Uncategorized

ദുനിയാവിന്റെ മറിമായം, നാളെ പുറത്തിറങ്ങും

ഡോ. അമാനുല്ല വടക്കാങ്ങര

സിംയ ഹംദാന്‍ മ്യൂസിക് കമ്പനിയുടെ ബാനറില്‍ പ്രശസ്ത കലാകാരനായ നാസര്‍ പറശ്ശിനി അണിയിച്ചൊരുക്കുന്ന ദുനിയാവിന്റെ മറിമായം നാളെ പുറത്തിറങ്ങും.
കൊറോണയും പ്രളയവുമൊക്കെ പ്രമേയമാക്കി ഒ.എം. കരുവാരക്കുണ്ട് രചിച്ച് പ്രശസ്ത മാപ്പിളപ്പാട്ട് സംഗീത സംവിധായകന്‍ മുഹ്‌സിന്‍ കുരിക്കള്‍ സംഗീതം ചെയ്ത ഗാനം ഗായക ദമ്പതികളായ ഹംദാന്‍ ഹംസയും സിംയ ഹംദാനും പാടുമ്പോള്‍ സംഗീതാസ്വാദകര്‍ക്ക് സവിശേഷമായ സമ്മാനമാകും.

നിരവധി പാട്ടുകളും ആല്‍ബങ്ങളും വഴി മാപ്പിളപ്പാട്ടാസ്വാദകരുടെ മനം കവര്‍ന്ന ഗായക ദമ്പതികളുടെ 2021 ലെ ആദ്യ സംഗീതോപഹാരമാണിത്. 2002 മുതല്‍ ആല്‍ബം രംഗത്ത് സജീവമായ ഹംദാന്‍ ഹംസ ഇതിനകം നൂറിലധികം പാട്ടുകള്‍ റിക്കോര്‍ഡ് ചെയ്തിട്ടുണ്ട്.

പ്ളസ് ടു വിദ്യാര്‍ഥിയായിരിക്കെ ടൈം പാസ് ഓഡിയോസിനു വേണ്ടി പാടിയ എന്ത് ചന്തമാണ് പെണ്ണേ നിന്റെ പുഞ്ചിരി കാണുവാന്‍ എന്ന ഗാനമായിരുന്നു ഹംദാന്റെ ആദ്യ സൂപ്പര്‍ ഹിറ്റ് ഗാനം. അത് എഴുതിയതും സംഗീതം ചെയ്തതും പാടിയതും ഹംദാന്‍ തന്നെയായിരുന്നു. സ്പീഡ് ഓഡിയോസിന് വേണ്ടി തേന്‍ എന്ന ആല്‍ബത്തിലാണ് രണ്ടാമതായി പാടിയത്. വിധു പ്രതാപ്, കെ.എസ്. രഹ്ന, സലീം കോടത്തൂര്‍ തുടങ്ങിയ പ്രമുഖരോടൊപ്പമാണ് ഈ ആല്‍ബം ചെയ്തത്. ഇതിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ലൗ ലെറ്റര്‍ എന്ന ആല്‍ബത്തില്‍ ചലചിത്ര പിന്നണിഗായിക ജ്യോത്സനയോടൊപ്പം പാടി.

ഒരു ആല്‍ബത്തിലെ മുഴുവന്‍ പാട്ടുകളും പാടി പുറത്തിറക്കുന്ന ദമ്പതികള്‍ എന്ന റിക്കോര്‍ഡ് സൃഷ്ടിക്കുവാനും അനുരാഗം എന്ന ആല്‍ബത്തിലൂടെ സിംയക്കും ഹംദാനും സാധിച്ചു. മില്ലെനിയം ഓഡിയോസ് പുറത്തിറക്കിയ മക്ക മണല്‍ എന്നതായിരുന്നു മറ്റൊരു ശ്രദ്ധേയമായ ആല്‍ബം

ഗായികയും സംഗീത അധ്യാപികയുമായ സിംയ ഹംദാന് ഈ വര്‍ഷത്തെ ഫോക് ലോര്‍ അക്കാദമിയുടെ മാപ്പിള കലക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തോളമായി ഒരു ഗായിക എന്നതോടൊപ്പം തന്നെ സ്റ്റേറ്റ് യൂത്ത് ഫെസ്റ്റിവല്‍, യൂണിവേര്‍സിറ്റി കലോല്‍സവങ്ങള്‍ തുടങ്ങി വിവിധ മല്‍സരങ്ങള്‍ക്കായി കുട്ടികളെ തയ്യാറാക്കുന്ന അധ്യാപിക എന്ന നിലക്കും സജീവമായ സിമിയയുടെ നാല്‍പതോളം പാട്ടുകള്‍ വിവിധ ആല്‍ബങ്ങള്‍ക്കും അല്ലാതെയും ഇതിനകം റിക്കോര്‍ഡ് ചെയ്തിട്ടുണ്ട്.

സമകാലിക ലോകത്ത് മനുഷ്യന്റെ ജീവിത രീതി മാറുന്നതിനനുസരിച്ച് ലോകവും രോഗങ്ങളും മാറുന്നു. പരിമിതമായ മനുഷ്യന്റെ കഴിവുകള്‍ക്കപ്പുറം കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ജഗന്നിയന്താവിലേക്ക് തിരിയുവാന്‍ പ്രേരിപ്പിക്കുന്നതാണ് ഈ ഗാനം.

സ്‌ക്കൂള്‍ കാലം തൊട്ടെ മാപ്പിളപ്പാട്ടിന്റെ കുലപതി ഒ.എം. കരുവാരക്കുണ്ടിന്റെ പാട്ടുകള്‍ പാടിയാണ് ഞാനും സിംയയും നിരവധി സമ്മാനങ്ങള്‍ നേടിയത്. ഞങ്ങള്‍ക്ക് ഗുരുതുല്യനായ അദ്ദേഹത്തിന്റെ പാട്ട് ആദ്യമായി പാടി റിക്കോര്‍ഡ് ചെയ്ത ആല്‍ബം എന്നതാകും ദുനിയാവിന്റെ മറിമായം എന്ന ഈ ആല്‍ബത്തെ ഞങ്ങള്‍ക്ക് സവിശേഷമാക്കുന്നതെന്ന് ഹംദാന്‍ പറഞ്ഞു.
ദിയാന്‍ ഹാഷ്മി ഹംദാന്‍ സിംയ ദമ്പതികളുടെ ഏക മകനാണ്.

Related Articles

Back to top button
error: Content is protected !!