IM Special

അനിഷ രാജേഷ്, കുടുംബ സദസുകളിലെ പാട്ടുകാരി

ഡോ. അമാനുല്ല വടക്കാങ്ങര

ഖത്തറിലെ കുടുംബ സദസുകളിലെ പാട്ടുകാരിയാണ് അനിഷ രാജേഷ്. സംഗീതത്തെ ഹൃദയതുല്യം സ്നേഹിക്കുന്ന അനിഷ പാടാന്‍ ലഭിക്കുന്ന ഒരവസരവും പാഴാക്കാറില്ല. ജോലി കഴിഞ്ഞുള്ള സമയം പാടാനും പാട്ടുകള്‍ കേള്‍ക്കാനും ഇഷ്ടപ്പെടുന്ന ഈ കോഴിക്കോട്ടുകാരി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഖത്തറിലെ സംഗീത വേദികളിലെ ശ്രദ്ധേയ സാന്നിധ്യമാണ്. കുട്ടിക്കാലം തൊട്ടേ പാടി തുടങ്ങിയ അനിഷയെ ചെറുപ്പത്തില്‍ അമ്മയാണ് പ്രോല്‍സാഹിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ നാദാപുരം സ്വദേശിയായ പ്രിയതമന്‍ രാജേഷിന്റെ പിന്തുണയോടും പ്രോല്‍സാഹനത്തോടുമാണ് അനിഷ സംഗീത വേദികളില്‍ തിളങ്ങുന്നത്. ഈയിടെ അലെസാഹ് ശാസ് മീഡിയ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷംസീര്‍ അബ്ദുല്ല നിര്‍മിച്ച് അന്‍ഷാദ് തൃശൂരിന്റെ സംഗീത സംവിധാനത്തില്‍ പുറത്തിറങ്ങിയ ഒരു കൊട്ട പൊന്നുണ്ടല്ലോ എന്ന ഗാനത്തിന്റെ റീമിക്സ് വേര്‍ഷനിലൂം അനിഷയുടെ പങ്കാളിത്തമുണ്ടായിരുന്നു.

ചെറുപ്പത്തിലേ പാട്ടുകളോട് താല്‍പര്യമുണ്ടായിരുന്നതിനാല്‍ സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചു. ലളിതഗാനം, സംഘഗാനം എന്നിവയിലാണ് കുട്ടിക്കാലത്ത് കൂടുതലും ശ്രദ്ധിച്ചത്. ഇപ്പോള്‍ സ്വസ്ഥി അക്കാദമിയില്‍ ഭരത് ലാല്‍ സാറിന്റെ കീഴില്‍ ക്‌ളാസിക്കല്‍ മ്യൂസിക് പഠിച്ചുകൊണ്ടിരിക്കുന്നുണ്ട്.

ഖത്തറിലെത്തി എട്ട് വര്‍ഷം പിന്നിട്ടെങ്കിലും സംഗീത വേദികളില്‍ അനിഷ സജീവമാകാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷമാകുന്നതേയുള്ളൂ. ഹമീദ് പല്ലത്ത് എന്ന ഫോട്ടോഗ്രാഫര്‍ , അബ്ദുല്‍ സലാം എന്ന എച്ച്.ആര്‍. മാനേജര്‍, മഞ്ജു മനോജ് എന്ന അവതാരക എന്നിവരാണ് അനിഷയെ ദോഹയിലെ പാട്ട് വേദിയിലെത്തിച്ചത്.

പാട്ടിനോടുള്ള താല്‍പര്യം കാരണം ലഭിക്കുന്ന ചെറുതും വലുതുമായ എല്ലാ വേദികളും സ്വീകരിക്കുന്നതുകൊണ്ടാകാം ഇതിനകം 50 ല്‍ അധികം വേദികളില്‍ പാട്ട് പാടാന്‍ ഈ ഗായികക്ക് സാധിച്ചത്. കൊറോണ കാരണം പരിപാടികള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ചെറിയ പരിപാടികളൊക്കെ ലഭിക്കുന്നുണ്ടെന്ന് അനിഷ പറഞ്ഞു.

ഖത്തര്‍ മലയാളികളുടെ സാംസ്‌കാരിക കൂട്ടായ്മയായ മലയാളി സമാജത്തിന്റെ പ്രവര്‍ത്തനങ്ങളിലും സജീവമാണ് അനിഷയും രാജേഷും.
ഫോട്ടോഗ്രാഫിയാണ് അനിഷയുടെ മറ്റൊരു ഹോബി. ഖത്തറിലെ ചില പരിപാടികളുടെ ഫോട്ടോഗ്രഫിയും ചെയ്തിട്ടുണ്ട്.

കോഴിക്കോട്ടെ പി.പി.വേണു ഗോപാലന്റേയും ജി.കെ. ശോഭയുടേയും ഇളയമകളായ അനിഷ എല്ലാതരം പാട്ടുകളും പാടാറുണ്ട്. മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങളൊക്കെ ഇഷ്ടപ്പെടുന്ന അവര്‍ നാടക ഗാനങ്ങളും ഭക്തി ഗാനങ്ങളും പാടാറുണ്ട്.

Related Articles

Back to top button
error: Content is protected !!