ഈദ് അവധിക്ക് ഒരുങ്ങി ഖത്തറിലെ ബീച്ചുകളും ദ്വീപുകളും
ദോഹ: ഈദുല്‍ ഫിത്വര്‍ അവധിക്കാലത്ത് സന്ദര്‍ശകരെ സ്വീകരിക്കാന്‍ ഖത്തറിലെ 26 ബീച്ചുകളും അഞ്ച് ദ്വീപുകളും ഒരുക്കിയതായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പൊതു ശുചിത്വ വകുപ്പ്
അറിയിച്ചു. 80 ശുചീകരണ വാഹനങ്ങളോടെ 47 സൂപ്പര്‍വൈസര്‍മാരും 205 തൊഴിലാളികളുമടങ്ങുന്ന സംഘമാണ് ബീച്ചുകളും ദ്വീപുകളും സജ്ജീകരിച്ചത്.
അല്‍ റുവൈസ് ബീച്ച് (പൊതുജനങ്ങള്‍ക്കായി), അല്‍ ഘരിയ ബീച്ച് (കുടുംബങ്ങള്‍ക്ക്), അബു സലൂഫ് ബീച്ച് (കുടുംബങ്ങള്‍ക്ക്), ഫുവൈര്‍ട്ട് ബീച്ച് (പൊതുജനങ്ങള്‍ക്കായി), അല്‍ സഖിറ ബീച്ച് (കുടുംബങ്ങള്‍ക്കായി), അല്‍ ഖോറിലെ അല്‍ ഫെര്‍ക്കിയ ബീച്ച് (കുടുംബങ്ങള്‍ക്ക്), സിമൈസ്മ ബീച്ച് (സ്ത്രീകള്‍ക്ക്), സിമൈസ്മ ബീച്ച് (കുടുംബങ്ങള്‍ക്ക്), ദുഖാന്‍ ബീച്ച് (പൊതുജനങ്ങള്‍ക്ക്), അല്‍ വക്ര ബീച്ച് (പൊതുജനങ്ങള്‍ക്ക്), അല്‍ വക്ര ബീച്ച് (കുടുംബങ്ങള്‍ക്ക്), അല്‍ ഖറൈജ് ബീച്ച് (അവിവാഹിതര്‍ക്കും തൊഴിലാളികള്‍ക്കും), സീലൈന്‍ ബീച്ച് (കുടുംബങ്ങള്‍ക്കായി), സീലൈന്‍ ബീച്ച് (പൊതുജനങ്ങള്‍ക്കായി), അഡായ്ഡ് ബീച്ച് (പൊതുജനങ്ങള്‍ക്ക്) എന്നിവയാണ് പ്രധാന ബീച്ചുകള്‍
ബീച്ചുകളില്‍ നടപ്പാതകള്‍, വ്യത്യസ്ത ഡിസൈനുകളുടെ ഷേഡുകള്‍, സ്ഥിരമായ ടോയ്ലറ്റുകള്‍, കിയോസ്‌ക്കുകള്‍, ബാര്‍ബിക്യൂ ഏരിയകള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍, വോളിബോള്‍, ഫുട്ബോള്‍ ഗ്രൗണ്ടുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. പ്രത്യേക ആവശ്യങ്ങളുള്ള ആളുകള്‍ക്ക് കടലിലേക്ക് പ്രവേശനം നല്‍കുന്നതിനായി ചില ബീച്ചുകളില്‍ പ്രത്യേക നടപ്പാതകളും നിര്‍മ്മിച്ചിട്ടുണ്ട്. മിക്കവാറും എല്ലാ ബീച്ചുകളുടെയും ലൈറ്റിംഗ് സംവിധാനം സൗരോര്‍ജ്ജം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
സന്ദര്‍ശകര്‍ നേരിട്ട് നിലത്ത് തീ കൊളുത്തുന്നത് ഒഴിവാക്കണം. കരി ചാരം മണലില്‍ കുഴിച്ചിടാതിരിക്കുക, മാലിന്യങ്ങള്‍ നിയുക്ത മാലിന്യ പാത്രങ്ങളില്‍ വലിച്ചെറിഞ്ഞ് ശുചിത്വം പാലിക്കുക എന്നിവയും ശ്രദ്ധിക്കമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.