Uncategorized

പ്രവാസികളുടെ യാത്രാ നിബന്ധന; പ്രതിഷേധം അലയടിച്ച് കള്‍ച്ചറല്‍ ഫോറം പ്രവാസി പ്രതിഷേധ സംഗമം

ദോഹ: കോവിഡ് സാഹചര്യത്തില്‍ നാട്ടിലേക്ക് യാത്ര ചെയ്യാനുള്ള പ്രവാസികള്‍ക്കുമേല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന പുതിയ നിബന്ധനകള്‍ക്കെതിരെ ഖത്തറിലെ വിവിധ പ്രവാസി സംഘടനകളെ അണിനിരത്തി കള്‍ച്ചറല്‍ ഫോറം പ്രവാസി പ്രതിഷേധസംഗമം നടത്തി.
സംഗമത്തില്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ഡോ.താജ് ആലുവ അധ്യക്ഷത വഹിച്ചു.കോവിഡ് പ്രതിസന്ധിയില്‍ പെട്ട് സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് പുതിയ നിബന്ധനകള്‍ തിരിച്ചടിയാണെന്നും സര്‍ക്കാര്‍ ഔചിത്യ ബോധത്തോടെ വിഷയത്തെ സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യാത്ര ചെയ്യുന്നവര്‍ക്ക് എഴുപത്തിരണ്ടു മണിക്കൂറിനകം എടുത്ത ടെസ്റ്റ് റിപ്പോര്‍ട്ട് ഉണ്ടായിരിക്കെ നാട്ടിലെത്തിയാല്‍ സ്വന്തം ചിലവില്‍ വീണ്ടും ടെസ്റ്റ് എടുക്കണമെന്ന സര്‍ക്കാര്‍ നിബന്ധന വിചിത്രമാണ്. കോവിഡും കോവിഡ് മരണവും വ്യാപകമായ അമേരിക്കയില്‍ നിന്നെത്തുന്നവര്‍ക്ക് ഈ കാര്യത്തില്‍ ഇളവും കോവിഡ് പ്രോട്ടോകോളുകള്‍ കര്‍ശനമായി പാലിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് രണ്ടു ടെസ്റ്റുകളുമെന്നത് ഗള്‍ഫ് പ്രവാസികളോട് കാലാകാലങ്ങളില്‍ സര്‍ക്കാറുകള്‍ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് നയത്തിന്റെ ഭാഗമാണെന്നും സാധാരണക്കാരായ പ്രവാസികളെ സാമ്പത്തികമായും ശാരീരികമായും പ്രയാസത്തിലകപ്പെടുത്തുന്ന ഇത്തരം നിബന്ധനകള്‍ക്കെതിരെ ഒറ്റക്കെട്ടായി പ്രവാസി സംഘടനകളും പൊതുജനങ്ങളും പ്രതിഷേധം തീര്‍ക്കേണ്ടതുണ്ടെന്നും സംഗമത്തില്‍ സംസാരിച്ചവര്‍ ആവശ്യപ്പെട്ടു.
കോയ കൊണ്ടോട്ടി (കെ എം സി സി), ആര്‍ എസ് അബ്ദുല്‍ ജലീല്‍ (സി ഐ സി) വി സി മഷൂദ് (പ്രവാസി കോഡിനേഷന്‍ കമ്മിറ്റി), ശശിധരന്‍ (തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി), അബ്ദുല്‍ ലത്തീഫ് നല്ലളം (ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍) അഹമ്മദ് കടമേരി (സോഷ്യല്‍ ഫോറം), അബ്ദുല്‍ ഗഫൂര്‍ (നോര്‍വ), എസ് എസ് മുസ്തഫ (യൂത്ത്‌ഫോറം ഖത്തര്‍), പ്രദീപ് മേനോന്‍ (ഫ്രണ്ട്‌സ് ഓഫ് തൃശ്ശൂര്‍), എ എസ് എം ബഷീര്‍ (തളിക്കുളം അസോസിയേഷന്‍), സമീല്‍ (ചാലിയാര്‍ ദോഹ)തുടങ്ങിയവര്‍ പ്രതിഷേധ സംഗമത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സംസാരിച്ചു. കള്‍ച്ചറല്‍ഫോറം സ്ട്രാറ്റജിക് അഡൈ്വസര്‍ സുഹൈല്‍ ശാന്തപുരം സ്വാഗതവും ജനറല്‍ സെക്രട്ടറി മജീദലി നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!