Breaking News

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം, 47 കമ്പനികള്‍ക്കെതിരെ തൊഴില്‍ മന്ത്രാലയത്തിന്റെ നടപടി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: കോവിഡ് -19 മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിന് 47 കമ്പനികള്‍ക്കെതിരെ തൊഴില്‍, ഭരണ വികസന, സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ തൊഴില്‍ പരിശോധന വകുപ്പ് നടപടി സ്വീകരിച്ചു.

കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിന് കമ്പനികള്‍ പ്രയോഗിക്കേണ്ട മുന്‍കരുതല്‍ നടപടികളുമായി ബന്ധപ്പെട്ട മന്ത്രാലയം പുറപ്പെടുവിച്ച തീരുമാനങ്ങള്‍ കമ്പനികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ വര്‍ക്ക് സൈറ്റുകളിലും തൊഴിലാളികളുടെ താമസ സ്ഥലത്തും നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി.

ലുസൈലിലും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലും നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 47 കമ്പനികള്‍ പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ നടത്തിയതായി മന്ത്രാലയം അധികൃതര്‍ കണ്ടെത്തി. ബസ്സുകളില്‍ കയറ്റുന്ന തൊഴിലാളികളുടെ എണ്ണം പകുതിയായി കുറയ്ക്കാനുള്ള തീരുമാനത്തില്‍ ഈ കമ്പനികള്‍ പരാജയപ്പെട്ടു, ബസ്സുകളില്‍ കയറുമ്പോഴോ ഇറങ്ങുമ്പോഴോ തൊഴിലാളികള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കുക, മാസ്‌ക് ധരിക്കുക എന്നീ വിഷയങ്ങളിലും വീഴ്ച കണ്ടെത്തി.

നിയമം ലംഘിക്കുന്ന എല്ലാ കമ്പനികള്‍ക്കെതിരേയും നടപടിയെടുക്കുവാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് റഫര്‍ ചെയ്തതായി തൊഴില്‍ വകുപ്പ് അറിയിച്ചു

സമൂഹസുരക്ഷയും വ്യക്തി സുരക്ഷയും ഉറപ്പുവരുത്തുവാന്‍ എല്ലാ കമ്പനികളും രാജ്യത്ത് പ്രാബല്യത്തില്‍ വരുന്ന നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്നും തൊഴില്‍ മന്ത്രാലയം കമ്പനികളോടും തൊഴിലാളികളോടും ആഹ്വാനം ചെയ്തു.

Related Articles

Back to top button
error: Content is protected !!