍ അതിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി വര്‍ഗ്ഗീകരിക്കാന്‍ ലോകാരോഗ്യ സംഘടന തീരുമാനിച്ചു
ജൂലൈ 20 ന് പ്രസിദ്ധീകരിച്ച യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ (സിഡിസി) കണക്കനുസരിച്ച് 72 രാജ്യങ്ങളിലായി 15,800-ലധികം ആളുകളെ ഇതിനകം തന്നെ കുരങ്ങുപനി ബാധിച്ചിട്ടുണ്ട്.
പടിഞ്ഞാറന്‍, മധ്യ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് പുറത്ത് കുരങ്ങുപനി അണുബാധയുടെ വര്‍ദ്ധനവ് മെയ് ആദ്യം മുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ജൂണ്‍ 23-ന്, ലോകാരോഗ്യ സംഘടന ഹെല്‍ത്ത് ഏജന്‍സിയുടെ ഏറ്റവും ഉയര്‍ന്ന ജാഗ്രതാ തലമായ, പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ഓഫ് ഇന്റര്‍നാഷണല്‍ കണ്‍സേണ്‍ യോഗം വിളിച്ചിരുന്നു. എന്നാല്‍ ആ ഘട്ടത്തില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് യോഗത്തില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്.
കേസുകളുടെ എണ്ണം കൂടുതല്‍ ഉയരുന്ന സാഹചര്യത്തിലാണ് വ്യാഴാഴ്ച രണ്ടാമത്തെ യോഗം വിളിച്ചത്. മങ്കി പോക്‌സ് കേസുകള്‍ കൂടുകയാണെന്നും ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച് ജാഗ്രത നിര്‍ദേശം നല്‍കണമെന്നും തീരുമാനിക്കുകയായിരുന്നു.
ആവശ്യമായ ജാഗ്രത നടപടികള്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെടുന്നത് ആഗോള ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് യോഗം വിലയിരുത്തി