വിത്തൗട്ട് ബോര്‍ഡേഴ്സ് ചുവര്‍ചിത്രം കത്താറ അനാച്ഛാദനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ: കത്താറ കള്‍ച്ചറല്‍ വില്ലേജിനെ അലങ്കരിക്കുന്ന ചുവര്‍ചിത്രങ്ങളുടെയും കലാസൃഷ്ടികളുടെയും പരമ്പരയ്ക്കുള്ളില്‍ ബ്രസീലിയന്‍ കലാകാരനായ കെല്‍വിന്‍ കൂബിക് ബില്‍ഡിംഗ് 48-ല്‍ ‘വിത്തൗട്ട് ബോര്‍ഡേഴ്സ്’ എന്ന പേരില്‍ മറ്റൊരു ചുവര്‍ചിത്രം അനാച്ഛാദനം ചെയ്തു. ലോകകപ്പ് ചുവര്‍ച്ചിത്ര പദ്ധതിയുടെ ഭാഗമായാണ് ഈ സംരംഭം.
ഖത്തറിലെ ബ്രസീല്‍ അംബാസഡര്‍ ലൂയിസ് ആല്‍ബെര്‍ട്ടോ ഫിഗ്യൂറെഡോ മച്ചാഡോയുടെ സാന്നിധ്യത്തില്‍ കത്താറയിലെ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ പ്രൊഫ. ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തിയുടെയും നയതന്ത്ര പ്രതിനിധികളുടേയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് ചിത്രം അനാച്ഛാദനം ചെയ്തത്.
ഖത്തറില്‍ നടക്കുന്ന ലോകകപ്പിനോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്യുന്ന ചുവര്‍ചിത്രങ്ങളില്‍ ഒന്നാണ് ഈ ചുവര്‍ച്ചിത്രം, കലാപരമായ അനുഭവങ്ങളും വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള രാജ്യങ്ങളുടെ സംസ്‌കാരങ്ങളിലേക്കും നാഗരികതകളിലേക്കും വെളിച്ചം വീശുന്ന, ഖത്തറികളുടേയും വിദേശ കലാകാരന്മാരുടെയും കലാസൃഷ്ടികള്‍ കൊണ്ട് കത്താറ കെട്ടിടങ്ങള്‍ അലങ്കരിക്കുന്ന പദ്ധതിയുടെ തുടര്‍ച്ചയാണ് ഇതെന്ന് പ്രൊഫ. സുലൈത്തി പറഞ്ഞു.
ബ്രസീലിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സതേണ്‍ ഫെഡറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പെയിന്റിംഗ് പഠിച്ച കലാകാരനാണ് കെല്‍വിന്‍ കൂബിക് . എല്ലായ്‌പ്പോഴും സാമൂഹികവും സാംസ്‌കാരികവും പാരിസ്ഥിതികവുമായ വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്തുന്ന അദ്ദേഹം ചിത്രത്തിന്റെ പശ്ചാത്തലമുള്‍കൊണ്ട് സവിശേഷമായ ഇഫക്ടുകള്‍ നല്‍കിയാണ് ചിത്രം കമനീയമാക്കുന്നത്. പൊതു, സ്വകാര്യ ചുവര്‍ച്ചിത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അദ്ദേഹം പരമ്പരാഗത പെയിന്റിംഗും സമകാലിക കലയും സമന്വയിപ്പിക്കുന്നതിനായി പരിശ്രമിക്കുന്നത്.