ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോക്ക് മൂന്നാം ഊഴം
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോക്ക് മൂന്നാം ഊഴം . ഫിഫ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന സമയം നവംബര്‍ 16 അര്‍ദ്ധരാത്രി അവസാനിച്ചപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ആരും അപേക്ഷ സമര്‍പ്പിച്ചിരുന്നില്ല. ഇതോടെ 2023 മാര്‍ച്ച് 16 ന് റുവാണ്ടയില്‍ നടക്കുന്ന 73-ാമത് ഫിഫ കോണ്‍ഗ്രസില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇന്‍ഫാന്റിനോ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്നുറപ്പായി.
2026 വരെ ഫിഫ പ്രസിഡണ്ടായി തുടരാനുള്ള ഭാഗ്യമാണ് ഇന്‍ഫാന്റിനോക്ക് ലഭിക്കുക.
”ഫിഫയുടെ 200-ലധികം അംഗ അസോസിയേഷനുകള്‍ക്കും ഈ കാമ്പെയ്നില്‍ എന്നെ പിന്തുണച്ച ആറ് കോണ്‍ഫെഡറേഷനുകള്‍ക്കും എന്റെ വലിയ നന്ദി പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്തര്‍ ഫൗണ്ടേഷന്റെ എജ്യുക്കേഷന്‍ സിറ്റിയില്‍ ജനറേഷന്‍ അമേസിങ് ഫൗണ്ടേഷന്റെ നാലാം വാര്‍ഷിക യൂത്ത് ഫെസ്റ്റിവല്‍ 2022 ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇന്‍ഫാന്റിനോ.
”അടുത്ത നാല് വര്‍ഷത്തേക്ക്കൂടി ആഗോള ഫുട്‌ബോള്‍ സമൂഹത്തെ സേവിക്കാന്‍ കഴിയുന്നതില്‍ എനിക്ക് വിനയവും ബഹുമാനവും തോന്നുന്നു. ജനറേഷന്‍ അമേസിംഗ് പോലുള്ള പ്രോജക്റ്റുകള്‍ ലോകമെമ്പാടും ഞങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രോജക്റ്റുകളാണ്, കാരണം നിങ്ങളോടൊപ്പവും കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഇത് എന്നെ അനുവദിക്കും,” ഇന്‍ഫാന്റിനോ പറഞ്ഞു.
2016-ല്‍ നടന്ന ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇന്‍ഫാന്റിനോ വിജയിക്കുകയും സെപ്പ് ബ്ലാറ്റര്‍ക്ക് പകരം ഫിഫ പ്രസിഡണ്ടായി അധികാരമേല്‍ക്കുകയും ചെയ്തു. 2019-ല്‍ എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഇന്‍ഫാന്റിനോ 2026 വരെ അധികാരത്തില്‍ തുടരും.