Breaking News

ഹാജി കെ.വി. അബ്ദുല്ലക്കുട്ടിയെ അനുസ്മരിച്ച് പ്രവാസി സമൂഹം

ദോഹ. കഴിഞ്ഞ ദിവസം മരണപ്പെട്ട ദീര്‍ഘകാല ഖത്തര്‍ പ്രവാസിയും സാമൂഹ്യ, വിദ്യഭ്യാസ, സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ഹാജി കെവി അബ്ദുല്ലക്കുട്ടി അനുശോചന യോഗവും അനുസ്മരണ സംഗമവും എംഇഎസ് സ്‌കൂളില്‍ വെച്ച് നടന്നു. സിജി ദോഹ ചാപ്റ്റര്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ സംഘടനാ പ്രതിനിധികളും മറ്റു പ്രമുഖരും സംബന്ധിച്ചു.

കര്‍മ്മ നൈരന്തര്യത്തിന്റെ പര്യായമായി വിസ്മയ ജീവിതം കാഴ്ച വെച്ച അബ്ദുല്ലക്കുട്ടിയുടെ ജീവിതം പുതു തലമുറ ആവര്‍ത്തിച്ച് പഠിക്കേണ്ട പാഠപുസ്തകമാണെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സേവനം മുഖമുദ്രയാക്കിയ അദ്ദേഹം ജീവിതാന്ത്യം വരെ പ്രവര്‍ത്തന രംഗത്ത് നിറഞ്ഞു നില്‍ക്കുകയായിരുന്നു. വലിപ്പച്ചെറുപ്പമില്ലാതെ പരിചയപ്പെട്ടവരോട് മുഴുവന്‍ സൗഹൃദം സൂക്ഷിക്കാന്‍ സാധിച്ചതിന്റെ അനുഭവം എല്ലാവരും പങ്കുവെച്ചത് ഹൃദ്യമായ അനുഭവമായി.

ഔപചാരിക വിദ്യാഭ്യാസം കാര്യമായി ലഭിച്ചില്ലെങ്കില്‍ പോലും അസാമാന്യമായ ഭാഷാപാഠവവും നയതന്ത്ര ചാതുരിയും പുലര്‍ത്തിയ അദ്ദേഹം വിദ്യാഭ്യാസ രംഗത്ത് കാര്യമായ സംഭാവനകളാണ് സമര്‍പ്പിച്ചത്. വിദ്യാഭ്യാസ തൊഴില്‍ ഗൈഡന്‍സ് രംഗത്ത് 3 പതിറ്റാണ്ടോളമായി പ്രവര്‍ത്തിക്കുന്ന സിജിയുമായി തുടക്കം മുതല്‍ സഹകരിച്ച് പ്രവര്‍ത്തിച്ച അദ്ദേഹം സിജി ദോഹ ചാപ്റ്ററിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്നു. അറിവിനോടും വിജ്ഞാനത്തോടും അടങ്ങാത്ത അഭിനിവേശം പുലര്‍ത്തിയ അദ്ദേഹം ജീവിതകാലം മുഴുവന്‍ ഒരു വിദ്യാര്‍ഥിയായാണ് ജീവിച്ചത്, അറിവിന്റെയും വിജ്ഞാനത്തിന്റെയും സദസ്സുകള്‍ പരമാവധി പ്രയോജനപ്പെടുത്താനും അവ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കാനും അദ്ദേഹം കാണിച്ച ജാഗ്രതയും ഔത്സുക്യവും പ്രശംസനീയമാണ്.

പ്രവാസം അവസാനിപ്പിച്ച് 4 വര്‍ഷം മുമ്പ് നാട്ടിലേക്ക് മടങ്ങിയെങ്കിലും വിശ്രമിക്കാതെ വിവിധ സാമൂഹ്യ വിദ്യാഭ്യാസ മുന്നേറ്റങ്ങളുടെ ഭാഗമായി നേതൃനിരയില്‍ നിന്ന് പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു.

ചന്ദ്രിക ദിനപത്രത്തിന്റെ ദോഹയില്‍ നിന്നുള്ള ആദ്യകാല റിപ്പോര്‍ട്ടറും കേരള മുസ് ലിം കള്‍ച്ചറല്‍ സെന്ററിന്റെ ആദ്യ രൂപമായ ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിന്റെ പ്രഥമ ഭാരവാഹിയുമായിരുന്ന അദ്ദേഹം ദോഹയിലെ പ്രവാസി സമൂഹത്തിന് അര്‍പ്പിച്ച സംഭാവനകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമെന്ന് വിവിധ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

സിജി ദോഹ ചാപ്റ്റര്‍ ചെയര്‍മാന്‍ ഇപി അബ്ദുല്‍ റഹിമാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം പി ഷാഫി ഹാജി, കെസി അബ്ദുല്‍ ലത്തീഫ്, എസ്എഎം ബഷീര്‍, മുനീര്‍ സലഫി, മൊയ്ദീന്‍ (സ്റ്റാര്‍ ഖത്തര്‍ ) ഖലീല്‍ എ പി , മഷൂദ് തിരുത്തിയാട്, ഹബീബു റഹ്‌മാന്‍ കിഴിശ്ശേരി, സക്കരിയ മാണിയൂര്‍, നിസാര്‍ തൗഫീഖ്, മുസ്തഫ എലത്തൂര്‍, റഷീദ് അഹ്‌മദ് എന്നിവര്‍ സംസാരിച്ചു, അഡ്വ. ഇസുദ്ദീന്‍ സ്വാഗതവും ഫൈസല്‍ നിയാസ് ഹുദവി നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!