ജന്മ വൈജാത്യങ്ങള്‍ മേല്‍വിലാസം മാത്രം
ദോഹ. ജനനത്തിന്റെയും വര്‍ണ്ണത്തിന്റെയും പേരിലുള്ള ഉച്ചനീചത്തങ്ങള്‍ തിരികെ കൊണ്ടു വരാനായുള്ള സാമൂഹ്യ സമവാക്യങ്ങള്‍ നാട്ടില്‍ സജീവമാകുമ്പോഴും, നവോത്ഥാനം മുസ് ലിം സ്ത്രീയുടെ തട്ടമഴിപ്പിക്കലെന്ന് ധരിച്ച് അവകാശവാദമുന്നയിക്കുന്ന സാംസ്‌കാരിക പാപ്പരത്വം സഹതാപമര്‍ഹിക്കുന്നു. ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നും പിറവിയെടുത്ത മനുഷ്യരെല്ലാം തുല്യരാണെന്നും കേവല തിരിച്ചറിയല്‍ മേല്‍വിലാസത്തിനപ്പുറം ഒരു പ്രത്യേകതയും ജന്മം കൊണ്ടും തൊലിനിറം കൊണ്ടും ഒരാള്‍ക്കും ഇല്ലെന്നും ലോകത്തോട് പതിനാലര നൂറ്റാണ്ട് മുമ്പ് പ്രഖ്യാപിക്കുക മാത്രമല്ല, അന്നു മുതലിങ്ങോട്ട് ലോകത്തെ ഒരു വലിയ ജനസഞ്ചയത്തെ മുഴുവന്‍ സ്വാധീനിക്കുകയും ചെയ്ത സംസ്‌കൃതിയാണ് ഇസ്ലാം, അതിന്റെ ഉല്‍കൃഷ്ഠ മാതൃകയത്രേ പ്രവചകന്‍ മുഹമ്മദ് നബി(സ).
‘ഇസ് ലാമിന്റെ സൗന്ദര്യം’ എന്ന വിഷയത്തില്‍ ഫനാര്‍ ഓഡിറ്ററിയത്തില്‍ നിറഞ്ഞ സദസ്സില്‍ ഖത്തര്‍ മത കാര്യ വകുപ്പ്സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തവേ പണ്ഡിതനും, ഗവേഷകനുമായ മുസ്തഫ തന്‍വീര്‍ അഭിപ്രായപ്പെട്ടു.
പ്രവാചകന്‍ ജീവിച്ചു കാണിച്ച ഇസ് ലാമിന്റെ മാര്‍ഗ്ഗം പിന്‍പറ്റി ഉത്തമ സംസ്‌കാരം പുലര്‍ത്തുന്ന മുസ്ലിംകളെ സാംസ്‌കാരികമായി നയിക്കാനുള്ള യോഗ്യത ഒരു പ്രത്യയശാസ്ത്രത്തിനും ഇല്ല എന്ന് വ്യക്തമാക്കി.
ഏറെ കൊട്ടി ഘോഷിക്കപ്പെടുന്ന റഷ്യയില്‍ കമ്യൂണിസം അധികാരത്തില്‍ വന്നപ്പോള്‍ സ്വകാര്യ സ്വത്ത് സ്റ്റേറ്റിനു വിട്ടു കൊടുക്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ പാവങ്ങളെ കൊന്നു തള്ളിയതിനു കയ്യും കണക്കുമില്ല. പട്ടിണിപ്പാവങ്ങളായ തൊഴിലാളി വര്‍ഗ്ഗത്തെ അവര്‍ ശത്രുക്കളുടെ ഗണത്തില്‍ പെടുത്തി നിഷ്ഠൂരമായി ഉന്മൂലനം ചെയ്തു. അതേ സമയം, മുഹമ്മദ് നബി(സ) മക്ക ജയിച്ചടക്കുമ്പോള്‍ തന്റെ സൈനികരോട് നല്‍കിയ നിര്‍ദ്ദേശം ഒരുത്തനെയും കൊല്ലരുത്, ആരെയും ഉപദ്രവിക്കരുത് എന്നാണ്. തനിക്കും തന്റെ പ്രസ്ഥാനത്തിനും ദ്രോഹം മാത്രം ചെയ്ത മനുഷ്യരോട് കാരുണ്യം കാണിച്ചു കൊണ്ടാണ് അധികാരം കൈയില്‍ കിട്ടിയ പ്രവാചകന്‍ പ്രവര്‍ത്തിച്ചത്.
തന്റെ അവസാന വിടവാങ്ങല്‍ പ്രസംഗത്തില്‍ പുരുഷന്മാരോടായി തങ്ങളുടെ സ്ത്രീകളോട് കാരുണ്യത്തോടെ വര്‍ത്തിക്കാനാണ് പ്രവാചകന്‍ ആവര്‍ത്തിച്ച് ഉപദേശിച്ചത്.
മരണാസന്നനായി രോഗാവസ്ഥയില്‍ പോലും തന്റെ ഭാര്യമാരോട് തന്റെ സഹവാസത്തിന് അവര്‍ക്കുള്ള ഊഴം നിര്‍വഹിക്കാനുള്ള അനാരോഗ്യം ബോധ്യപ്പെടുത്തി തനിക്ക് ആഇഷ (റ) വീട്ടില്‍ കഴിയാന്‍ അവരോട് സമ്മതം വാങ്ങുകയായിരുന്നു.
മരണ ശയ്യയില്‍ അദ്ദേഹം ആരാഞ്ഞ ഒരു വിഷയം തനിക്ക് ഓര്‍മ്മയില്ലാത്ത എന്തെങ്കിലും പണമിടപാട് ആര്‍ക്കെങ്കിലും ബാക്കിയുണ്ടെങ്കില്‍ മരിക്കുന്നതിനു മുമ്പ് അത് കൊടുത്തു വീട്ടുക എന്നതായിരുന്നു.
എന്താണ് മതം എന്ന് ലോകത്തെ പഠിപ്പിച്ച പ്രവാചകനെ അവമതിക്കുന്നത് ഇസ്ലാഫോബിയയുടെ ഭാഗമാണ്. അസാധാരണമായ ഭീതി ജനിപ്പിച്ച് അകറ്റി നിര്‍ത്തുക എന്ന തന്ത്രമാണ്.
ഇസ് ലാം അജയ്യമാണെന്നും എക്കാലത്തെയും പ്രശ്‌നങ്ങളും പ്രയാസങ്ങളും അതിജയിച്ചു കൊണ്ടുള്ള ജൈത്രയാത്ര അത് തുടര്‍ന്നു കൊണ്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖുര്‍ആന്റെ സൗന്ദര്യം എന്ന വിഷയത്തില്‍ ഷഹീന്‍ ഹംസ ഖുര്‍ആനിന്റെ മാധുര്യവും പാരായണ സൗകുമാര്യങ്ങളെയും കുറിച്ച് ക്ലാസ്സെടുത്തു.
സല്‍മാന്‍ മുബാഷിറിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിക്ക് ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ പ്രസിഡന്റ് അക്ബര്‍ കാസിം അധ്യക്ഷം വഹിച്ചു; ജനറല്‍ സെക്രട്ടറി മുനീര്‍ സലഫി സ്വാഗതവും വൈസ് പ്രസിഡന്റ് ഹാഫിസ് അസ് ലം നന്ദിയും പറഞ്ഞു.