IM Special

ഖത്തറിലെ ഇന്ത്യന്‍ സമൂഹവുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കാനൊരുങ്ങി ഐ.സി.ബി. എഫ്

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ഇന്ത്യന്‍ സമൂഹവുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം

( ഐ.സി.ബി. എഫ്) . കൂടുതലാളുകളിലേക്ക് എത്തുകയും ആവശ്യക്കാര്‍ക്ക് സാധ്യമാകുന്ന എല്ലാ സഹായവുമെത്തിക്കുകയും ചെയ്യുകയെന്ന ശ്രമകരമായ ദൗത്യമാണ് 2022 ല്‍ ഐ.സി.ബി.എഫ് ഏറ്റെടുത്തിരിക്കുന്നതെന്ന് പ്രസിഡണ്ട് സിയാദ് ഉസ്മാന്‍ ഇന്റര്‍നാഷണല്‍ മലയാളിയോട് പറഞ്ഞു.

സേവന സന്നദ്ധരായ മാനേജ്മെന്റും ഇന്ത്യന്‍ എംബസിയുടെ സമയാസമയങ്ങളിലുള്ള മാര്‍ഗനിര്‍ദേശങ്ങളുമാണ് ഐ.സി.ബി. എഫിന്റെ ചാലക ശക്തി .


2021 ല്‍ ഐ.സി.ബി.എഫിന്റെ അധ്യക്ഷ സ്ഥാനമേറ്റെടുക്കുമ്പോള്‍ സിയാദ് ഉസ്മാന്റെ ഏറ്റവും വലിയ യോഗ്യത ഇന്ത്യന്‍ സമൂഹത്തിന്റെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നേതൃപരമമായ പങ്ക് വഹിച്ച ഏ.കെ. ഉസ്മാന്റെ മകന്‍ എന്നതായിരുന്നെങ്കില്‍ ഇന്ന് ഐ.സി.ബി.എഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വളര്‍ച്ചക്ക് നേതൃത്വം നല്‍കിയ ടീമിന്റെ അമരക്കാരന്‍ എന്നതാകും അദ്ദേഹത്തിന് നല്‍കുന്ന വിശേഷണം. കാരണം കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് രണ്ടായിരത്തിലധികം പുതിയ അംഗങ്ങളെ ചേര്‍ത്ത് ഐ.സി.ബി. എഫിന്റെ നിലവിലെ മാനേജ്മെന്റ് ഐ.സി.ബി. എഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വളര്‍ച്ച എന്ന റിക്കോര്‍ഡ് സൃഷ്ടിച്ചു കഴിഞ്ഞു

ഇന്‍ഷ്യൂറന്‍സ്, മൃതദേഹം കയറ്റി അയക്കലും നഷ്ടപരിഹാരം വാങ്ങിക്കൊടുക്കലം, എന്‍. ആര്‍. ഐ. സെല്‍, ലീഗല്‍ സെല്‍, മെഡിക്കല്‍ അസിസ്റ്റന്‍സ് എന്നിങ്ങനെ 5 പ്രധാന സബ് കമ്മറ്റികളിലൂടെയാണ് ഐ.സി.ബി. എഫ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളെ ഉദ്ദേശിച്ചുകൊണ്ടുള്ള ഇന്‍ഷ്യൂറന്‍സ് പദ്ധതി കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള വിവിധ പരിപാടികളാണ് ആവിഷ്‌ക്കരിച്ചത്. ഇന്ത്യന്‍ സമൂഹത്തിലെ വിവിധ സംഘടനകളുമായും സ്ഥാപനങ്ങളുമായും സഹകരിച്ച് ഇന്‍ഷ്യൂറന്‍സ് പദ്ധതിയില്‍ നിരവധി പേരെ ചേര്‍ക്കാന്‍ കഴിഞ്ഞു. ഇനിയും സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്ക് എത്തിപ്പെടാനാണ് ശ്രമം .

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന നിരവധി മെഡിക്കല്‍ ക്യാമ്പുകള്‍, രക്ത ദാന ക്യാമ്പുകള്‍, പ്ളാസ്മ ഡൊണേഷന്‍ ക്യാമ്പുകള്‍ തുടങ്ങിയവയൊക്കെ ഐ.സി.ബി.എഫിന്റെ സേവന പ്രവര്‍ത്തനങ്ങളില്‍ പ്രധാനമായിരുന്നു. 75 പാവപ്പെട്ട തൊഴിലാളികള്‍ക്ക് സൗജന്യമായി ഹെല്‍ത്ത് കാര്‍ഡ് നല്‍കിയാണ് ഐ.സി.ബി. എഫ് തൊഴിലാളി ദിനം സവിശേഷമാക്കിയത്. ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഡേ അവിസ്മരണീയമാക്കുന്നതിലും ഐ.സി.ബി. എഫിന്റെ പങ്കാളിത്തമുണ്ടായിരുന്നു.

തൊഴില്‍ ക്യാമ്പുകളില്‍ നടത്തിയ ബോധവല്‍ക്കരണ പരിപാടികള്‍, യോഗ, വിദ്യാര്‍ഥി ബോധവല്‍ക്കരണം തുടങ്ങിയവയും ഐ.സി.ബി. എഫിന്റെ പ്രവര്‍ത്തനങ്ങളുടെ തൊപ്പിയിലെ പൊന്‍തൂലവുകളായിരുന്നു. കോവിഡ് കാലത്ത് നിരവധി പേര്‍ക്ക് ഭക്ഷണക്കിറ്റുകളെത്തിച്ച ഐ.സി.ബി. എഫ് തൊഴിലാളി സമൂഹത്തിന് നല്‍കിയ ആശ്വാസം ചെറുതല്ല.

കോച്ചേരി ആന്റ് പാര്‍ട്ണേര്‍സുമായി സഹകരിച്ച് നിരവധി ലീഗല്‍ ക്ളിനിക്കുകള്‍ സംഘടിപ്പിക്കുകയും അര്‍ഹരായ പ്രവാസികള്‍ക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കുകയും ചെയ്തു. പ്രവാസി പുനരധിവാസവും ക്ഷേമ പദ്ധതികളുമാണ് എന്‍. ആര്‍. ഐ. സെല്‍ കൈകാര്യം ചെയ്യുന്നത്.

കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യക്ക് ആശ്വാസമായ ഹീല്‍ ഇന്ത്യാ കാമ്പയിന്‍ പ്രത്യേകം എടുത്ത് പറയേണ്ടതാണ്. ഇന്ത്യന്‍ എംബസിയുടെ പിന്തുണയോടെ ഐ.സി.ബി. എഫ് മുന്‍കൈയെടുത്ത ഈ കാമ്പയിനിലൂടെ ഓക്സിജനും മറ്റു വൈദ്യോപകരണങ്ങളുമടക്കം ഒട്ടേറെ അവശ്യ സാധനങ്ങള്‍ നാട്ടിലേക്കെത്തിക്കുവാന്‍ സാധിച്ചു. എല്ലാ അപെക്സ് ബോഡികളെയും സഹകരിപ്പിച്ചാണ് ഐ.സി.ബി. എഫ് ഈ കാമ്പയിന്‍ വിജയിപ്പിച്ചത്.

ഇന്ത്യന്‍ ഡോക്ടേര്‍സ് ക്ളബ്ബ്, നര്‍സുമാരുടെ സംഘടനകളായ യുണീഖ്, ഫിന്‍ഖ്, ഖത്തര്‍ ഡയബറ്റിക് അസോസിയേഷന്‍, ആസ്റ്റര്‍ വളണ്ടിയര്‍മാര്‍ മുതലായവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വിമന്‍സ് വെല്‍നസ് ക്യാമ്പുകളും ശ്രദ്ധേയമായിരുന്നു. ആദ്യമായാണ് വിമണ്‍ വെല്‍നസ് കേന്ദ്രീകരിച്ച ക്യാമ്പുകള്‍ നടന്നത് എന്നതും ഈ ഉദ്യമത്തെ സവിശേഷമാക്കുന്നു. സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങളും, സ്തനാര്‍ബുദം പോലുള്ള വിഷയങ്ങളുമൊക്കെയാണ് വിമന്‍ വെല്‍നസ് ക്യാമ്പിലെ പ്രധാന വിഷയങ്ങള്‍.

ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ നടക്കുന്ന പ്രവാസി ഭാരതീയ സഹായത കാള്‍ സെന്ററും ഏറെ ഉപകാര പ്രദമാണ്. ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയത്തിന്റെ പദ്ധതിയായ ഈ സംവിധാനത്തിലേക്ക് 97444953500 എന്ന നമ്പറില്‍ ശനി മുതല്‍ വ്യാഴം വരെ രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെ വിളിക്കാം. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട ഏത് സേവനത്തിനും ഇത് ഉപയോഗപ്പെടുത്താം.

ജനസേവന പ്രവര്‍ത്തനങ്ങളിലൂടെ ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആശ്രയവും ആശ്വാസവുമായി മാറിയ ഐ.സി.ബി. എഫ് കൂടുതല്‍ ജനങ്ങളിലേക്ക് എത്തുന്നതിനുള്ള നിരന്തരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. 16 സംഘടനകളെ അഫിലിയേറ്റ് ചെയ്ത് സേവനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

1984 ല്‍ ആരംഭിച്ച ഐ.സി.ബി. എഫിന് 2006 ലാണ് ഇന്ത്യന്‍ എംബസിയില്‍ ഹെല്‍പ് ഡെസ്‌ക് ലഭിച്ചത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിശാലമായ ആസ്ഥാനത്ത് വൈവിധ്യമാര്‍ന്ന സേവന പ്രവര്‍ത്തനങ്ങളുമായാണ് ഐ.സി.ബി. എഫ് മുന്നേറുന്നത്. കൗണ്‍സിലാര്‍ സേവനങ്ങള്‍ സേവനങ്ങള്‍ക്ക് പുറമേ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇ്ന്ത്യന്‍ എംബസി നടത്തിയ കൗണ്‍സിലാര്‍ കാമ്പുകളിലും പ്രതിമാസം അംബാസിഡര്‍ നടത്തി വരുന്ന ഓപണ്‍ ഹൗസിലും ഐ.സി.ബി. എഫ് സജീവമാണ് .
കഴിഞ്ഞ ഒരു വര്‍ഷത്തെ സജീവമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും പഠിച്ച പാഠങ്ങളുമായി ഈ വര്‍ഷം കൂടുതല്‍ മെച്ചപ്പെടുത്താനാണ് ഐ.സി.ബി. എഫ് പരിശ്രമിക്കുന്നത്

Related Articles

Back to top button
error: Content is protected !!