Uncategorized

നിരന്തരമായ പ്രചോദനം കര്‍മ രംഗത്ത് വിപ്‌ളവം സൃഷ്ടിക്കും : അബ്ബാസ് ബീഗം

കാസര്‍കോട് : കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും പ്രചോദനം പ്രധാനമാണെന്നും നിരന്തരമായ പ്രചോദനം കര്‍മ രംഗത്ത് വിപ്‌ളവം സൃഷ്ടിക്കുമെന്നും കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം അഭിപ്രായപ്പെട്ടു. പ്രവാസി ഗ്രന്ഥകാരനായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയ മന്ത്രങ്ങള്‍ എന്ന പുസ്തക പരമ്പര കേരളത്തിലെ പ്രധാന പബ്‌ളിക് ലൈബ്രറികളില്‍ ലഭ്യമാക്കുക എന്ന കാമ്പയിന്‍ കാസര്‍കോട് നഗരസഭാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരക്ക് പിടിച്ച ജീവിതയാത്രയില്‍ പലപ്പോഴും വായന പരിമിതപ്പെടുകയാണെന്നും ഏത് പ്രായത്തില്‍പെടുന്നവര്‍ക്കും പ്രയോജനപ്പെടുന്ന ചരിത്ര കഥകളും പ്രചോദിപ്പിക്കുന്ന ഉദ്ധരണികളും ഉള്‍കൊള്ളുന്ന വിജയ മന്ത്രങ്ങള്‍ എന്ന പുസ്തക പരമ്പര വായന സംസ്‌കാരം പുനര്‍ജീവിപ്പിക്കുവാന്‍ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

യുഎഇ കെ.എം.സി.സി ട്രഷററും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ടുമായ നിസാര്‍ തളങ്കര, , ഖത്തര്‍ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡണ്ട് ആദം കുഞ്ഞി തളങ്കര, ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ലുഖ്മാന്‍ തളങ്കര എന്നിവര്‍ സംസാരിച്ചു.

പ്രമുഖ സംരംഭകനും ഖത്തര്‍ കെ.എം.സി.സി ഉപദേശക സമിതി ചെയര്‍മാനുമായ ഡോ. എം.പി ഷാഫി ഹാജിയാണ് കാസര്‍കോട് ജില്ലയിലെ പത്ത് പബ്‌ളിക് ലൈബ്രറികള്‍ക്ക് വിജയ മന്ത്രങ്ങള്‍ ലഭ്യമാക്കുന്നത്.

6 വാല്യങ്ങളായുള്ള വിജയമന്ത്രം യുവാക്കള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രചോദനമുണ്ടാക്കുന്ന ഗ്രന്ഥമാണെന്ന് ഡോ.എം.പി ഷാഫി ഹാജി അഭിപ്രായപ്പെട്ടു.

കോവിഡ് കാലത്ത് ചലചിത്ര നടനും അധ്യാപകനുമായ ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗ്രഹീത ശബ്ദത്തില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ നെഞ്ചേറ്റിയ പോഡ്കാസ്റ്റാണ് വിജയമന്ത്രങ്ങള്‍ എന്ന പേരില്‍ പുസ്തക പരമ്പരയായതെന്നും പരമ്പരയിലെ ഏഴാം ഭാഗം നവംബറില്‍ ഷാര്‍ജയില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്യുമെന്നും ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.
കേരളത്തിലെ 14 ജില്ലകളിലേയും പ്രധാന പബ്‌ളിക് ലൈബ്രറികള്‍ക്ക് പുസ്തകം ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്‌ളിക്കേഷന്‍സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

ഷാഫി എ.നെല്ലിക്കുന്ന് സ്വാഗതവും ഡോ. അമാനുല്ല വടക്കാങ്ങര നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!