ഖത്തര്‍ മാര്‍ക്കറ്റിലേക്ക് തിരിച്ചു വരാനൊരുങ്ങി അല്‍ മറായ് ഉല്പന്നങ്ങള്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. മൂന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം ഖത്തര്‍ മാര്‍ക്കറ്റിലേക്ക് തിരിച്ചു വരാനൊരുങ്ങി അല്‍ മറായ് ഉല്പന്നങ്ങള്. സൗദി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഡയറി കമ്പനിയായ അല്‍ മറായിയുടെ പാലും അനുബന്ധ ഉല്പന്നങ്ങളും ഖത്തര്‍ മാര്‍ക്കറ്റില്‍ ഏറെ പ്രചാരമുണ്ടായിരുന്നു. എന്നാല്‍ ഗള്‍ഫ് ഉപരോധത്തെ തുടര്‍ന്ന് ഖത്തര്‍ മാര്‍ക്കറ്റില്‍ നിന്നും പിന്‍വാങ്ങേണ്ടി വന്ന അല്‍ മറായ് ഉല്പന്നങ്ങള് തിരിച്ചുവരവിനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവിധ ജോലികള്‍ക്ക് ആളെ ക്ഷണിച്ചുകൊണ്ടുള്ള കമ്പനിയുടെ പരസ്യം കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു.
സ്വദേശി കമ്പനിയായ ബലദുന മികച്ച പാലും പാലുല്പന്നങ്ങളും മാര്‍ക്കറ്റിലിറക്കി പ്രചാരത്തിലായതിനാല്‍ അല്‍ മറായിക്ക് തിരിച്ച് വരവ് അത്ര എളുപ്പമാവില്ല. എങ്കിലും രണ്ടു കമ്പനികളും തമ്മില്‍ കനത്ത മല്സരമുണ്ടാകുമ്പോള് വില കുറയുമെന്നും പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.