അല്‍ ബെയ്കിന്റെ രണ്ട് ഫുഡ് ട്രക്കുകള്‍ ഖലീഫ സ്റ്റേഡിയത്തിന് സമീപം കട തുടങ്ങി
അമാനുല്ല വടക്കാങ്ങര
ദോഹ. സൗദിയിലെ പ്രമുഖ ഫാസ്റ്റ് ഫുഡ് ശൃംഖലയായ അല്‍ബെയ്ക്ക് ഖത്തറിലേക്ക് അയച്ച രണ്ട് ഫുഡ് ട്രക്കുകള്‍ ദോഹയിലെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന് സമീപം ഷോപ്പ് ആരംഭിച്ചതായി കമ്പനി ട്വീറ്റ് ചെയ്തു.
വറുത്തതും ബ്രോസ്റ്റുചെയ്തതുമായ കോഴിയിറച്ചിക്ക് പേരുകേട്ട അല്‍ബെയ്കിന്റെ വരവ് ഖത്തറിലെ ഭക്ഷണപ്രേമികളെ ആനന്ദിപ്പിക്കുന്നതാണ് .
ഫിഫ 2022 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കിടെ ഖത്തറിലെ പ്രിയപ്പെട്ടവരെ സേവിക്കുന്നതിനായി ഖത്തറിലേക്ക് മൊത്തം അഞ്ച് ഫുഡ് ട്രക്കുകള്‍ അയക്കുമെന്ന് അല്‍ബെയ്ക്ക് പറഞ്ഞു.
1974-ല്‍ ജിദ്ദയില്‍ സ്ഥാപിതമായ അല്‍ ബെയ്ക് ഫ്രൈഡ് ചിക്കന് സൗദി അറേബ്യയിലും ബഹ്റൈനിലും 120 ലധികം ഔട്ട്ലെറ്റുകള്‍ ഉണ്ട്. മൊത്തം 80 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ജനകീയമായ ഫ്രൈഡ് ചിക്കനാണ് അല്‍ ബെയ്ക്.
2020 ന് ശേഷം ബഹ്റൈനില്‍ രണ്ട് പുതിയ റെസ്റ്റോറന്റുകള്‍ തുറന്നാണ് അല്‍ ബെയ്ക് സൗദിക്ക് പുറത്ത് കടന്നത്. 2021 ജൂണില്‍ യുണൈറ്റഡ് അറബ് എമിറേറ്റില്‍ അല്‍ ബെയ്ക് റസ്റ്റോറന്റ് തുറന്നു. അല്‍ ബെയ്ക്കിന് ഇപ്പോള്‍ സിറ്റി സെന്റര്‍ ഷാര്‍ജ, എക്സ്പോ സിറ്റി ദുബായ്, മാള്‍ ഓഫ് എമിറേറ്റ്സ് എന്നിവയുള്‍പ്പെടെ എമിറേറ്റുകളിലുടനീളം ശാഖകളുണ്ട്. അബുദാബിയില്‍ താമസിയാതെ ശാഖ തുറക്കും.
ഫിഫ 2022 ലോകകപ്പില്‍ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ആറ് ഗ്രൂപ്പ്-സ്റ്റേജ് ലോകകപ്പ് മത്സരങ്ങള്‍, ഒരു റൗണ്ട്-ഓഫ്-16 ഗെയിം, 2022 ഖത്തറില്‍ മൂന്നാം സ്ഥാനത്തിനായുള്ള പ്ലേ-ഓഫ് തുടങ്ങിയ മല്‍സരങ്ങള്‍ നടക്കും. അതുകൊണ്ട് തന്നെ ഏറെ പ്രധാനപ്പെട്ട ബിസിനസ് ലൊക്കേഷനാണ് ഖത്തറിലെ തങ്ങളുടെ അരങ്ങേറ്റത്തിന് അല്‍ ബെയ്ക്് തെരഞ്ഞെടുത്തിരിക്കുന്നത്.