35 കേന്ദ്രങ്ങളില്‍ വാക്സിനേഷന് പുരോഗമിക്കുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുള്ള 35 കേന്ദ്രങ്ങളിലായി കോവിഡ് വാക്സിനേഷന് പുരോഗമിക്കുകയാണെന്നും പ്രതിവാരം 130000 ഡോസുകളാണ് ഇപ്പോള്‍ നല്‍കുന്നതെന്നും പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന് മുഹമ്മദ് അല്‍ കുവാരി അഭിപ്രായപ്പെട്ടു.
721236 ഡോസ് വാക്സിനുകള്‍ ഇതിനകം നല്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19293 ഡോസ് വാക്സിനുകളാണ് നല്‍കിയത്. ആഴ്ചയില്‍ 180000 മുതല്‍ 2 ലക്ഷം ഡോസുകള്‍ നല്‍കാനാണ് ആലോചിക്കുന്നത്.
അല്‍ വകറ കോവിഡ് -19 ഡ്രൈവ്-ത്രൂ വാക്സിനേഷന് സെന്റര്‍ ഇന്ന് പ്രവര്‍ത്തനമാരംഭിക്കും. ലുസൈല്‍ സെന്റര്‍ പോലെ തന്നെയാണ് ഈ കേന്ദ്രവും പ്രവര്‍ത്തിക്കുക. രണ്ടാമത്തെ ഡോസ് വാക്സിന് മാത്രമേ ഡ്രൈവ് ത്രൂവില്‍ ലഭിക്കുകയുള്ളൂ. ഡ്രൈവ്-ത്രൂ സെന്ററുകളില്‍ ആളുകള്‍ക്ക് സമയ-നിര്‍ദ്ദിഷ്ട അപ്പോയിന്റ്മെന്റ് ആവശ്യമില്ല, രണ്ടാമത്തെ ഡോസിന്റെ നിശ്ചിത ദിവസത്തില്‍ പ്രവര്‍ത്തന സമയങ്ങളില്‍ അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും വന്ന് വാക്സിനെടുക്കാം.
രണ്ടാമത്തെ ഡോസ് നിശ്ചിത ദിവസത്തിന് മുമ്പ് ആളുകള്‍ ഡ്രൈവ് ത്രൂ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. കാരണം ഇത് വാക്സിനുകളുടെ ഫലപ്രാപ്തിയെ പ്രതികൂലമായി ബാധിക്കും.
ആദ്യ ഡോസ് കഴിഞ്ഞ് 21 ദിവസത്തിന് ശേഷം ഫൈസര്‍ വാക്സിന് ലഭിച്ച വ്യക്തികള്‍ അവരുടെ രണ്ടാമത്തെ ഡോസിന് ഹാജരാകണം, മോഡേണ വാക്സിന് സ്വീകരിക്കുന്നവര്‍ക്ക് ആദ്യ ഡോസ് കഴിഞ്ഞ് 28 ദിവസത്തിന് ശേഷമാണ് രണ്ടാമത്തെ ഡോസ് നല്‍കുക.