റീട്ടെയില്‍ മാര്‍ട്ട് ഡയറക്ടര്‍ മുഹമ്മദ് അസ്ലമിന് വൈകാരികമായ വിട
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ :കഴിഞ്ഞ ദിവസം അന്തരിച്ച ഖത്തറിലെ പ്രമുഖ വ്യവസായിയും ന്യൂ ഇന്ത്യന്‍ സൂപ്പര്‍മാര്‍ക്കറ്റ്, അല്‍ അന്‍സാരി ആന്റ് പാര്‍ട്ണേഴ്സ്, അരോമ ഇന്റര്‍നാഷണല്‍,ആപ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ഫ്ളാവേര്‍സ് ഇന്റര്‍നാഷണല്‍, റീട്ടെയില്‍ മാര്‍ട്ട് ഗ്രൂപ്പുകളുടെ ഡയറക്ടറുമായിരുന്ന പി.ടി മുഹമ്മദ് അസ്ലമിന് സഹപ്രവര്‍ത്തകരും ബന്ധുക്കളും വൈകാരികമായ വിട നല്കി . ഇന്ന് ളുഹര്‍ നമസ്കാരാനന്തരം അബൂഹമൂര്‍ പള്ളിയില്‍ നടന്ന മയ്യിത്ത് നമസ്കാരത്തില്‍ സാമൂഹ്യ സാംസ്കാരിക വ്യാപാര മേഖലകളിലെ നൂറ് കണക്കിനാളുകളാണ് ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒപ്പം ചേര്‍ന്നത്.
തുടര്‍ന്ന് മൂന്ന് പതിറ്റാണ്ടിലേറെകാലം തന്റെ സജീവ തട്ടകമായിരുന്ന ദോഹയുടെ പരിസരത്തുനിന്നും ശാശ്വതമായ ലോകത്തേക്കുള്ള അനിവാര്യമായ യാത്രക്കുള്ള ഒരുക്കങ്ങളായിരുന്നു. നട്ടുച്ച വെയിലത്ത്് അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് അസ് ലമിന് പ്രാര്‍ഥനയില്‍ കുതിര്‍ന്ന അന്ത്യോപചാരങ്ങളര്പ്പിച്ചപ്പോള് മണല്‍തരികള്‍പോലും കണ്ണീരില്‍ കുതിരുന്നതുപോലെ. സ്നേബഹുമാനങ്ങളോടെ ഓരോരുത്തരേയും എന്തുമാത്രം അദ്ദേഹം സ്പര്‍ശിച്ചിരുന്നുവെന്ന് ബോധ്യപ്പെടുത്തിയ നിമിഷങ്ങള്‍. തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിന്റെ മൃതദേഹം അബൂ ഹമൂര്‍ ഖബര്സ്്ഥാന് ഏറ്റുവാങ്ങിയപ്പോള്‍ വിങ്ങുന്ന മനസും പ്രാര്‍ഥനകളും മാത്രമാണ് ബാക്കിയായത്.
ജീവിതത്തില്‍ എല്ലാവര്ക്കും അനിവാര്യമായ തിരിച്ചുപോക്കിന് മനുഷ്യര്‍ക്ക് മനസ്സിലാവുന്ന യാതൊരുമാനദണ്ഡങ്ങളുമില്ലെന്ന് ബോധ്യപ്പെടുത്തിയ വേര്‍പാട് സ്വന്തക്കാരിലും സുഹൃത്തുക്കളിലും നൊമ്പരമുണര്‍ത്തി
വളരെ ചെറുപ്പത്തിലേ ഖത്തറിലെത്തി പിതാവിനൊപ്പം എല്ലാ കാര്യങ്ങളിലും സജീവമായാണ് അസ് ലം ജീവിതം അടയാളപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് അസ്ലമിന്റെ മരണവാര്‍ത്ത പുറത്തുവന്നത്. അനുശോചന സന്ദേശങ്ങളും പ്രാര്‍ഥനകളുമായി സാമൂഹ്യ മാധ്യമങ്ങള്‍ നിറഞ്ഞുനിന്നപ്പോള്‍ സ്വന്തം ജീവിതത്തില്‍ സുഹൃത്തുക്കള്‍ക്ക് എന്ത് മാത്രം പ്രാധാന്യമാണ് അസ് ലം നല്‍കിയിരുന്നതെന്ന് ബോധ്യപ്പെടും. ജീവിതം നശ്വരമാണ് . ഏത് നിമിഷവും തിരശ്ശീല വീഴാം. അതിനാല്‍ ജീവിച്ചിരിക്കുമ്പോള്‍ സ്നേഹിച്ചും നല്ല കാര്യങ്ങളില്‍ സഹകരിച്ചും ജീവിതം അടയാളപ്പെടത്തണമെന്ന ഓര്മിപ്പപ്പെടുത്തലാണ് ഓരോ മരണങ്ങളും.