ജനസേവനത്തില്‍ സായൂജ്യം കണ്ടെത്തുന്ന സിദ്ധീഖ് ചെറുവല്ലൂര്‍
അമാനുല്ല വടക്കാങ്ങര
ജനസേവനത്തില്‍ സായൂജ്യം കണ്ടെത്തുന്ന പൊതുപ്രവര്‍ത്തകനാണ് കഴിഞ്ഞ പത്തുവര്‍ഷത്തോളമായി ഖത്തര്‍ പ്രവാസിയായ സിദ്ധീഖ് ചെറുവല്ലൂര്‍. പ്രവാസി സമൂഹത്തിലെ താഴെക്കിടയിലുള്ളവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സമയവും അദ്ധ്വാനവും ചിലവഴിക്കുന്ന സിദ്ധീഖ് പലപ്പോഴും സ്വന്തം കാര്യങ്ങള്‍പോലും വിസ്മരിച്ചാണ് പൊതുപ്രവര്‍ത്തന രംഗത്തും സേവന മേഖലയിലും സജീവമാകുന്നത്.
സിദ്ധീഖിന് സേവനമെന്നത് ജീവവായുപോലെ പ്രധാനമാണ്, ഒരു ദിവസം എന്തെങ്കിലും സേവന പ്രവര്‍ത്തനം ചെയ്തില്ലെങ്കില്‍ മനസ്സ് അസ്വസ്ഥമാകും. വ്യക്തി പകരമായി തൊഴില്‍ രംഗത്ത് പല പ്രതിസന്ധികളും അഭിമുഖീകരിക്കുമ്പോഴും മറ്റുള്ളവരുടെ സേവനത്തിനായി ഓടിനടക്കുന്ന ഈ ചെറുപ്പക്കാരന്റെ ജീവിതം പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് .
തന്റെ പ്രവര്‍ത്തന ഫലമായി ഒരാള്‍ക്ക് എന്തെങ്കിലും നേട്ടമുണ്ടാകുമ്പോഴാണ് സിദ്ധീഖ് ഏറ്റവുമധികം സന്തോഷിക്കുന്നത്. പ്രവാസ ജീവിതത്തിന്റെ പ്രയാസങ്ങളനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് ലഭ്യമാകുന്ന ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും പരിചയപ്പെടുത്തുകയും അവയുടെ ഗുണഭോക്താക്കളാക്കി മാറ്റുകയുമാണ് സിദ്ധീഖ് ചെയ്യുന്ന പ്രധാന ദൗത്യം.
ലേബര്‍ ക്യാമ്പുകളിലും തൊഴിലാളികള്‍ ഒത്തുകൂടുന്ന ഇടങ്ങളിലും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചും നിരന്തരമായി തൊഴിലാളികളുമായി ബന്ധപ്പെട്ടുമാണ് സിദ്ധീഖ് തന്റെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നത്. ചെറുതും വലുതുമായ നൂറ് കണക്കിന് ബോധവല്‍ക്കരണ പരിപാടികളിലൂടെ ആയിരങ്ങളെയാണ് നോര്‍ക്കയുടെ ക്ഷേമ നിധി, പ്രവാസി പെന്‍ഷന്‍ പദ്ധതി തുടങ്ങിയവയില്‍ ചേര്‍ത്തത്.
ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം ഭീമ ഇന്‍ഷ്യൂറന്‍സുമായി സഹകരിച്ച് നടപ്പാക്കിയ ഇന്‍ഷ്യൂറന്‍സ് പദ്ധതിയിലും ആയിരത്തി അരുനൂറോളം പേരെ അംഗങ്ങളാക്കാന്‍ സിദ്ധീഖിന് സാധിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തേക്ക് കേവലം 125 റിയാല്‍ പ്രീമിയം അടച്ച് അംഗങ്ങളാകുന്നവര്‍ക്ക് ജീവഹാനി സംഭവിച്ചാല്‍ ഒരു ലക്ഷം റിയാലും അപകടം സംഭവിച്ചാല്‍ അമ്പതിനായിരം റിയാല്‍ വരേയും ആനൂകൂല്യം ലഭിക്കുന്ന ഇന്‍ഷ്യൂറന്‍സ് പദ്ധതിയാണിത്. കുടുംബത്തിന്റെ അത്താണിയാകുന്ന പ്രവാസിക്ക് എന്തെങ്കിലും അപായം സംഭവിച്ചാല്‍ വഴിയാധാരമാവാതെ കുടുംബത്തെ പരിരക്ഷിക്കാനാകുമെന്നാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. കുറഞ്ഞ പ്രീമിയത്തിന് ഇത്രയും മികച്ച പരിരക്ഷ ലഭിക്കുമെന്ന കാര്യം തൊഴിലാളികളെ നേരില്‍കണ്ട് ബോധ്യപ്പെടുത്തുകയും സ്‌കീമില്‍ ചേരാന്‍ പ്രോല്‍സാഹിപ്പിക്കുകയും മാത്രമല്ല ഈ പ്രീമിയം പോലും അടക്കാന്‍ കഴിയാത്ത പാവപ്പെട്ട തൊഴിലാളികളുടെ പ്രീമിയം സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തിയും സേവനത്തിന്റെ പുതിയ മുഖമാണ് സിദ്ധീഖ് പരിചയപ്പെടുത്തുന്നത്. നാമൊക്കെ മനസ്സ് വെച്ചാല്‍ കുറേ കുടുംബങ്ങളുടെ ആവലാതികളും വേവലാതികളും പരിഹരിക്കാനാകും. അതിന് വലിയ പണച്ചെലവൊന്നുമില്ല. സഹായിക്കാനുള്ള മനസും സേവന സന്നദ്ധതയും മാത്രം മതി. ആ ദൗത്യമാണ് താന്‍ നിര്‍വഹിക്കുവാന്‍ ശ്രമിക്കുന്നത്, സിദ്ധീഖ് അഭിമാനത്തോടെ പറയുന്നു.
പ്രവാസി തൊഴിലാളികളുടെ ജീവിതം പലപ്പോഴും യാന്ത്രികമാണ്. ജോലിയും താമസവുമൊക്കെ തികച്ചും യാന്ത്രികമായി മുന്നേറുമ്പോള്‍ മറ്റൊന്നിനെ ക്കുറിച്ചും ആലോചിക്കാന്‍ സാധിക്കാത്ത നിസ്സഹായരാണ് മിക്ക പ്രവാസികളും. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന ആനുകൂല്യങ്ങളെക്കുറിച്ചോ സാധ്യമായ മറ്റു സുര7 ക്ഷേമ പദ്ധതികളെക്കുറിച്ചോ മഹാഭൂരിഭാഗം പേര്‍ക്കും അറിയില്ല. പ്രവാസ ലോകത്ത് നിരവധി സാമൂഹ്യ സാംസ്‌കാരിക സേവന സംഘടനകളും കൂട്ടായ്മകളുമുണ്ടെങ്കിലും വളരെ ചെറിയൊരു ശതമാനം മാത്രമേ ഇത്തരം കൂട്ടായ്മകളുടെ ഭാഗമാകുന്നുള്ളൂ. ബാക്കി വരുന്ന മഹാഭൂരിഭാഗം പ്രവാസി തൊഴിലാളികളും തൊഴിലിടങ്ങളിലും ക്യാമ്പുകളിലും കഴിയുകയാണ്. അവരിലേക്ക് കടന്നു ചെല്ലുകയും ജീവിതത്തിന് വെളിച്ചവും സുരക്ഷയുമൊരുക്കുന്ന വിവിധ തരം പദ്ധതികളെ പരിചയപ്പെടുത്തുകയും ചെയ്യുന്നതിലൂടെനിരവധി കുടുംബങ്ങളെ സഹായിക്കാനാകും.
2002 ല്‍ ആണ് സിദ്ധീഖ് പ്രവാസം ആരംഭിച്ചത്. പന്ത്രണ്ട് വര്‍ഷത്തോളം യു.എ.ഇ യിലായിരുന്നു. അവിടെയും പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങളിലാണ് സിദ്ധീഖ് ശ്രദ്ധ കേന്ദ്രീകരിച്ചത്. സമൂഹത്തിലെ താഴെക്കിടയിലുള്ള പ്രവാസികളുടെ ക്ഷേമത്തിനാണ് മുന്തിയ പരിഗണന നല്‍കേണ്ടതെന്നും പലപ്പോഴും അവഗണിക്കപ്പെടുന്നവരാണ് ഈ വിഭാഗമെന്നും സിദ്ധീഖ് പറയുന്നു.
തൊഴിലാളികളെ ബോധവല്‍ക്കരിക്കുവാനും സഹായിക്കാനും ലഭിക്കുന്ന ഒരവസരവും സിദ്ധീഖ് പാഴാക്കാറില്ല. വിവിധ സംഘടനകളുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന നോമ്പു തുറ പരിപാടികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ രക്ത ദാന ക്യാമ്പുകള്‍ മുതലായവയൊക്കെ ബോധവല്‍ക്കരണത്തിന്റെ സന്ദര്‍ഭങ്ങളാക്കി മാറ്റും. ഇത്തരം വേദികളില്‍ ഹെല്‍പ് ഡെസ്‌ക് സ്ഥാപിച്ചും വാട്‌സ് അപ്പ് നമ്പറുകള്‍ ശേഖരിച്ച് ഗ്രൂപ്പുകളാക്കി ബോധവല്‍ക്കരണ സന്ദേശങ്ങള്‍ കൈമാറിയുമൊക്കെ സിദ്ധീഖ് അവസരം പ്രയോജനപ്പെടുത്തും.
സിദ്ധീഖിന്റെ വാട്‌സ് ആപ്പില്‍ നിത്യവും വരുന്ന മെസേജുകളധികവും പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ടതാണെന്നത് സ്വാഭാവികം മാത്രം. എല്ലാവരേയും ആശ്വസിപ്പിച്ചും സാധ്യമാകുന്ന പരിഹാര നടപടികള്‍ നിര്‍ദേശിച്ചും സേവനത്തിന്റെ മഹിത മാതൃകയാണ് സിദ്ധീഖ് സമ്മാനിക്കുന്നത്. തൊഴിലാളികളിലേക്കെത്തി അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും അവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കുവാന്‍ സാധിക്കുകയും ചെയ്യുക എന്നത് ചെറിയ കാര്യമല്ല.
കേന്ദ്ര- കേരള സര്‍ക്കാറുകളുടെയും പ്രവാസി ക്ഷേമ പദ്ധതികളില്‍ അംഗങ്ങളാവാന്‍ സഹായ സഹകരണങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ 2018 മുതല്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി ഓര്‍ഗനൈസേഷന്റെ പ്രസിഡണ്ടാണ് സിദ്ധീഖ്. പ്രവാസികള്‍ക്കായി നൂറ് കണക്കിന് സംഗടനകളുണ്ടെങ്കിലും ക്ഷേമ പദ്ധതികളെ പരിചയപ്പെടുത്താനും പ്രയോജനപ്പെടുത്താനുമായും മാത്രമായൊരു കൂട്ടായ്മ എന്ന നിലക്ക് പ്രവാസി മലയാളി ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനങ്ങള്‍ ശ്‌ളാഘനീയമാണ് . ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളിലൂടെ ധാരാളം പേരെ വിവിധ ക്ഷേമപദ്ധതികളില്‍ അംഗങ്ങളാക്കാനും ആനുകൂല്യങ്ങള്‍ നേടികൊടുക്കാനും സാധിച്ചിട്ടുണ്ടെന്ന് സിദ്ധീഖ് പറഞ്ഞു.
കൊറോണ രൂക്ഷമായ ഘട്ടത്തില്‍ കൊറന്റൈനില്‍ ഉള്ളവരെ ബന്ധപ്പെട്ട് മാനസിക പിന്തുണ നല്‍കുക, അവരുടെ കുടുംബങ്ങളെ നാട്ടില്‍ വിളിച്ചു ആശ്വാസം പകരുക, വിവിധ സംഘടനകളുടേയും നോര്‍ക്ക ഹെല്‍പ് ഡസ്‌കിന്റേയും സഹകരണത്തോടെ റൂമുകളില്‍ ഭക്ഷണ കിറ്റ് എത്തിക്കുക തുടങ്ങി വിവിധ സേവനങ്ങളില്‍ സിദ്ധീഖ് സജീവമായിരുന്നു. പ്രവാസി ക്ഷേമ നിധി ഡയറക്ടര്‍ ഇഎം സുധീര്‍, ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐസിബിഎഫ് മുന്‍ ആക്ടിംഗ് പ്രസിഡന്റ് വിനോദ് വി നായര്‍, ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഇന്‍കാസ് പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ, ജൂട്ടാസ് പോള്‍, തുടങ്ങിയവരൊക്കെ സിദ്ധീഖിന്റെ പ്രവര്‍ത്തനങ്ങളെ പ്രചോദിപ്പിച്ചവരാണ് .
ഐസിബിഎഫും ഇന്‍കാസും സിദ്ധീഖിന്റെ സേവനങ്ങള്‍ പരിഗണിച്ച് മെമന്റോ നല്‍കി ആദരിച്ചിട്ടുണ്ട്.
കലയും സംഗീതവും ആസ്വദിക്കുന്ന സിദ്ധീഖ് നാദം ദോഹ, മാപ്പിള കലാ അക്കാദമി തുടങ്ങിയവയുടെ വേദികളില്‍ പാടിയും തന്റെ സാന്നിധ്യം അടയാളപ്പെടുത്താറുണ്ട്. ഇന്‍കാസ് ഖത്തര്‍ മലപ്പുറം ജില്ലാ വൈസ് -പ്രസിഡണ്ട്, ഖത്തര്‍ നൂറുല്‍ ഇസ് ലാം കമ്മിറ്റി വൈസ്- പ്രസിഡണ്ട്, ചങ്ങരംകുളം പ്രവാസി അസോസിയേഷന്‍ വൈസ്-പ്രസിഡണ്ട്, നാദം ദോഹ കോര്‍ഡിനേറ്റര്‍, ചെയര്‍മാന്‍ – കേരള മാപ്പിള കലാ അക്കാദമി ചങ്ങരംകുളം മേഖല തുടങ്ങി
വിവിധ കൂട്ടായ്മകളുടെ ഭാഗമായ സിദ്ധീഖ് പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങളാലാണ് കൂടുതല്‍ ശ്രദ്ധേയനാകുന്നത്.
ബുഷ്‌റയാണ് ഭാര്യ. തന്റെ സേവന പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന സഹധര്‍മിണിയാണ് പ്രവര്‍ത്തനത്തിലെ ഏറ്റവും വലിയ കരുത്ത്. ഷഹബാസ്, ഷഹ്സാദ്, മുഹമ്മദ് റസല്‍ എന്നിവര്‍ മക്കളാണ് .