ഖത്തറില്‍ വാഹനങ്ങളുടെ സ്‌പെഷ്യല്‍ നമ്പറുകള്‍ക്കുവേണ്ടിയുള്ള പതിനാലാമത് ഇലക്ട്രോണിക് ലേലം ഇന്ന് ആരംഭിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ വാഹനങ്ങളുടെ സ്‌പെഷ്യല്‍ നമ്പറുകള്‍ക്കുവേണ്ടി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നടത്തുന്ന പതിനാലാമത് ഇലക്ട്രോണിക് ലേലം ഇന്ന് (ഏപ്രില്‍ 4)് രാവിലെ 10 മണിക്ക് ആരംഭിക്കും. ലേലം ഏപ്രില്‍ 6 ന് ഉച്ചയ്ക്ക് 12 മണി വരെതുടരും.
ലേലത്തിലെ പ്രത്യേക നമ്പര്‍ പ്ലേറ്റുകളെ രണ്ട് വിഭാഗങ്ങളായി തിരിച്ച് രണ്ടിനും വെവ്വേറെ സെക്യൂരിറ്റി ഡെപ്പോസിറ്റ് നിശ്ചയിച്ചതായി മന്ത്രാലയം അറിയിച്ചു. ആദ്യ ഗ്രൂപ്പിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് 10,000 റിയാലും രണ്ടാമത്തെ ഗ്രൂപ്പിന് 5,000 റിയാലുമാണ്.
877777, 889888 എന്നിങ്ങനെയുള്ള ചില നമ്പറുകളുടെ പ്രാരംഭ വില രണ്ട് ലക്ഷം റിയാലാണ്. അതേസമയം 320320, 304040 തുടങ്ങിയ നമ്പറുകളുടെ ലേലം 50,000 റിയാലില്‍ ആരംഭിക്കുന്നു.
അവസാന കാല്‍ മണിക്കൂറിനുള്ളില്‍ വിലപേശല്‍ നടന്നാല്‍, ലേലം ചെയ്ത നമ്പറിന് മാത്രം സമയം മറ്റൊരു കാല്‍ മണിക്കൂര്‍ നീട്ടുമെന്നും മന്ത്രാലയം സൂചിപ്പിച്ചു. അവസാനത്തെ ലേലത്തിന്റെ അവസാന കാല്‍ മണിക്കൂര്‍ വരെ നടപടിക്രമങ്ങള്‍ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.
ലേലത്തില്‍ വിജയിക്കുന്ന വ്യക്തിയോ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ലേലം വിളിച്ചയാളോ പരമാവധി നാല് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ബന്ധപ്പെടണമെന്നും മന്ത്രാലയം അറിയിച്ചു. ലേലം വിളിക്കുന്നയാള്‍ പണമടയ്ക്കുന്നതില്‍ നിന്ന് പിന്മാറിയാല്‍, സെക്യൂരിറ്റി ഡെപ്പോസിറ്റ് കണ്ടുകെട്ടും.
ഒരു ബിഡ്ഡര്‍ ഒന്നിലധികം പ്രത്യേക നമ്പറുകള്‍ നേടിയാല്‍, നേടിയ എല്ലാ പ്രത്യേക നമ്പറുകള്‍ക്കുമുള്ള പേയ്മെന്റ് പൂര്‍ത്തിയാകുന്നതുവരെ അവയൊന്നും അനുവദിക്കില്ല.
ക്രെഡിറ്റ് കാര്‍ഡ് വഴിയോ ചെക്ക് വഴിയോ പണമടയ്ക്കാം.
‘ഒരു നിര്‍ദ്ദിഷ്ട നമ്പറിനായി ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ലേലം വിളിക്കുന്നയാള്‍ അതേ വിഭാഗത്തില്‍ മറ്റൊരു നമ്പറിനായി ലേലം വിളിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അയാള്‍ അധിക സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കണം,’ മന്ത്രാലയം വ്യക്തമാക്കി.
