Breaking News

20 ലക്ഷം വാക്‌സിനെന്ന നാഴികകല്ല് പിന്നിട്ട് ഖത്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : 20 ലക്ഷം വാക്‌സിനെന്ന നാഴികകല്ല് പിന്നിട്ട് ഖത്തര്‍. കോവിഡ് പ്രതിരോധ രംഗത്ത് മുന്നേറ്റം നടത്തുന്ന ഖത്തറില്‍ വാക്‌സിനേഷന്‍ പ്രോഗ്രാം ഊര്‍ജ്ജിതമായി പുരോഗമിക്കുന്നു. ഡിസംബര്‍ 23ന് ആരംഭിച്ച രാജ്യത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പ്രോഗ്രാമില്‍ ഇതിനകം 20 ലക്ഷത്തിലേറെ ഡോസുകള്‍ നല്‍കിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്നലത്തെ കണക്കനുസരിച്ച് രാജ്യത്തെ പ്രായപൂര്‍ത്തിയായ ജനസംഖ്യയില്‍ ഏകദേശം 52 ശതമാനം പേര്‍ക്കും ഒരു ഡോസ് വാക്‌സിന്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്. 36 ശതമാനത്തിലേറെ പേരും രണ്ട് ഡോസ് വാക്‌സിനുകളും പൂര്‍ത്തിയാക്കിയവരാണ്.

രാജ്യത്ത് 80 മുതല്‍ 90 ശതമാനം വരെ ആളുകള്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നതോടെ രാജ്യം പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിനേഷന്‍ പ്രോഗ്രാമിന് വലിയ സ്വീകാര്യതയാണ് ഖത്തറിലെ സ്വദേശികളും വിദേശികളുമായ ജനങ്ങളില്‍ നിന്നും ലഭിക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം പറഞ്ഞു.

വാക്‌സിനേഷന്‍ കൂടുതല്‍ ജനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത ദിവസങ്ങളില്‍ തന്നെ മുപ്പത് വയസ്സ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുവാനുള്ള തയ്യാറെടുപ്പിലാണ് പൊതുജനാരോഗ്യ മന്ത്രാലയം. മുപ്പത് വയസ്സ് പ്രായമുള്ള എല്ലാ ജീവനക്കാര്‍ക്കും വാക്‌സിന്‍ ലഭിക്കുന്നതോടെ വലിയൊരു വിഭാഗം ആളുകളിലേക്ക് പ്രത്യേകിച്ചും യുവ തൊഴിലാളികളിലേക്ക് വാക്‌സിന്‍ എത്തുമെന്നാണ് ആരോഗ്യമന്ത്രാലയം കണക്ക് കൂട്ടുന്നത്.

കമ്പനി ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും വാക്‌സിനേഷന്‍ കൊടുക്കുന്നതിനുള്ള പ്രത്യേക ഷെഡ്യൂളിംഗ് സംവിധാനം കഴിഞ്ഞ ആഴ്ചയില്‍ പൊതുജനാരോഗ്യ മന്ത്രാലയം നടപ്പാക്കിയിരുന്നു. നിരവധി കമ്പനികളാണ് ആ സൗകര്യം പ്രയോജനപ്പെടുത്തി തങ്ങളുടെ ജീവനക്കാര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നത്.

ഇന്ന് മുതല്‍ 12 വയസ്സിന്റെയും 15 വയസ്സിന്റെയും ഇടയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനെടുക്കാനുള്ള രജിസ്‌ട്രേഷന്‍ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. അതോട് കൂടി വിദ്യാര്‍ത്ഥി വിഭാഗങ്ങളിലും പ്രത്യേകിച്ച് കോവിഡിന്റെ പുതിയ തരംഗം ചെറു പ്രായത്തിലുള്ള കുട്ടികളേയും വിദ്യാര്‍ത്ഥികളെയും ബാധിക്കുമെന്ന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ ക്യാമ്പയിനും വലിയ പ്രധാന്യമുണ്ട്.

12 വയസ്സിന്റെയും 15 വയസ്സിന്റെയും ഇടയിലുള്ള താല്‍പര്യമുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഫൈസര്‍ ബയോടെക് വാക്‌സിന്‍ ലഭ്യമാക്കാനാണ് പൊതുജനാരോഗ്യ മന്ത്രാലയം ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്ന് മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. പ്രാഥമികരോഗ്യ കേന്ദ്രങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഘട്ടം ഘട്ടമായി വാക്‌സിനേഷന്‍ നല്‍കാനാണ് പരിപാടി.

 

Related Articles

Back to top button
error: Content is protected !!