മിലിപോള്‍ ഖത്തറില്‍ 172 മില്യണ്‍ റിയാലിന്റെ കരാറുകളില്‍ ഒപ്പിട്ട് ആഭ്യന്തര മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. മിലിപോള്‍ ഖത്തറില്‍ മൂന്ന് ഖത്തറി കമ്പനികളുമായി 172 മില്യണ്‍ റിയാലിന്റെ കരാറുകളില്‍ ആഭ്യന്തര മന്ത്രാലയം ഒപ്പുവെച്ചതായി മിലിപോള്‍ ഖത്തര്‍ കമ്മിറ്റി അംഗം ബ്രിഗേഡിയര്‍ സഊദ് അല്‍ ഷാഫി പ്രഖ്യാപിച്ചു. ദോഹയിലെ മിലിപോള്‍ ഖത്തര്‍ 2021 ന്റെ മാധ്യമ കേന്ദ്രത്തില്‍ നടന്ന പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ബ്രിഗേഡിയര്‍ അബ്ദുല്ല ഖലീഫ അല്‍ മുഫ്തയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ചില ഉപകരണങ്ങളും ട്രാഫിക് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് എശ്ഹാര്‍ സെക്യൂരിറ്റി സര്‍വീസസ് കമ്പനി 3,586,248 റിയാലിന്റെ ആദ്യ കരാര്‍ കരസ്ഥമാക്കി.
161,875,000 റിയാലിന്റെ രണ്ടാമത്തെ കരാര്‍ 57 അഗ്നിശമന വാഹനങ്ങള്‍ വാങ്ങുന്നതിനായി ഫഹഡ് ട്രേഡിംഗ് ആന്‍ഡ് കോണ്‍ട്രാക്റ്റിംഗ് കമ്പനിയാണ് നേടിയത്.
സുരക്ഷാ വാഹനങ്ങളുടെ ട്രാക്കിംഗ് സംവിധാനത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിന് ആഭ്യന്തര മന്ത്രാലയവും ഐഡിയല്‍ സൊല്യൂഷനും തമ്മിലാണ് മൂന്നാമത്തെ കരാര്‍ ഒപ്പുവച്ചത്. 6826500 റിയാലിന്റെ കരാറാണിത്.
മിലിപോള്‍ ഖത്തര്‍ 2021 ന്റെ രണ്ടാം ദിവസത്തില്‍ മൊത്തം 172,287,817 റിയാലിന്റെ കരാറുകളിലൊപ്പുവെച്ചു.