ഓര്‍മ്മകളുടെ കുളിര്‍മഴ പെയ്തിറങ്ങിയ സര്‍ സയ്യിദ് കോളേജ് അലുംനി ഖത്തര്‍ ചാപ്റ്റര്‍ റിട്രോ വൈബ് 2024 സമാപിച്ചു
ദോഹ: ഖത്തറില്‍ താമസിക്കുന്ന തളിപ്പറമ്പ സര്‍ സയ്യിദ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ സ്‌കോസ ഖത്തര്‍ ചാപ്റ്റര്‍ നവംബര്‍ ഒന്ന് മുതല്‍ ആരംഭിച്ച മെംബര്‍ഷിപ്പ് ഡ്രൈവിന്റെ സമാപനം കുറിച്ച് കൊണ്ട് നടത്തിയ മെമ്പേഴ്‌സ് ഫാമിലി മീറ്റ്അപ്പ് റിട്രോ വൈബ് 2024 ന് ഉജ്വല സമാപനം.
വക്രയിലെ റോയല്‍ പാലസ് റെസ്റ്റോറന്റില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം സ്‌കോസ ഖത്തര്‍ പ്രഡിഡന്റ് ഹാരിസ്.സി യുടെ അധ്യക്ഷതയില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് അലുംനി അസോസിയേഷന്‍ കേരള പ്രസിഡന്റ് അബ്ദുല്‍ അസീസ് നിര്‍വഹിച്ചു.
അനീസ് പള്ളിപാത്ത്, ഫൈസല്‍ എകെ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.
തുടര്‍ന്ന് നടന്ന മീറ്റ് ആന്റ് ഗ്രീറ്റ് പരിപാടിയില്‍ 1967 നും 2024 നും ഇടയില്‍ സര്‍ സയ്യിദ് കോളേജില്‍ പഠനം നടത്തിയ വിവിധ തലമുറയില്‍ പെട്ട പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അവരുടെ മധുരിക്കുന്ന ക്യാമ്പസ് ഓര്‍മകളും അനുഭവങ്ങളും പങ്കുവെച്ചപ്പോള്‍ സദസ്സ് അക്ഷരാത്ഥത്തില്‍ കോളേജ് ക്യാമ്പസും ക്ലാസ് മുറിയുമായി മാറി. സര്‍ സയ്യിദിലെ ഹോസ്റ്റല്‍ ജീവിതവും, ക്യാമ്പസ് പ്രണയവും, കോളേജ് കാന്റീനും, എന്‍സിസി, എന്‍എശ് എസ് ,ടൂറിസം ക്ലബ് ക്യാമ്പുകളും , പ്രാക്ടിക്കല്‍ ലാബുകളും, കോളേജ് ലൈബ്രറിയും, യൂണിവേഴ്‌സിറ്റി കലോത്സവവും, കോളേജ് യൂണിയന്‍ ഇലക്ഷനും, സ്‌പോര്‍ട്‌സ് മീറ്റുകളും, പ്രകൃതി പഠന യാത്രകളും എന്ന് വേണ്ട രമേട്ടന്റെ കടയും ,ആര്‍കെ യുടെ ലൈമും മുട്ട പപ്‌സും , ഷാദുലിക്കന്റെ പഴം പൊരിയും പരിപ്പ് വടയും വരെ ഓര്‍മകളായി പെയ്തിറങ്ങിയപ്പോള്‍ പലരുടെയും മനസ്സും കണ്ണും നിറഞ്ഞു. തിരക്ക് പിടിച്ച പ്രവാസ ജീവിതത്തിനിടയില്‍ ഓര്‍മകളുടെ കുളിര്‍ മഴ പെയ്യിപ്പിച്ച മീറ്റ് ആന്റ് ഗ്രീറ്റ് ന് ടോസ്റ്റ് മാസ്റ്റര്‍ നുഫൈസയും സുബൈര്‍ കെ.കെയുമാണ് നേതൃത്വം നല്‍കിയത്.
പിന്നീട് നടന്ന സ്റ്റേജ് പരിപാടി യൂണിവേഴ്‌സിറ്റി കലോത്സവത്തെ ഓര്‍മ്മിപ്പിക്കും വിധമുള്ളതായിരുന്നു. പൂര്‍വ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച പാട്ടും, കവിതയും, ഡാന്‍സും, മുട്ടിപ്പാട്ടും കൂടാതെ കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും അറബിക് ട്രഡീഷണല്‍ ഡാന്‍സും, ലൈവ് മ്യൂസിക്കല്‍ ഫ്യൂഷനും കൂടിയായപ്പോള്‍ റിട്രോ വൈബ് 2024 പഴയ കോളേജ് ലൈഫിന്റെ പുനരാവിഷ്‌കരണമായി മാറി.
സ്‌കോസ ജനറല്‍ സെക്രട്ടറി ഷൈഫല്‍ സീന്റകത്തിന്റെ സ്വാഗത ഭാഷണത്തോടെ തുടങ്ങിയ പരിപാടിക്ക് ട്രഷറര്‍ സഹദ് നന്ദി പറഞ്ഞു.