ഖത്തര്‍ ലോകകപ്പ് ഉദ്ഘാടനം അവിസ്മരണീയമാക്കാനൊരുങ്ങി ഫിഫ
അമാനുല്ല വടക്കാങ്ങര
ദോഹ. മിഡില്‍ ഈസ്റ്റിലും അറബ് ലോകത്തും ആദ്യമായി നടക്കുന്ന ഫിഫ ലോക് കപ്പ് ഉദ്ഘാടനം അവിസ്മരണീയമാക്കാനൊരുങ്ങി ഫിഫ. അറേബ്യന്‍ സംസ്‌കാരവും പാരമ്പര്യവും പ്രതിധ്വനിക്കുന്ന നാടോടി ടെന്റില്‍ നിന്നും പ്രചോദിതമായി നിര്‍മിച്ച ലോകോത്തര അല്‍ ബൈത്ത് സ്റ്റേഡിയത്തിനുള്ളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അറുപതിനായിരം ഫുട്‌ബോള്‍ ആരാധകര്‍ നേരിട്ടും കോടിക്കണക്കിനാളുകള്‍ ടെലിവിഷനിലൂടെയും വീക്ഷിക്കുന്ന ഉദ്ഘാടനചടങ്ങ് വിസ്മയങ്ങളുടെ ചെപ്പ് തുറക്കുന്നതാകും. 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോ ആശ്ചര്യങ്ങള്‍ നിറഞ്ഞതായിരിക്കുമെന്ന് ഫിഫ പ്രഖ്യാപിച്ചിട്ടുണ്ട്.
ഫിഫ ലോകകപ്പ് ഔദ്യോഗിക സൗണ്ട് ട്രാക്കിലെ മറ്റൊരു ഹിറ്റ് സിംഗിള്‍ ആയ ഡ്രീമേഴ്സ് , പ്രശസ്ത ദക്ഷിണ കൊറിയന്‍ പോപ്പ് താരം ബിടിഎസിലെ ജംഗ് കൂക്കും ഖത്തറി ഗായകന്‍ ഫഹദ് അല്‍-കുബൈസിയും അവതരിപ്പിക്കും.
മാനവികത, ബഹുമാനം, എല്ലാവരേയും ഉള്‍കൊള്ളല്‍ എന്നീ അടിസ്ഥാനങ്ങളില്‍ വ്യത്യാസങ്ങള്‍ ഭേദിച്ച് എല്ലാ മനുഷ്യരാശിക്കും വേണ്ടിയുള്ള ഒത്തുചേരലാണ് ഉദ്ഘാടന ചടങ്ങിന്റെ പ്രമേയം. ഒരു ഗോത്രമായി ഒത്തുചേരാന്‍ ഫുട്‌ബോള്‍ നമ്മെ അനുവദിക്കുന്നു, നമ്മള്‍ എല്ലാവരും താമസിക്കുന്ന കൂടാരമാണ് ഭൂമി.
ഖത്തറി പാരമ്പര്യത്തെ ലോകമെമ്പാടുമുള്ള സംസ്‌കാരവുമായി ബന്ധിപ്പിക്കുന്ന ലോകോത്തര പ്രതിഭകളാണ് സെവന്‍ ആക്ട് പ്രോഗ്രാമിന് നേതൃത്വം നല്‍കുന്നത്. കൂടാതെ മത്സരിക്കുന്ന 32 ടീമുകള്‍ക്കും മുന്‍ ഫിഫ ലോകകപ്പ് ആതിഥേയര്‍ക്കും ഇവന്റ് വോളന്റിയര്‍മാര്‍ക്കും അഭിവാദ്യമര്‍പ്പിക്കും. നൂറുകണക്കിന് കലാകാരന്മാര്‍ക്കൊപ്പം, ഫിഫ ലോകകപ്പ് അംബാസഡര്‍ ഗാനിം അല്‍ മുഫ്തയും ഖത്തരി ഗായിക ദാനയും ഉള്‍പ്പെടുത്തലിനെയും വൈവിധ്യത്തെയും കുറിച്ചുള്ള സംഭാഷണങ്ങള്‍ പ്രോത്സാഹിപ്പിക്കും.
സ്റ്റേഡിയത്തിലെ കാണികളും ടിവി കാഴ്ചക്കാരും ഖത്തര്‍ പ്രാദേശിക സമയം 17.30-നെങ്കിലും തങ്ങളുടെ ഇരിപ്പിടങ്ങളിലെത്തണം. ഉദ്ഘാടന ചടങ്ങ് കൃത്യം 17.40-ന് ആരംഭിക്കും.