Uncategorized

കഴിവുകള്‍ വികസിപ്പിച്ചാണ് ജീവിത പരീക്ഷയില്‍ വിജയിക്കേണ്ടത്. ഡോ. ദീപക് മിത്തല്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ജീവിതത്തിലെ ഓരോ ദിവസവും പരീക്ഷയാണെന്നും കഴിവുകള്‍ വികസിപ്പിച്ചാണ് ജീവിത പരീക്ഷയില്‍ വിജയിക്കേണ്ടതെന്നും ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ വിദ്യാര്‍ഥി വിഭാഗമായ ഇന്ത്യന്‍ സ്റ്റുഡന്‍സ് ഫോറം ഖത്തറിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ഥികളുടെ ഹോബിയും അഭിനിവേശവും തിരിച്ചറിയുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ അവരെ ക്രിയാത്മകരാക്കാനും ശാസ്ത്ര സാങ്കേതിക മേഖലകളിലൊക്കെ ഉന്നതിയിലേക്ക് നയിക്കാനും സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ അന്വേഷണത്തിന്റെ മനസ്സും സമത്വത്തിന്റെ മനോഭാവവും രചനാത്മകമായ രീതിയില്‍ പരിപോഷിപ്പിക്കുവാന്‍ ഈ വേദിക്ക് കഴിയുമെന്ന് അംബാസിഡര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

പരിപാടിയില്‍ ഇന്ത്യന്‍ എംബസിയിലേയും ഇന്ത്യന്‍ സ്‌കൂളിലേയും ഉദ്യോഗസ്ഥര്‍, രക്ഷകര്‍ത്താക്കള്‍, കമ്മ്യൂണിറ്റി നേതാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടെ 150 ഓളം പേര്‍ പങ്കെടുത്തു.മുതിര്‍ന്ന കമ്മ്യൂണിറ്റി ലീഡറും ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്രസിഡന്റ്ുമായ ഹസ്സന്‍ ചൊഗ്ളേ, ഐസിസി മുന്‍ പ്രസിഡന്റ് എ.പി. മണികണ്ടന്‍, സീനിയര്‍ വിദ്യാഭ്യാസ വിദഗ്ധന്‍ സോണി വര്‍ഗ്ഗീസ്, ഐസിബിഎഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു.

ഐസിസി പ്രസിഡന്റ് പി എന്‍ ബാബു രാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കൃഷ്ണ കുമാര്‍ സ്വാഗതവും സുധീര്‍ ഗുപ്ത നന്ദിയും പറഞ്ഞു.

കലാസാംസ്‌കാരിക രംഗങ്ങളില്‍ വിദ്യാര്‍ഥികളെ സജീവമാക്കി പാസീവ് വിനോദങ്ങളുടെ തടവറയില്‍ നിന്നും ക്രിയാത്മക മേഖലകളിലേക്ക് തിരിച്ചുവിടുന്നതിനുള്ള സുപ്രധാനമായൊരു കാല്‍വെപ്പാണിത്.

ഐ.സി.സി. തെരഞ്ഞെടുപ്പ് വേളയില്‍ പി. എന്‍. ബാബുരാജന്‍ പ്രഖ്യാപിച്ചിരുന്ന സുപ്രധാനമായൊരാശയമാണിത്. ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ വൈവിധ്യമാര്‍ന്ന പരിപാടികളില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുവാന്‍ ഐ.സി.സി. സ്റ്റുഡന്‍സ് ഫോറത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

ഉദ്ഘാടന യോഗത്തില്‍ പങ്കെടുത്ത എല്ലാ കമ്മ്യൂണിറ്റി നേതാക്കളും യുവ തലമുറയിലെ ഇന്ത്യക്കാരുടെ കഴിവുകള്‍, സര്‍ഗ്ഗാത്മകത എന്നിവ നൂതന സമീപനത്തിലൂടെ പരിപോഷിപ്പിക്കുവാനുള്ള ശ്രമങ്ങളെ അഭിനന്ദിച്ചു.

Related Articles

Back to top button
error: Content is protected !!