ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം സമുചിതമായി ആഘോഷിച്ച് ഖത്തറിലെ ഇന്ത്യന്‍ സമൂഹം
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം സമുചിതമായി ആഘോഷിച്ച് ഖത്തറിലെ ഇന്ത്യന്‍ സമൂഹം. ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തിലുള്ള ഔദ്യോഗിക പരിപാടികള്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിലാണ് നടന്നത്.
ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള സംഘടനാ നേതാക്കളും ഇന്ത്യന്‍ സമൂഹത്തിലെ പ്രധാനികളുമടക്കം നിരവധി പേരാണ് ആഘോഷപരിപാടിയില്‍ സംബന്ധിച്ചത്.
ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ ഇന്ത്യന്‍ മൂവര്‍ണപതാക ഉയര്‍ത്തിയതോടെ പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് സ്വാതന്ത്ര്യ ദിന തലേന്ന് രാഷ്ട്രത്തോടായി ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ വായിച്ച അംബാസിഡര്‍ രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ പ്രയോഗവല്‍ക്കരണത്തിനായി പരിശ്രമിക്കാനും രാജ്യത്തിന്റെ വികസന സ്വപ്‌നങ്ങളില്‍ പങ്കാളികളാവാനും സമൂഹത്തെ ആഹ്വാനം ചെയ്തു.
ദേശഭക്തി ഗാനങ്ങളും വൈവിധ്യമാര്‍ന്ന കലാപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി.
വിവിധ ഇന്ത്യന്‍ സ്‌കൂളുകളിലും ദേശീയ പതാക നാട്ടുകയും സ്വാതന്ത്ര്യദിനാഘോഷം കൊണ്ടാടുകയും ചെയ്തു .