ഇന്ത്യയില്‍ നിന്നും വാക്സിനെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഇന്ത്യയില്‍ ഉപയോഗിക്കുന്ന കോവിഷീല്‍ഡ് വാക്സിന് ഖത്തര്‍ അംഗീകാരം നല്‍കിയതോടെ ക്വാറന്റൈന് ഇളവിനായി നിരവധി അപേക്ഷകരാണ് ഹമദ് പ്രോട്ടോക്കോള്‍ വിഭാഗവുമായി ബന്ധപ്പെടുന്നത്. ഏപ്രില്‍ 20 ന് ഇന്റര്‍നാഷണല്‍ മലയാളി വാര്‍ത്ത പുറത്തുവിട്ടത് മുതല്‍ ഹമദ് പ്രോട്ടോക്കോള്‍ വിഭാഗവുമായി ബന്ധപ്പെട്ട ധാരാളമാളുകളുമായി ആശയവിനിമയം നടത്തിയതില്‍ നിന്നും മനസ്സിലായ ചില കാര്യങ്ങള്‍ എല്ലാവരും ശ്രദ്ധിക്കുന്നത് ഗുണകരമാകും.
ഇന്ത്യയില്‍ നിന്നും വാക്സിനെടുക്കുന്നവര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് വാക്സിനേഷന് പോകുമ്പോള്‍ പാസ്പോര്‍ട്ടാണ് ഐഡന്റിഫിക്കേഷന്‍ രേഖയായി കൊടുക്കേണ്ടത്. ചിലരൊക്കെ ആധാര്‍ കാര്‍ഡ് രേഖയായി കൊടുത്തത് പ്രയാസം സൃഷ്ടിക്കുന്നതായാണ് അറിയുന്നത്.
പാസ്പോര്‍ട്ടിലുള്ള അതേ പോലെ തന്നെ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റിലും പേര് വേണം. നാട്ടില്‍ ഉപയോഗിക്കുന്ന ചുരുക്കപ്പേരുകളോ ഇനീഷ്യലുകളോ അനുവദിക്കില്ല.
ഗവണ്മെന്റ് പ്രാഥിമികാരോഗ്യ കേന്ദ്രങ്ങള്‍, ജില്ല ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ നിന്നും പരിശോധിക്കുന്നതാണ് നല്ലത്. സ്വകാര്യ ആശുപത്രിയില്‍ നിന്നുമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ബോധ്യപ്പെടുത്തുവാന്‍ പ്രയാസമാകും. സര്‍ട്ടിഫിക്കറ്റുകളില്‍ ക്യൂ.ആര്. കോഡ് നിര്‍ബന്ധമാണ്.
വാക്സിനേഷന്റെ ഫൈനല്‍ സര്‍ട്ടിഫിക്കറ്റാണ് സമര്‍പ്പിക്കേണ്ടത്. എന്നാല്‍ ആദ്യ ഡോസ് എടുത്ത തിയ്യതിയും സര്‍ട്ടിഫിക്കറ്റില്‍ കൃത്യമായി രേഖപ്പെടുത്തണം.